തിരുവനന്തപുരം: കേരളത്തിൽ പുറത്തുനിന്ന് വരുന്നവരിൽ രോഗബാധ വർദ്ധിച്ചുകൊണ്ടിരിക്കേ, ഗൾഫ് രാജ്യങ്ങളിൽ നിന്ന് ഒന്നേകാൽ ലക്ഷം പ്രവാസികൾ ഉടൻ എത്തും. അതോടെ രോഗവ്യാപനത്തിനെതിരെ സംസ്ഥാനം കൂടുതൽ ജാഗ്രതയിലാവും.[www.malabarflash.com]
വന്ദേഭാരത് ദൗത്യത്തിലും ചാർട്ടേർഡ് വിമാനങ്ങളിലുമാണ് ഇത്രയും പേർ വരുന്നത്. ഗൾഫിലെ മലയാളി സംഘടനകളും സ്ഥാപനങ്ങളും 407 ചാർട്ടേർഡ് വിമാനങ്ങൾക്കാണ് അനുമതി തേടിയിട്ടുള്ളത്. ഇവയിൽ കൂടുതലും കരിപ്പൂർ, കണ്ണൂർ, നെടുമ്പാശേരി വിമാനത്താവളങ്ങളിലേക്കാണ്.
വരുന്നവരിൽ 64 ശതമാനവും തിരുവനന്തപുരം, കൊല്ലം, തൃശ്ശൂർ, എറണാകുളം, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലക്കാരാണ്. ഈ ജില്ലകളിൽ ക്വാറന്റൈൻ ശക്തമാക്കും. വീടുകളിൽ സൗകര്യമുള്ളവരെ ഹോം ക്വാറന്റൈനിലാക്കും. അല്ലാത്തവർക്ക് തദ്ദേശസ്ഥാപന അടിസ്ഥാനത്തിൽ നിരീക്ഷണ കേന്ദ്രം സജ്ജമാക്കും. ക്വാറന്റൈൻ ലംഘനമില്ലെന്ന് പൊലീസും തദ്ദേശസ്ഥാപനങ്ങളും ഉറപ്പാക്കും.
ഇതുവരെ 218 വിമാനങ്ങളിലായി 53,545 പ്രവാസികൾ എത്തിയിട്ടുണ്ട്. യു.എ.ഇ, സൗദി, കുവൈറ്റ്, ഖത്തർ എന്നിവിടങ്ങളിൽ നിന്ന് വന്നവരിലാണ് രോഗബാധ കൂടുതൽ കണ്ടത്. ഇതിൽ 665 പേർ ഐസൊലേഷനിലാണ്.
മുന്നൂറോളം ചാർട്ടേർഡ് വിമാനങ്ങൾക്ക് കേന്ദ്രം ഉടൻ അനുമതി നൽകും. ഇതിൽ അമ്പതിനായിരത്തിനും ഒരുലക്ഷത്തിനുമിടയിൽ ആളുകളെയാണു പ്രതീക്ഷിക്കുന്നത്. വിമാനം വരുന്നതിന് മൂന്നുദിവസം മുമ്പു മാത്രമേ യാത്രക്കാരുടെ പട്ടിക എംബസികൾ സർക്കാരിനു കൈമാറുകയുള്ളൂ. വരുന്നവരിൽ 64 ശതമാനവും സ്ത്രീകളും പ്രായമായവരും കുട്ടികളുമാണ്. ഇവരെ വിമാനത്താവളങ്ങളിൽ ദ്റുതപരിശോധനയ്ക്ക് വിധേയമാക്കുന്നത് പരിഗണിക്കുന്നുണ്ട്.
എത്തിയ 3692 പേർ ഗർഭിണികളായിരുന്നു. ഇതിൽ 34 പേർ കപ്പലിൽ വന്നവരാണ്. 1480 വൃദ്ധരും 4507 കുട്ടികളും വന്നു. വിദേശത്തുനിന്നും മറ്റ് സംസ്ഥാനങ്ങളിൽ നിന്നുമായി ഡിസംബർ വരെ നാട്ടിലെത്താൻ 5,59,125 പേർ നോർക്കയിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. വിദേശത്ത് നിന്ന് നോർക്കയിൽ രജിസ്റ്റർചെയ്ത് നാട്ടിലെത്തിയത് 36,200 പേരാണ്.
0 Comments