NEWS UPDATE

6/recent/ticker-posts

ആരോഗ്യപ്രവർത്തക ഉൾപ്പെടെ മൂന്ന്​ മലയാളികൾ കോവിഡ്​ ബാധിച്ച്​ സൗദിയിൽ മരിച്ചു

ദമ്മാം: ആരോഗ്യ പ്രവർത്തക ഉൾപ്പെടെ മൂന്ന്​ മലയാളികൾ സൗദിയിൽ കോവിഡ്​ ബാധിച്ച്​ മരിച്ചു. ലാബ്​ ടെക്​നീഷ്യനായ പത്തനംതിട്ട എലന്തൂർ, മടിക്കോളിൽ ജൂലി മേരി സിജു (41), പത്തനംതിട്ട അടൂർ, കൊടുമൺ സ്വദേശി മുല്ലക്കൽ കിഴക്കതിൽ ഹരികുമാർ (51), തിരുവനന്തപുരം വള്ളക്കടവ് സുലൈമാൻ സ്ട്രീറ്റ് ചീലാന്തി മുക്ക്​ സ്വദേശി നസീർ (53) എന്നിവരാണ്​ കോവിഡ്​ ചികിത്സയിലായിരിക്കെ ശനിയാഴ്​ച മരണത്തിന്​ കീഴടങ്ങിയത്​.[www.malabarflash.com] 

ദമ്മാമിലെ സ്വകാര്യ മെഡിക്കൽ സെന്റെറിൽ 15 വർഷമായി ജോലി ചെയ്യുന്ന ജൂലി മേരി സിജു ആസ്​തമ രോഗിയായിരുന്നു. കോവിഡ്​ ബാധയെത്തുടർന്ന്​ രണ്ടാഴ്​ചയിലേറെയായി ദമ്മാം മെഡിക്കൽ കോംപ്ലക്സ്​ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു.

ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ ആശ്വാസകരമായ നിലയിലായിരുന്നു. എന്നാൽ ശനിയാ​ഴ്​ച ഉച്ചയോടെ നില  വഷളാവുകയും വൈകീട്ടോടെ മരണം സംഭവിക്കുകയുമായിരുന്നു.

ദമ്മാമിലെ കലാപ്രവർത്തന മേഖലകളിൽ സജീവമായിരുന്നു ജൂലിയുടെ കുടുംബം. ഭർത്താവ്: മാത്യു എബ്രഹാം സിജു നാപ്​കോ കമ്പനിയിലെ ജീവനക്കാരനാണ്​. മക്കൾ: എയ്​ഞ്ചലീന, ഇവാൻ.

ദമ്മാം സെക്കൻഡ്​ ഇൻഡസ്​ട്രിയൽ സിറ്റിയിലുള്ള പ്രമുഖ കമ്പനിയിൽ 25 ​ വർഷമായി ജീവനക്കാരനായ ഹരികുമാർ ​ശ്വാസ തടസ്സത്തെത്തുടർന്ന്​ ദിവസങ്ങളായി ദമ്മാം മെഡിക്കൽ കോംപ്ലക്​സ്​ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ശ്വാസതടസ്സം അനുഭവപ്പെടുകയും പനിയുടെ ലക്ഷണങ്ങൾ പ്രകടമാവുകയും ചെയ്​തതിനെ തുടർന്നാണ്​ ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്​. തുടർന്നുള്ള പരിശോധനയിൽ കോവിഡ്​ സ്​ഥരീകരിച്ചിരുന്നു.

ദിവസങ്ങൾക്ക്​ മുമ്പ്​ രോഗം കലശലാവുകയും വെന്റിലേറ്ററിലേക്ക് മാറ്റുകയും ചെയ്​തിരുന്നു. ശനിയാഴ്​ച രാവിലെ 10 ഓടെയായിരുന്നു മരണം. ഭാര്യ: അനിത. മക്കൾ: ഹരിത, ഹേമന്ത്​.

ഹാഇലിലെ ഒരു റെഡിമെയ്ഡ് വസ്​ത്ര ശാലയിൽ ജീവനക്കാരനായ നസീർ കോവിഡ്​ ബാധിച്ച് ഇവിടെ ഒരു സ്വകാര്യ ആശുപത്രിയിൽ​ ചികിത്സയിലായിരുന്നു. 27 വർഷമായി ഹാഇലിൽ പ്രവാസിയായ ഇദ്ദേഹം അവധി കഴിഞ്ഞ്​ നാട്ടിൽ നിന്നെത്തിയിട്ട്​ എട്ട്​ മാസത്തോളമായി. ഷാഹുൽ ഹമീദ്​, സഫൂറ ബീവി ദമ്പതികളുടെ മകനാണ്​. ഭാര്യ: ജുനൈദ. മക്കൾ:
അസ്‌ലം, ആമിന, അസിഫ.

Post a Comment

0 Comments