NEWS UPDATE

6/recent/ticker-posts

കരുതൽ കരങ്ങളിലേക്ക് അവർ പറന്നെത്തി; കൊച്ചിയിൽ വിമാനമിറങ്ങിയത് 181 പേർ

കൊച്ചി: ലോക്ഡൗൺ തുടങ്ങിയ ശേഷം അബുദാബിയിൽ  നിന്ന് പ്രവാസികളുമായുള്ള ആദ്യ വിമാനം കൊച്ചിയിലെത്തി. രാത്രി 10.13 നാണ് വന്ദേ ഭാരത് മിഷന്റെ ആദ്യ വിമാനം നെടുമ്പാശേരി വിമാനത്താവളത്തിൽ ഇറങ്ങിയത്.[www.malabarflash.com]

49 ഗർഭിണികളും നാലു കുട്ടികളും ഉൾപ്പെടെ 181 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. 30 യാത്രക്കാരെ വീതം വിമാനത്തിൽ നിന്നു പുറത്തിറക്കുന്നത്. യാത്രക്കാർക്ക് വിമാനത്താവളത്തിൽ തെർമൽ സ്കാനിങ് നടത്തുന്നുണ്ട്.

അബുദാബിയിൽ യാത്രയ്ക്കു മുന്നോടിയായി നടത്തിയ പരിശോധനകളിൽ ആരിലും കോവിഡ് 19 ലക്ഷണങ്ങൾ കണ്ടില്ല. ഇവരെ നെടുമ്പാശേരി വിമാനത്താളത്തിലെ കോവിഡ് 19 പിസിആർ പരിശോധനകൾക്ക് ശേഷം വിവിധ ജില്ലകളിലെ ക്വാറന്റീൻ കേന്ദ്രങ്ങളിലേക്കു മാറ്റുന്നത്. യാത്രക്കാരിൽ 25 പേരാണ് എറണാകുളം ജില്ലക്കാർ. ഇവരെ കളമശ്ശേരി എസ്‍സിഎംഎസ് കോളജ് ഹോസ്റ്റലിലേയ്ക്കാണ് മാറ്റുന്നത്.

തൃശൂർ ജില്ലയിൽ നിന്നുള്ള 60 യാത്രക്കാരുമായി മൂന്ന് ബസുകൾ തൃശൂർ നഗരത്തിലും ഗുരുവായൂരിലും ഒരുക്കിയ ക്വാറന്റീൻ കേന്ദ്രത്തിലേക്കാണ് പുറപ്പെടുക. കാസർകോട് ജില്ലക്കാരനായ ഏക യാത്രക്കാരന് തൽക്കാലം എറണാകുളത്താണ് ക്വാറന്റീൻ. 

ഗർഭിണികൾക്കും കുട്ടികൾക്കും പരിശോധനകൾക്കു ശേഷം രോഗലക്ഷണമില്ലെങ്കിൽ സ്വന്തക്കാർക്കൊപ്പമോ വിമാനത്താവളത്തിൽ ഒരുക്കിയ ടാക്സികളിലോ വീടുകളിലേയ്ക്ക് പോകാം. ഇവർക്ക് വീടുകളിൽ 14 ദിവസത്തെ ക്വാറന്റീനാണ് നിർദ്ദേശിച്ചിട്ടുള്ളത്. രോഗലക്ഷണമുള്ളവരെ പ്രത്യേക പാതയിലൂടെ ആംബുലൻസിലേയ്ക്ക് മാറ്റും. അവിടെ നിന്ന് കളമശേരി മെഡിക്കൽ കോളജിലേയ്ക്ക് മാറ്റും.

രോഗലക്ഷണമില്ലാത്തവർക്ക് ഹെൽത്ത് കൗണ്ടറുകളിൽ പരിശോധന നടത്തി ഇമിഗ്രേഷൻ കൗണ്ടറിൽ എത്തിച്ച് അവിടെ നിന്ന് ബാഗേജ് ഏരിയയിലേയ്ക്ക് കൊണ്ടു പോകും. ഇമിഗ്രേഷൻ കൗണ്ടറുകൾക്ക് മുമ്പിലും കൺവെയർ ബെൽറ്റിന് വശങ്ങളിലും അകലം പാലിച്ച് നിൽക്കാനുള്ള പ്രത്യേക അടയാളങ്ങൾ വച്ചിട്ടുണ്ട്. അഞ്ചാം നമ്പർ ബെൽറ്റാണ് ഇതിനായി അനുവദിച്ചിട്ടുള്ളത്. ബാഗേജുകളെ അണുനശീകരണം നടത്താൻ ഡിഫൻസ് റിസർച്ച് ഡവലപ്‌മെന്റ് ഓർഗനൈസേഷന്റെ സഹായമുൾപ്പെടെ വിപുലമായ സന്നാഹമാണ് സിയാലിൽ ഒരുക്കിയത്. 

ആകെ പത്ത് ഉദ്യോഗസ്ഥരാണ് അഞ്ച് ഇമിഗ്രേഷൻ കൗണ്ടറുകളിലായുള്ളത്. ഇവ ഗ്ലാസ് മറകൾ സ്ഥാപിച്ച് സുരക്ഷിതമാക്കിയിട്ടുണ്ട്. കോവിഡ്-19 പ്രോട്ടോക്കോൾ പാലിച്ചുകൊണ്ടുള്ള പദ്ധതിയാണ് സിയാലിൽ നടപ്പിലാക്കിയത്. 

ബാഗേജുമായി പുറത്തുവരുന്ന യാത്രക്കാരെ ജില്ലതിരിച്ചുള്ള പ്രത്യേക മേഖലയിലേയ്ക്ക് മാറ്റും. തുടർന്ന് പുറത്ത് ഒരുക്കിയ ബസുകളിലേയ്ക്ക് ഇവരെ നയിക്കും. എട്ട് കെഎസ്ആർടിസി ബസുകളാണ് ഇവിടെ തയാറായിട്ടുള്ളത്. 40 ടാക്സികളും തയാറാക്കി.

Post a Comment

0 Comments