നീലേശ്വരം: ചൊവാഴ്ച്ച രാത്രി കുവൈത്തിൽ നിന്നുമെത്തി സർക്കാർ മാനദണ്ഡങ്ങൾ പാലിച്ച് നീലേശ്വരം ഒമേഗ ലോഡ്ജിൽ ക്വാറൻ്റൈനിൽ പ്രവേശിച്ച പ്രവാസിയെ ബലം പ്രയോഗിച്ച് അർദ്ധരാത്രി ഇറക്കിവിട്ട നടപടിയിൽ പ്രതിഷേധിച്ച് പ്രവാസി കോൺഗ്രസ്സ് നീലേശ്വരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സമരം നടത്തി.[www.malabarflash.com]
ലോഡ്ജിലെ താമസക്കാരായിരുന്ന നാല് നഗരസഭയിലെ ജീവനക്കാർക്കും ഫോണിലൂടെ ടൂറിസ്റ്റ് ഹോമിലെ ജീവനക്കാരനെ ലൈസൻസ് റദ്ദാക്കുമെന്ന് ഭീഷണിപ്പെടുത്തി പ്രവാസിയെ ഇറക്കിവിടാനാവശ്യപ്പെട്ട നഗരസഭാ ഉദ്യോഗസ്ഥയ്ക്കെതിരെയും നടപടിയെടുക്കണമെന്നാവശ്യപ്പെട്ടായിരുന്നു നഗരസഭക്ക് മുന്നിൽ പ്രതിഷേധ സമരം നടത്തിയത്.
ജില്ലാ പ്രസിഡണ്ട് പത്മരാജൻ ഐങ്ങോത്ത് ഉദ്ഘാടനം ചെയ്തു. പ്രവാസികൾ ഭീകരന്മാരല്ലായെന്നും നമ്മുടെ നാടിൻ്റെ സാമ്പത്തിക സ്വാതന്ത്ര്യഭടന്മാരാണെന്നും പ്രവാസികളെ വേദനിപ്പിക്കുന്ന ഒരു നടപടിയും വെച്ച് പൊറുപ്പിക്കാനാവില്ലായെന്നും കുറ്റക്കാരായ ജീവനക്കാർക്കെതിരെ നടപടി സ്വീകരിക്കുന്നില്ലായെങ്കിൽ ശക്തമായ സമരങ്ങൾ ഉണ്ടാകുമെന്നും പ്രവാസികൾക്കായ് വെറും പ്രഖ്യാപനങ്ങൾ നടത്തുന്ന സർക്കാർ ഒരു ഭാഗത്തും പ്രവാസികളെ ദ്രോഹിക്കാൻ ചില സർക്കാർ ജീവനക്കാർ മറുഭാഗത്തും ജനങ്ങളെ വെല്ലുവിളിക്കുകയാണെന്നും പത്മരാജൻ പറഞ്ഞു.
കെ.രാജീവൻ അധ്യക്ഷത വഹിച്ച സമരത്തിൽ ഇ.ഷജീർ, ഗംഗാധരൻ തൈക്കടപ്പുറം, പ്രദീപ് ഒ.വി., ശശി കൊട്രച്ചാൽ, സൂരജ് തട്ടാച്ചേരി, വാസു പാലിച്ചോൻ തുടങ്ങിയവർ സംസാരിച്ചു.
0 Comments