NEWS UPDATE

6/recent/ticker-posts

മുസ്ലിം ലീഗ് നേതാവ് മെട്രോ മുഹമ്മദ് ഹാജി അന്തരിച്ചു

കാഞ്ഞങ്ങാട്: മുസ്ലിം ലീഗ് നേതാവ് മെട്രോ മുഹമ്മദ് ഹാജി (68) അന്തരിച്ചു. കോഴിക്കോട് മെയ്ത്ര ആശുപത്രിയില്‍ വെച്ച് 12.30 മണിയോടെയായിരുന്നു അന്ത്യം. അസുഖത്തെ തുടര്‍ന്ന് ഏതാനും ദിവസമായി ചികിത്സയിലായിരുന്നു.[www.malabarflash.com]

മുസ്ലിം ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം, സുന്നി യുവജന സംഘം സംസ്ഥാന ട്രഷറര്‍, കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് പ്രസിഡണ്ട് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചുവരികയായിരുന്നു.

ജില്ലയിലെ മത സാമൂഹ്യ, സാംസ്‌കാരിക, രാഷ്ട്രീയ മണ്ഡലങ്ങളില്‍ നിറ സാന്നിധ്യമായിരുന്നു മെട്രോ മുഹമ്മദ് ഹാജി. ചിത്താരി അസീസിയ അറബി കോളജ്, ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍, പെരിയ അംബേദ്കര്‍ എജുക്കേഷന്‍ ചാരിറ്റബിള്‍ ട്രസ്റ്റ് എന്നിവയുടെ ചെയര്‍മാന്‍, കെ എം സി സി യു എ ഇ കമ്മിറ്റി ഉപദേശക സമിതിയംഗം, ന്യൂനപക്ഷ വിദ്യഭ്യാസ സമിതി സംസ്ഥാന ട്രഷറര്‍, എസ് എം എഫ് കാസര്‍കോട് ജില്ലാ കമ്മിറ്റി ട്രഷറര്‍, സംസ്ഥാന കമ്മിറ്റി പ്രവര്‍ത്തക സമിതിയംഗം, ചട്ടഞ്ചാല്‍ മാഹിനാബാദ് മലബാര്‍ ഇസ്ലാമിക് കോംപ്ലക്സ് മാനേജ്മെന്റ് കമ്മിറ്റി അംഗം, കാഞ്ഞങ്ങാട് മുസ്ലിം യതീംഖാന കമ്മിറ്റിയംഗം, ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ വൈസ് പ്രസിഡന്റ്, ചിത്താരി ക്രസന്റ് സ്‌കൂള്‍ മാനേജ്മെന്റ് കമ്മിറ്റിയംഗം തുടങ്ങിയ സ്ഥാനങ്ങളും വഹിച്ചു വരുകയായിരുന്നു.

മുംബൈ കേരള വെല്‍ഫയര്‍ ലീഗ്, മുംബൈ കേരള മുസ്ലിം ജമാഅത്ത് എന്നിവയുടെ മുന്‍ പ്രസിഡന്റും റൈഫിള്‍ അസോസിയേഷന്‍ മുന്‍ ജില്ലാ ട്രഷററുമായിരുന്നു. കുവൈത്ത് കെ എം സി സിയുടെ ഇ അഹ് മദ് അവാര്‍ഡ്, ന്യൂനപക്ഷ വിദ്യഭ്യാസ സമിതിയുടെ മികച്ച വിദ്യാഭ്യാസ പ്രവര്‍ത്തകനുള്ള അവാര്‍ഡ് ഉള്‍പ്പെടെ ഒട്ടനവധി അംഗീകാരങ്ങള്‍ അദ്ദേഹത്തിന് ലഭിച്ചിരുന്നു. 

പാണക്കാട് കൊടപ്പനയ്ക്കല്‍ തറവാടുമായി വലിയ ആത്മ ബന്ധം ഉണ്ടായിരുന്ന മെട്രോ മുഹമ്മദ് ഹാജിക്ക് പരേതനായ പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങള്‍, പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ഉള്‍പ്പെടെയുള്ളവരുമായി അടുത്ത ബന്ധവും ഉണ്ടായിരുന്നു.

ചിത്താരിയിലെ പരേതരായ വളപ്പില്‍ കുഞ്ഞാമു- മുനിയംകോട് സൈനബ് ദമ്പതികളുടെ മകനാണ്. ഭാര്യ: സുഹറ. മക്കള്‍: മുജീബ്, ജലീല്‍, ഷമീം, ഖലീല്‍, കബീര്‍, സുഹൈല, ജുസൈല. മരുമക്കള്‍: ഫസല്‍ മാണിക്കോത്ത്, റൈഹാന, നിഷാന, ഷമീന, ഷമീമ, അസൂറ. സഹോദരങ്ങള്‍: അബ്ദുല്ല, ആഇശ.

Post a Comment

0 Comments