NEWS UPDATE

6/recent/ticker-posts

ഇസ്‌റാഈലുമായി നയതന്ത്ര ബന്ധം സ്ഥാപിച്ച് യു.എ.ഇ: തീരുമാനം ട്രംപിന്റെ മധ്യസ്ഥതയില്‍

വാഷിങ്ടണ്‍: ഇസ്‌റാഈലുമായി നയതന്ത്ര ബന്ധം സ്ഥാപിച്ച് യു.എ.ഇ. യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മധ്യസ്ഥതയിലാണ് ഇരു രാജ്യങ്ങളും തമ്മില്‍ ബന്ധം സ്ഥാപിക്കാന്‍ തീരുമാനമായത്.[www.malabarflash.com]

കരാറിന്റെ ഭാഗമായി ഇസ്‌റാഈല്‍ അധിനിവേശ ഫലസ്തീന്‍ ഭാഗമായ വെസ്റ്റ്ബാങ്കിലെ ആധിപത്യം റദ്ദാക്കുകയും ഉള്‍ച്ചേര്‍ക്കല്‍ പദ്ധതി ഒഴിവാക്കുകയും ചെയ്യും. നീണ്ട ചര്‍ച്ചകളുടെ ഫലമയാണ് ഇരു രാജ്യങ്ങളും തമ്മില്‍ ധാരണയിലെത്തിയതെന്ന് വൈറ്റ് ഹൗസ് വക്താക്കള്‍ പറഞ്ഞതായി റോയിറ്റേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.

ധാരണയായത് അറിയിച്ചുകൊണ്ട് യു.എ.ഇ- ഇസ്‌റാഈല്‍ രാജ്യങ്ങളുടെ സംയുക്ത പ്രസ്താവന ട്രംപ് ട്വിറ്ററിലൂടെ പുറത്തുവിട്ടു. ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെയും അബുദാബി കിരീടാവകാശി ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനെയും ട്രംപ് ഫോണില്‍ വിളിച്ച ശേഷമാണ് കരാറിലെത്തിയത്.

ഇസ്‌റാഈലുമായി ബന്ധം സാധാരണ നിലയിലാക്കുന്ന മൂന്നാമത്തെ അറബ് രാജ്യവും ഒന്നാമത്തെ ഗള്‍ഫ് രാജ്യവുമാണ് യു.എ.ഇ.

മിഡില്‍ ഈസ്റ്റില്‍ സമാധാനം കൊണ്ടുവരാനുള്ള വന്‍ നയതന്ത്ര മുന്നേറ്റമാണ് സാധ്യമായതെന്ന് ട്രംപ് ട്വിറ്ററില്‍ കുറിച്ചു. കരാറിന്റെ ആദ്യ ഘട്ടത്തെ ട്രംപ് പ്രകീര്‍ത്തിക്കുകയും ചെയ്തു. ഇപ്പോള്‍ ഐസ് ഉരുകിയെന്നും കൂടുതല്‍ മുസ്‌ലിം രാജ്യങ്ങളും അറബ് രാജ്യങ്ങളും യു.എ.ഇയുടെ മാതൃക സ്വീകരിക്കുമെന്നു പ്രതീക്ഷിക്കുന്നതായും ട്രംപ് പറഞ്ഞു.

Post a Comment

0 Comments