NEWS UPDATE

6/recent/ticker-posts

രണ്ടാഴ്ച മുമ്പ് കോവിഡ് ഭേദമായ കളനാട്ടെ യുവതി വീട്ടില്‍ പ്രസവിച്ചു; ചികിത്സ നിഷേധിച്ചതായി പരാതി

കാസര്‍കോട്: കോവിഡ് ചികിത്സ കഴിഞ്ഞ് രോഗം ഭേദമായി രണ്ടാഴ്ച മുമ്പ് പരിയാരം മെഡിക്കല്‍ കോളജില്‍ നിന്നും ഡിസ്ചാര്‍ജ് ആയ ഗര്‍ഭിണിയായ യുവതി വീട്ടില്‍ പ്രസവിച്ചു. കളനാട്ടെ യുവതിയാണ് ഞായറാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ വീട്ടില്‍ വെച്ച് പ്രസവിച്ചത്.[www.malabarflash.com]

കാസര്‍കോട് ജനറല്‍ ആശുപത്രി കോവിഡ് ചികിത്സയ്ക്ക് മാത്രമായി മാറ്റിയതിനാല്‍ ചെങ്കള നായനാര്‍ ആശുപത്രിയിലാണ് സര്‍ക്കാര്‍ പ്രസവ ചികിത്സ മാറ്റിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ അമ്മയെയും കുഞ്ഞിനെയും ചെങ്കള ആശുപത്രിയിലേക്ക് 108 ആംബുലന്‍സ് വരുത്തി മാറ്റിയെങ്കിലും കോവിഡ് ചികിത്സ കഴിഞ്ഞ് വന്നത് കൊണ്ട് അവിടെ പ്രവേശിപ്പിക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറായില്ല.

ഇതിനെ തുടര്‍ന്ന് ചികിത്സ മണിക്കൂറുകളോളം വൈകിയതോടെ ബന്ധുക്കള്‍ ബഹളം വെച്ചു. ഒടുവില്‍ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രത്യേക സംവിധാനം ഒരുക്കി അവിടേക്ക് അമ്മയെയും കുഞ്ഞിനെയും മാറ്റുകയായിരുന്നു.

ഭാര്യയ്ക്ക് പ്രസവത്തിനായി നാട്ടില്‍ തന്നെയുള്ള ഏതെങ്കിലും ആശുപത്രിയില്‍ സൗകര്യം ഏര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ടിരുന്നെങ്കിലും ആരോഗ്യ വകുപ്പ് അധികൃതര്‍ പരിഗണിച്ചില്ലെന്ന് യുവതിയുടെ ഭര്‍ത്താവ് പരാതിപ്പെട്ടു. ചികിത്സ നിഷേധിക്കപ്പെട്ടതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിട്ടുണ്ടെന്നും ചില പോലീസ് ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നും മാനസീകമായ പീഡനമാണ് ഉണ്ടായതെന്നും യുവതിയുടെ ഭര്‍ത്താവ് കുറ്റപ്പെടുത്തി.

കോവിഡ് മുക്തനായി ഒരു മാസം കഴിഞ്ഞിട്ടു പോലും ഭാര്യയ്ക്കൊപ്പം ആശുപത്രിയില്‍ പോകാന്‍ പോലീസ് അനുദിക്കുന്നില്ലെന്നും യുവാവ് ആരോപിക്കുന്നു.

അതേസമയം രാവിലെ 11 മണിക്കും പിന്നീട് ഉച്ചയ്ക്ക് 12 മണിക്കും പോലീസിന്റെ ഫ്ളയിംഗ് സ്‌ക്വാഡ് രണ്ട് തവണ ഇവരുടെ വീട്ടിലെത്തി എന്തെങ്കിലും ആരോഗ്യ പ്രശ്നങ്ങളോ, ആശുപത്രിയില്‍ പോകേണ്ട സാഹചര്യമോ ഉണ്ടോയെന്ന് അന്വേഷിച്ചിരുന്നതായി മേല്‍പ്പറമ്പ് സി ഐ ബെന്നിലാല്‍ പറഞ്ഞു. എന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍ പോലീസിനെ അറിയിക്കാനും 108 ആംബുലന്‍സില്‍ അറിയിക്കാനും ആവശ്യപ്പെട്ടിരുന്നു. പ്രത്യേക നമ്പറും കൈമാറിയിരുന്നു.

ഉച്ചയ്ക്ക് ഒരു മണിയോടെയാണ് യുവതിക്ക് പെട്ടെന്ന് പ്രസവവേദന അനുഭവപ്പെടുകയും ഉടന്‍ പ്രസവിക്കുകയും ചെയ്തത്. വിവരം പോലീസ് ഫ്ളയിംഗ് സ്‌ക്വാഡിന് ലഭിച്ചതോടെ സി ഐ അടക്കമുള്ള പോലീസ് സംഘം എത്തി. 108 ആംബുലന്‍സ് പെട്ടെന്ന് പുറപ്പെട്ട് എത്തിയെങ്കിലും പ്രദേശത്തെ
ഉള്‍ഭാഗങ്ങളിലേക്ക് പോകുന്ന റോഡുകളെല്ലാം അടച്ചിട്ടിരിക്കുന്നതിനാല്‍ ചുറ്റി വളഞ്ഞാണ് വീട്ടിലേക്ക് ആംബുലന്‍സിന് എത്താന്‍ കഴിഞ്ഞത്.

ആരോഗ്യ പ്രവര്‍ത്തകര്‍ അമ്മയ്ക്കും കുഞ്ഞിനും പ്രഥമ ശുശ്രുഷ നടത്തി ആംബുലന്‍സില്‍ കയറ്റുമ്പോള്‍ ഉച്ചയ്ക്ക് രണ്ട് മണി കഴിഞ്ഞിരുന്നു. ആശുപത്രിയില്‍ എത്തിയപ്പോഴാണ് കോവിഡ് ചികിത്സ കഴിഞ്ഞുവെന്നതിന്റെ പേരില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതിന് തടസ്സവാദം ഉന്നയിച്ചത്. ഇതോടെയാണ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അടക്കമുള്ളവര്‍ ഇടപെട്ട് വൈകീട്ടോടെ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റാനുള്ള സംവിധാനം ഒരുക്കിയത്.

Post a Comment

1 Comments