NEWS UPDATE

6/recent/ticker-posts

ദുബൈ കെ.എം.സി.സിയുടെ വിമാനങ്ങൾ 11 മുതൽ; നിരക്ക്​ 990 ദിർഹം

ദുബൈ: ദുബൈ കെ.എം.സി.സി ചാര്‍ട്ടര്‍ ചെയ്യുന്ന 43 വിമാനങ്ങളില്‍ ആദ്യ മൂന്നെണ്ണം ജൂൺ 11,12 തീയതികളിൽ ഷാർജയിൽ നിന്ന്​ കോഴിക്കോട്ടേക്ക്​ സർവീസ്​ നടത്തും.[www.malabarflash.com]

ഓരോ ഇൻഡിഗോ വിമാനത്തിലും185 വീതം യാത്രക്കാരാണുണ്ടാവുകയെന്നും 990 ദിര്‍ഹമാണ് നിരക്കായി നിശ്​ചയിച്ചിരിക്കുന്നതെന്നും ദുബൈ കെ.എം.സി.സി പ്രസിഡൻറ്​ ഇബ്രാഹിം എളേറ്റിൽ ഓൺലൈൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 11ന് ഉച്ചക്ക്​ 2.55നാണ്​ ആദ്യ വിമാനം പുറപ്പെടുക.

നിര്‍ധനരായ 10 പേര്‍ക്ക് സൗജന്യ ടിക്കറ്റ് നല്‍കും. വിമാനയാത്രക്കായി കെ.എം.സി.സിയിൽ നേരത്തേ രജിസ്​റ്റർ ചെയ്​തവരിൽ നിന്നാണ്​ സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന മുന്‍ഗണനാ വ്യവസ്ഥകളും ചട്ടങ്ങളും പാലിച്ചു കൊണ്ട്​ യാത്രക്കാരെ കണ്ടെത്തുക. 

 30 വിമാന സര്‍വീസുകള്‍ കണ്ണൂരിലേക്കും 10 എണ്ണം കൊച്ചി, തിരുവനന്തപുരം വിമാനത്താവളങ്ങളിലേക്കുമായിരിക്കും നടത്തുക. വീടുകളിൽ ക്വാറൻറീനിൽ കഴിയാൻ സൗകര്യമില്ലാത്തവർക്ക്​ പാർട്ടി സംവിധാനം ഉപയോഗിച്ച്​ ഓരോ ജില്ലയിലും അതിന്​ സൗകര്യമൊരുക്കും. 

മുസ്​ലിം ലീഗ്​ സംസ്​ഥാന പ്രസിഡൻറ്​ പാണക്കാട്​ ഹൈദറലി ശിഹാബ്​ തങ്ങളും ജനറൽ സെക്രട്ടറി കെ.പി.എ മജീദും പാർട്ടി ഘടകങ്ങൾക്ക്​ ഇതു സംബന്ധിച്ച നിർദേശം നൽകിയിട്ടുണ്ടെന്നും ഇബ്രാഹിം എളേറ്റിൽ വ്യക്​തമാക്കി.

വിമാന നിരക്കിന്റെ ഒരു വിഹിതം കെ.എം.സി.സി വഹിക്കുന്നതിനാലാണ്​ നിരക്ക്​ കുറക്കാനായത്​. ഭാവി സർവീസുകൾക്കായി എമിറേറ്റ്​സിന്റെ വലിയ വിമാനങ്ങൾ ലഭ്യമാക്കാൻ ശ്രമം നടത്തുന്നുണ്ട്​. അവ ലഭിച്ചാൽ ഒരേ സമയം 300 പേരെ നാട്ടിലെത്തിക്കാനാവും.

കോവിഡ് 19ന്റെ പ്രയാസപ്പെടുന്ന ഈ കാലഘട്ടത്തില്‍ ഏറ്റവും മികച്ച സേവന പ്രവര്‍ത്തനങ്ങളാണ് ദുബൈ സര്‍ക്കാര്‍ അധികൃതരുമായി ചേര്‍ന്നുകൊണ്ട് ദുബൈ കെ.എം.സി.സി നിര്‍വഹിച്ചു വരുന്നതെന്നും നാടണയാൻ വഴികാണാതെ നിൽക്കുന്ന ആയിരങ്ങൾക്ക്​ സുരക്ഷിതവും സുഗമവുമായ മടക്കയാത്രക്ക്​ സൗകര്യമൊരുക്കുന്നതും അതി​ന്റെ തുടർച്ചയാണെന്നും നേതാക്കൾ പറഞ്ഞു. 300ലധികം വളണ്ടിയര്‍മാരാണ് സ്വജീവന്‍ തൃണവത്ഗണിച്ച് മനുഷ്യ ജീവനുകള്‍ രക്ഷിച്ചെടുക്കാന്‍ രാപകല്‍ ഭേദമെന്യേ കോവിഡ്​ പ്രതിരോധ പ്രവർത്തനങ്ങളിൽ സജീവമായി തുടരുന്നത്​.

അല്‍വര്‍സാനിലെ ഐസൊലേഷന്‍, ക്വാറന്റീന്‍ സെന്റർ  സജ്ജീകരണം, ദേര നായിഫ്​, ബർദുബൈ, കറാമ ഹെല്‍പ് ഡെസ്‌കുകള്‍, പതിനായിരക്കണക്കിനാളുകൾക്ക്​ ഭക്ഷണ വിതരണം തുടങ്ങി ഏറ്റവും മികച്ച സേവനങ്ങൾ നടത്തിയ ദുബൈ കെ.എം.സി.സിയെ ദുബൈയിലെ ആറ്​ അംഗീകൃത ചാരിറ്റി പ്രസ്ഥാനങ്ങളിലൊന്നായി ദുബൈ സർക്കാർ ലിസ്​റ്റ്​ ചെയ്​തിട്ടുണ്ട്​. 

കോവിഡ് മൂലം മരിച്ച പ്രവാസി കുടുംബങ്ങളെ സഹായിക്കാന്‍ സര്‍ക്കാര്‍ തയാറാവണമെന്നും മരിച്ച ഓരോ പ്രവാസികളുടെയും കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപയുടെ സഹായം നല്‍കണമെന്നും ദുബൈ കെ.എം.സി.സി നേതാക്കൾ വാർത്താ സമ്മേളനത്തിൽ അഭ്യർഥിച്ചു.

ആക്ടിങ്​ പ്രസിഡൻറ്​ മുസ്തഫ വേങ്ങര, ജന.സെക്രട്ടറി മുസ്തഫ തിരൂര്‍, ട്രഷറര്‍ പി.കെ ഇസ്മായില്‍, ഓര്‍ഗ.സെക്രട്ടറി ഹംസ തൊട്ടി, സീനിയര്‍ സെക്രട്ടറി അഡ്വ. സാജിദ് അബൂബക്കര്‍, വൈസ് പ്രസിഡൻറുമാരായ റഈസ് തലശ്ശേരി, എന്‍.കെ ഇബ്രാഹിം, മുഹമ്മദ് പട്ടാമ്പി, സെക്രട്ടറിമാരായ കെ.പി.എ സലാം, ഒ.മൊയ്തു, അഡ്വ. ഇബ്രാഹിം ഖലീല്‍ തുടങ്ങിയവരും വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു

Post a Comment

0 Comments