NEWS UPDATE

6/recent/ticker-posts

ഷീബ വധം: കൃത്യം നടത്തിയത് അസാമുകാരിയായ കാമുകിയുടെ അടുത്തെത്താനുള്ള പണത്തിനു വേണ്ടിയെന്ന് പ്രതി

കോട്ടയം: താഴത്തങ്ങാടിയിൽ വയോധിക ദമ്പതികളെ ആക്രമിച്ച്​ കൊലയും കവർച്ചയും നടത്തിയത്​ അസമിലെ പെൺ സുഹൃത്തിനെ കാണാൻ പോകാനെന്ന്​ പ്രതി ബിലാലിന്റെ  മൊഴി.

 ഫേസ്​ബുക്ക്​ വഴി പരിചയപ്പെട്ട അസം സ്വദേശിയായ പെൺകുട്ടിയുടെ അടുത്തെത്താനുള്ള പണം കണ്ടെത്താനായിരുന്നു അരുംകൊലയെന്ന്​ 23 കാരനായ പ്രതി മൊഴി നൽകിയതായി പോലീസ്​ പറഞ്ഞു. ആസാമീസ്​, കന്നഡ ഭാഷകൾ ഇയാൾക്ക്​ അറിയാമെന്നും പോലീസ്​ പറഞ്ഞു.

വീട്ടിൽ പിതാവുമായി നല്ല ബന്ധത്തിലായിരുന്നില്ല. അതിനാൽ പണം കണ്ടെത്താൻ മറ്റുവഴിയുണ്ടായിരുന്നില്ല. എളുപ്പം പണം കണ്ടെത്താനുള്ള മാർഗം എന്ന നിലക്കാണ്​ കവർച്ചക്ക്​ പദ്ധതിയിട്ടതെന്നും പ്രതി പറഞ്ഞതായി പോലീസ്​ പറയുന്നു. ഓൺലൈൻ ചൂതാട്ടങ്ങളിലൂടെ പ്രതി ബിലാൽ പണം സമ്പാദിക്കുകയും ചെലവഴിക്കുകയും ചെയ്​തിരുന്നതായും പോലീസ്​ പറഞ്ഞു.

കൊലപാതകസമയത്ത്​ വീട്ടിൽ മറ്റാരോ എത്തിയിരുന്നതായും പ്രതി പറഞ്ഞു. രണ്ടുതവണ കോളിങ്​ബെൽ അടിച്ചിരുന്നു. കൊലപാതക ശേഷം കാറുമായി പുറത്തേക്കിറങ്ങിയപ്പോൾ ഗേറ്റിനു പുറത്ത്​ ബൈക്കിൽ ആരോ ഉണ്ടായിരുന്നതായും പ്രതി വെളിപ്പെടുത്തി.

തിങ്കളാഴ്ച രാവിലെയാണ് താഴത്തങ്ങാടി പാറപ്പാടം ഷാനി മൻസിലിൽ ഷീബയെ (60) കൊലപ്പെടുത്തിയതും ഭർത്താവ് സാലിയെ (65) ഗുരുതരമായി പരിക്കേൽപിച്ചതും. മുൻ അയൽവാസിയും പരിചയക്കാരനുമായ മാലിപ്പറമ്പിൽ മുഹമ്മദ്​ ബിലാൽ കൊലും കവർച്ചയും നടത്തിയശേഷം ഇവരുടെ പോർച്ചിലുണ്ടായിരുന്ന കാറുമായി രക്ഷപ്പെടുകയായിരുന്നു. കാർ വഴിയിൽ ഉപേക്ഷിച്ച​ ശേഷം ആലപ്പുഴയിലെത്തിയ പ്രതി ബിലാൽ ലോഡ്​ജിൽ മുറിയെടുത്തിരുന്നു. മൂൺ റസിഡൻസി എന്ന ലോഡ്​ജിൽ മുറിയെടുത്ത്​ ഭക്ഷണം വരുത്തി കഴിച്ച ശേഷമാണ്​ പ്രതി എറണാകുളത്തേക്ക്​ പോയത്​.

പ്രതിയെ ഞായറാഴ്​ച ആലപ്പുഴയിലെത്തിച്ച്​ അന്വേഷണ സംഘം തെളിവെടുപ്പ്​ നടത്തി. പ്രതി തങ്ങിയ ലോഡ്​ജിൽ നിന്നും അന്വേഷണസംഘം തെളിവെടുത്തു. ഇവിടെ ആധാർ കാർഡ്​ അടക്കം നൽകിയാണ്​ ബിലാൽ മുറിയെടുത്തിരുന്നത്​. അതിനാൽ സംശയകരമായി ഒന്നും ഉണ്ടായിരുന്നില്ലെന്ന്​ ലോഡ്​ജ്​ അധികൃതർ പറഞ്ഞു.

കഴിഞ്ഞദിവസം തണ്ണീർമുക്കത്ത് നടത്തിയ തെളിവെടുപ്പിൽ കൊല്ലപ്പെട്ട ഷീബയുടെ വീട്ടിലെ മൊബൈൽ ഫോണുകളും താക്കോൽക്കൂട്ടങ്ങളും കത്തികളും കത്രികയും കണ്ടെടുത്തിരുന്നു. ദമ്പതിമാരെ അക്രമിച്ച ശേഷം കോട്ടയത്ത് നിന്ന് ആലപ്പുഴയിലേക്ക് പോകുന്നതിനിടെ തണ്ണീർമുക്കം ബണ്ടിൽനിന്ന് ഇവയെല്ലാം വേമ്പനാട്ട് കായലിലേക്ക് വലിച്ചെറിയുകയായിരുന്നു.

Post a Comment

0 Comments