NEWS UPDATE

6/recent/ticker-posts

ശാരീരികമായി ബന്ധപ്പെട്ടശേഷം സയനൈഡ് നൽകി കൊല; സയനൈഡ് മോഹനന് 20-ാം കേസിൽ ജീവപര്യന്തം

മംഗളൂരു: വിവാഹവാഗ്ദാനം നൽകി ശാരീരികമായി ബന്ധപ്പെട്ടശേഷം 20 യുവതികളെ സയനൈഡ് നൽകി കൊന്ന കേസിലെ പ്രതി ബണ്ട്വാൾ കന്യാനയിലെ മോഹൻകുമാറി(സയനൈഡ് മോഹൻ-56)ന് അവസാന കേസിൽ ജീവപര്യന്തം ശിക്ഷ.[www.malabarflash.com] 

കാസർകോട്ടെ ആസ്പത്രി ജീവനക്കാരിയായിരുന്ന മുള്ളേരിയ കുണ്ടാർ സ്വദേശി പുഷ്പാവതി(25)യെ കൊലപ്പെടുത്തിയ കേസിലാണ് മംഗളൂരു അഡീഷണൽ ജില്ലാ ആൻഡ് സെഷൻസ് കോടതി വ്യാഴാഴ്ച ജീവപര്യന്തം ശിക്ഷ വിധിച്ചത്.

19 യുവതികളെ കൊലപ്പെടുത്തിയ കേസിൽ നേരത്തേ ആറു കേസുകളിൽ വധശിക്ഷയും 13 കേസുകളിൽ ജീവപര്യന്തവും ശിക്ഷവിധിച്ചിരുന്നു. ഇതിൽ ഒരു കേസിൽ ഹൈക്കോടതി വധശിക്ഷ ശരിവെച്ചു. രണ്ടു കേസുകളിലെ വധശിക്ഷ ജീവപര്യന്തമായി ചുരുക്കി. ബാക്കിയുള്ള വധശിക്ഷാവിധികളിൽ ഹൈക്കോടതിയുടെ ഉത്തരവ് വന്നിട്ടില്ല.

പുഷ്പാവതിയെ പരിചയപ്പെട്ട മോഹൻകുമാർ മൂന്നുതവണ ഇവരുടെ വീട്ടിൽ ചെല്ലുകയും വിവാഹവാഗ്ദാനം നൽകുകയും ചെയ്തു. 2009 ജൂലായ് എട്ടിന് സുള്ള്യയിലെ ക്ഷേത്രത്തിൽ പോകുകയാണെന്ന് പറഞ്ഞ് വീട്ടിൽനിന്നിറങ്ങിയ പുഷ്പാവതി തിരിച്ചെത്തിയില്ല. തുടർന്ന് വീട്ടുകാർ മോഹൻകുമാറിനെ ബന്ധപ്പെട്ടപ്പോൾ തങ്ങൾ വിവാഹിതരായെന്നും ഏതാനുംദിവസത്തിനകം തിരിച്ചെത്തുമെന്നും പറഞ്ഞു.

ജൂലായ് എട്ടിന് സുള്ള്യയിലെത്തിയ പുഷ്പാവതിയെയുംകൂട്ടി ബെംഗളൂരുവിലെത്തിയ മോഹൻകുമാർ അവിടെ ഹോട്ടലിൽ മുറിയെടുത്ത് ശാരീരികമായി ബന്ധപ്പെട്ടു. അടുത്തദിവസം രാവിലെ തന്ത്രപൂർവം സ്വർണാഭരണങ്ങൾ അഴിച്ചുവെപ്പിച്ചശേഷം പുഷ്പാവതിയെയും കൂട്ടി സമീപത്തെ ബസ്‌സ്റ്റാൻഡിലെത്തി. ഗർഭിണിയാകാതിരിക്കാനുള്ള ഗുളികയെന്ന് പറഞ്ഞ് സയനൈഡ് നൽകി. ഛർദിക്കാൻ സാധ്യതയുള്ളതിനാൽ ടോയ്‌ലറ്റിൽ പോയി കഴിക്കാൻ നിർദേശിച്ചു. ടോയ്‌ലറ്റിൽ കയറി ഗുളിക കഴിച്ച പുഷ്പാവതി അവിടെ കുഴഞ്ഞുവീണു.

ബസ്‌സ്റ്റാൻഡിലുണ്ടായിരുന്ന ഉപ്പാർപേട്ട് പോലീസ് സ്റ്റേഷനിലെ കോൺസ്റ്റബിൾ ഇവരെ ആസ്പത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ബസ് സ്റ്റാൻഡിൽനിന്ന് തിരികെ മുറിയിലെത്തിയ മോഹൻകുമാർ പുഷ്പാവതിയുടെ ആഭരണങ്ങളുമെടുത്ത് നാട്ടിലേക്ക് മടങ്ങി. മൂന്നര മാസത്തിനുശേഷം 2009 ഒക്ടോബർ 21-ന് മോഹൻകുമാർ മറ്റൊരു യുവതിയുടെ തിരോധാനവുമായി ബന്ധപ്പെട്ട കേസിൽ പിടിയിലായി. തുടർന്നുള്ള ചോദ്യംചെയ്യലിലാണ് പുഷ്പാവതിയടക്കം 20 യുവതികളെ കൊലപ്പെടുത്തിയ സംഭവങ്ങൾ പുറത്തുവന്നത്.


Post a Comment

0 Comments