NEWS UPDATE

6/recent/ticker-posts

ഖത്തറിന് വ്യോമ പാതകള്‍ തുറന്നു നല്‍കാന്‍ സൗദി സഖ്യ രാഷ്ട്രങ്ങളോട് ട്രംപിന്റെ നിര്‍ദേശം

ദോഹ: ഖത്തര്‍ ഉപരോധം അവസാനിപ്പിക്കാന്‍ അമേരിക്കന്‍ പ്രസിഡന്റ് നേരിട്ട് രംഗത്തിറങ്ങുന്നതായി റിപ്പോര്‍ട്ട്. പ്രമുഖ ഡച്ച് പത്രം ഡിഡബ്‌ള്യു ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.[www.malabarflash.com]
അടുത്ത അമേരിക്കന്‍ പൊതു തിരഞ്ഞെടുപ്പിന് മുന്നോടിയായി ഉപരോധം അവസാനിപ്പിക്കാനാണ് ട്രംപ് ലക്ഷ്യമിടുന്നത്. ഖത്തര്‍ ഉപരോധം കൊണ്ട് അമേരിക്കന്‍ കമ്പനികള്‍ക്കുണ്ടായ നഷ്ടങ്ങള്‍ കാണിച്ച് ട്രംപിനെതിരേ പ്രചാരണം ആരംഭിക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ നിലവില്‍ തീരുമാനിച്ചിട്ടുണ്ട്. 

പ്രധാനമായും ഖത്തറിന് വ്യോമപാത തുറന്നുകൊടുക്കാനാണ് അമേരിക്കന്‍ സമ്മര്‍ദ്ദം.അമേരിക്കയുടെ ഗള്‍ഫിലെ ഏറ്റവും വലിയ സൈനിക താവളം ഖത്തറിലാണ്. പലപ്പോഴും അമേരിക്കന്‍ സൈനികര്‍ കൊമേഴ്‌സ്യല്‍ വിമാനങ്ങളില്‍ സഞ്ചരിക്കാറുണ്ട്. നിലവില്‍ ഖത്തര്‍ വിമാനങ്ങള്‍ മുഴുവന്‍ ഇറാന്‍ വ്യോമപാത വഴിയാണ് പോകുന്നത്. ഇത് ഇറാന് സാമ്പത്തിക നേട്ടമുണ്ടാക്കുന്നുണ്ട്. ഇതും അമേരിക്കന്‍ ഇടപെടലിന് കാരണമാണ്.

തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിക്കുന്നതിന് മുമ്പ് തന്നെ ഇത്തരം വിഷയങ്ങളില്‍ തീരുമാനം എടുക്കാനാണ് ട്രംപ് ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി സൗദി സഖ്യ രാഷ്ട്രങ്ങളോട് ഖത്തറിന് വ്യോമ പാതകള്‍ തുറന്നു നല്‍കാന്‍ ട്രംപ് കഴിഞ്ഞ ദിവസം നിര്‍ദേശിച്ചതായി വാള്‍ സ്ട്രീറ്റ് ജേര്‍ണല്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. 

ഇക്കാര്യത്തില്‍ സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിനെയും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനെയും ട്രംപ് ഫോണില്‍ ബന്ധപ്പെട്ടതായി വാള്‍സ്ട്രീറ്റ് ജേണല്‍ റിപോര്‍ട്ടില്‍ പറയുന്നു.

എന്നാല്‍, ഖത്തറിനെതിരേ സമ്മര്‍ദ്ദം ചെലുത്തുന്നതിന് സൗദി അറേബ്യക്കുള്ള ഏക പിടിവള്ളി വ്യോമപാത മാത്രമാണ്. അതുകൊണ്ട് തന്നെ ഇക്കാര്യത്തില്‍ വിട്ടുവീഴ്ച്ചയക്ക് സൗദി മടിക്കുമെന്നാണ് സൂചന. സാമ്പത്തികമായി ഖത്തറിനെ ഞെരുക്കാനുള്ള ശ്രമം ഏറെക്കുറെ പരാജയപ്പെട്ടിട്ടുണ്ട്. ഉപരോധം ആരംഭിച്ച് മൂന്ന് വര്‍ഷം തികയുമ്പോള്‍ മിക്ക മേഖലകളിലും ഖത്തര്‍ സ്വയംപര്യാപ്തത നേടുന്ന കാഴ്ചയാണ് കാണുന്നത്.

അതേസമയം കുവൈത്ത് അമേരിക്ക എന്നിവരുടെ മധ്യസ്ഥതയില്‍ ഖത്തര്‍ ഉപരോധം പിന്‍വലിക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നതായി ഖത്തര്‍ വിദേശകാര്യ മന്ത്രി ശെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ ആല്‍ഥാനി കഴിഞ്ഞ ദിവസം പ്രസ്താവനയില്‍ അറിയിച്ചിരുന്നു.

Post a Comment

0 Comments