NEWS UPDATE

6/recent/ticker-posts

സിപിഎം നേതാവ് പി.കെ. കുഞ്ഞനന്തന്‍ അന്തരിച്ചു

തിരുവനന്തപുരം: പാനൂര്‍ മേഖലയിലെ പ്രമുഖ സി.പി.എം. നേതാവ് പടിഞ്ഞാറെ കുഞ്ഞിക്കാട്ടില്‍ പി.കെ.കുഞ്ഞനന്തന്‍ (72) അന്തരിച്ചു. ടി.പി.ചന്ദ്ര ശേഖരന്‍ വധക്കേസില്‍ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട് ജയില്‍ ശിക്ഷ അനുഭവിച്ചു വരികയാണ്. കേസില്‍ 13-ാം പ്രതിയായിരുന്നു.[www.malabarflash.com]

അസുഖത്തെത്തുടര്‍ന്ന് കഴിഞ്ഞവര്‍ഷം ജനവരി 14 മുതല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു.
വയറ്റിലെ അണുബാധ മൂര്‍ച്ഛിച്ചതിനെത്തുടര്‍ന്ന് ഞായറാഴ്ച രാവിലെ ഐ.സി.യുവിലേക്ക് മാറ്റി. വ്യാഴാഴ്ച രാത്രിയോടെയാണ് മരണം. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയനും ആശുപത്രിയിലെത്തി കുഞ്ഞനന്തനെ സന്ദര്‍ശിച്ചിരുന്നു.
പാനൂര്‍ മേഖലയില്‍ സി.പി.എം. വളര്‍ത്തുന്നതില്‍ വലിയ പങ്ക് വഹിച്ച കുഞ്ഞനന്തന്‍ സി.പി.എം. ഏരിയാ കമ്മിറ്റി അംഗമാണ്. ജയിലിലായിരിക്കുമ്പോഴും ഏരിയാ കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കുകയായിരുന്നു. ചന്ദ്രശേഖരനെ കൊല ചെയ്ത സംഭവത്തില്‍ കുഞ്ഞനന്തന് പങ്കില്ലെന്ന നിലപാടാണ് സി.പി.എം. നേതൃത്വം സ്വീകരിച്ചത്.
പരേതരായ കേളോത്താന്റവിടെ കണ്ണന്‍ നായരുടെയും, കുഞ്ഞിക്കാട്ടില്‍ കുഞ്ഞാനമ്മയുടെയും മകനാണ്. കണ്ണങ്കോട് യു.പി.പി സ്‌കൂളിലെ പഠനത്തിന് ശേഷം അമ്മാവന്‍ ഗോപാലന്‍ മാസ്റ്ററുടെ പാത പിന്തുടര്‍ന്ന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകനായി. ഇടയ്ക്ക് ബെംഗളുരുവിലേക്ക് പോയെങ്കിലും 1975 ല്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുന്നതിന് തൊട്ടു മുമ്പ് നാട്ടിലെത്തി. 

പാര്‍ട്ടി നിര്‍ദേശ പ്രകാരം അടിയന്തരാവസ്ഥയ്ക്കെതിരെ പാറാട് ടൗണില്‍ പ്രകടനത്തിന് നേതൃത്വം നല്‍കിയതിന് കേസില്‍ പ്രതിയായി. 15 വര്‍ഷത്തോളം കുന്നോത്തുപറമ്പ് ലോക്കല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചു.കര്‍ഷക തൊഴിലാളി യൂണിയന്‍ ജില്ല കമ്മിററിയംഗമായും പ്രവര്‍ത്തിച്ചു. 1980 മുതല്‍ പാനൂര്‍ ഏരിയാ കമ്മിറ്റി അംഗം.

എല്‍.ഐ.സി. ഏജന്റായ ശാന്ത (മുന്‍ കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്ത്, കുന്നോത്തുപറമ്പ് ഗ്രാമ പഞ്ചായത്തംഗം) യാണ് ഭാര്യ. മക്കള്‍: ശബ്ന (അധ്യാപിക, ടി.പി. ജി.എം.യു.പി.സ്‌കൂള്‍,കണ്ണങ്കോട്), ഷിറില്‍ (ദുബായ്). മരുമക്കള്‍: മനോഹരന്‍ (ഫ്രിലാന്റ് ട്രാവല്‍ എജന്റ്),നവ്യ (അധ്യാപിക,പാറേമ്മല്‍ യു.പി.സ്‌കൂള്‍),സഹോദരങ്ങള്‍: പി.കെ. നാരായണന്‍ (റിട്ട:അധ്യാപകന്‍, ടി.പി. ജി.എം.യു.പി. സ്‌കൂള്‍,കണ്ണങ്കോട് ) പരേതനായ ബാലന്‍ നായര്‍.

Post a Comment

0 Comments