NEWS UPDATE

6/recent/ticker-posts

ആഘോഷങ്ങൾക്ക് കൊഴുപ്പ് കൂട്ടേണ്ടവർ പ്രതിസന്ധിയിൽ; കോവിഡ് 19 നിബന്ധനകളിൽ വഴിമുട്ടി ആയിരക്കണക്കിന് കലാകാരന്മാർ

ഉദുമ: കോവിഡ് 19 ലോക്ഡൗണിനെ തുടർന്ന് കാവുകളിലും ക്ഷേത്രങ്ങളിലും അനുഷ്ഠാനങ്ങളും ഉൽസവാഘോഷങ്ങളും ഉപേക്ഷിക്കേണ്ടിവന്ന സാഹചര്യത്തിൽ, ദൈനംദിന ജീവിതവൃത്തിക്ക് വകയില്ലാതെ ആയിരക്കണക്കിന് കലാകാരന്മാർ ദുരിതത്തിൽ.[www.malabarflash.com]

ക്ഷേത്രോത്സവങ്ങൾ, സാമൂഹിക സാംസ്കാരിക സംഘടനകളുടെ വേദികൾ അടക്കം ഏത് ആഘോഷങ്ങൾക്കും ദൃശ്യ- ശ്രാവ്യ പൊലിമ നൽകുന്ന നാടൻ കലാ പ്രദർശന കലാകാരന്മാർ, നാടക പ്രവർത്തകർ, ചമയമൊരുക്കുന്നവർ, തെയ്യം പോലുള്ള അനുഷ്ഠാന കലാകാരന്മാർ, അതിന്റെ അണിയറ പ്രവർത്തകർ, ചിത്രകാരന്മാർ, വാദ്യോപകരണ വായനക്കാർ, സംഗീത-നൃത്ത അധ്യാപകർ, ലൈറ്റ് ആൻഡ് സൗണ്ട് തൊഴിലാളികൾ, മിമിക്രിക്കാർ തുടങ്ങി കലയെ ജീവിതോപാധിയാക്കിയ ആയിരക്കണക്കിനാളുകളാണ് ജോലിയില്ലാതെ വീടുകളിലിൽ ഒതുങ്ങിപ്പോയത്. 

ഇവരുടെ സംസ്ഥാന സംഘടനയായ 'നന്മ' യുടെ ഇടപെടലിലൂടെ കിട്ടുന്ന സർക്കാരിന്റെ ക്ഷേമനിധി പെൻഷൻ തുച്ഛമാണെന്നും അത് കിട്ടാത്തവർ ഏറെയുണ്ടെന്ന് 'നന്മ'യുടെ ഉദുമ മേഖല പ്രസിഡന്റ്‌ വരദ നാരായണനും സെക്രട്ടറി അജിത് സി.കളനാടും പറയുന്നു.

നിലവിലെ സാഹചര്യം പരിഗണിച്ച് പെൻഷൻ ആനുകൂല്യം വർധിപ്പിക്കണമെന്ന് അവർ ആവശ്യപ്പെടുന്നു. മറ്റൊരു ജോലിയും വശമില്ലാത്ത ഇവരുടെ ഏക വരുമാന മാർഗം ദൈവികമായി സിദ്ധിച്ച ഈ കല മാത്രമാണ്.
ഏറ്റവും കൂടുതൽ പരിപാടികൾ കിട്ടുന്ന ഈ സീസണിൽ നിന്ന് കിട്ടുന്ന വരുമാനം സ്വരൂപിച്ചാണ്‌ ഇവർ ശേഷിച്ച നാളുകളിൽ ജീവിച്ചു പോകുന്നതെന്ന് പാലക്കുന്ന് 'ആദി പരാശക്തി നാടൻ കലാ കേന്ദ്രം' സ്ഥാപകനും അറിയപ്പെടുന്ന പുലിക്കളി കലാകാരനുമായ നരിനാരായണൻ പറയുന്നു. 

 ഉത്സവ സീസണായാൽ മൈസൂർ, ചെന്നൈ, ഹൈദ്രബാദ് എന്നിവിടങ്ങളിൽ നിന്നും കലാകാരന്മാർ നാരായണന്റെ ട്രൂപ്പിൽ എത്താറുണ്ട്. വരുമാനമില്ലാത്തതിനാൽ സഹായത്തിനായി അവർ പതിവായി വിളിക്കുന്നുണ്ടെന്ന് അദ്ദേഹം പറയുന്നു. മറ്റൊന്നും
ചെയ്യാനില്ലാത്തതിനാൽ കുടുംബത്തോടൊപ്പം ഓലക്കുടയും
വിവിധ നാടൻ കലാരൂപങ്ങളും ഉണ്ടാക്കുകയാണിദ്ദേഹമിപ്പോൾ. 

ഉത്സവഘോഷങ്ങളുടെ ഭാഗമായി വിവിധ കലാപരിപാടികളിൽ നിന്ന് കിട്ടുന്ന പ്രതിഫലം കൊണ്ട്മാത്രം ജീവിതം മുന്നോട്ട് നയിക്കുന്ന ഒട്ടേറെ കലാകാരൻമാർ വടക്കൻ ജില്ലകളിലുണ്ട് . സമീപ സംസ്ഥാനങ്ങളിൽ നിന്ന് പോലും കലാകാരന്മാർ ഉൽസവ സീസണിൽ ജില്ലയിൽ എത്താറുണ്ട് . ഇവരുടെയൊക്കെ ജീവിതമാണ് നിലവിലെ വിലക്കുകൾ മൂലം പ്രതിസന്ധിയിലായത്‌.

Post a Comment

0 Comments