NEWS UPDATE

6/recent/ticker-posts

കരിപ്പൂരില്‍ അപകടത്തില്‍പ്പെട്ട വിമാനത്തിന് 375 കോടിയുടെ ഇന്‍ഷൂറന്‍സ്

കോഴിക്കോട്: കരിപ്പൂരില്‍ അപകടത്തില്‍പ്പെട്ട എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം ഇന്‍ഷ്വര്‍ ചെയ്തത് 375 കോടി രൂപക്ക്. രാജ്യത്തെ നാല് പൊതുമേഖല ഇന്‍ഷൂറന്‍സ് കമ്പനികളുടെ കണ്‍സോര്‍ഷ്യമാണ് വിമാനം ഇന്‍ഷൂര്‍ ചെയ്തത്.[www.malabarflash.com] 

നഷ്ടപരിഹാര ബാധ്യത കുറക്കുന്നതിന് വേണ്ടി വിദേശത്തുള്ള ഇന്‍ഷൂറന്‍സ് കമ്പനികളില്‍ പുനര്‍ ഇന്‍ഷൂറന്‍സ്‌ നല്‍കിയിട്ടുമുണ്ട്. വിമാനാപകടത്തില്‍ 18 പേരാണ് ഇതുവരെ മരിച്ചത്. പൈലറ്റും സഹപൈലറ്റും നാല് കുട്ടികളും ഇതില്‍ ഉള്‍പ്പെടുന്നു. 

അപകടത്തില്‍ പരിക്കേറ്റ് കോഴിക്കോട് മലപ്പുറം ജില്ലകളിലെ ആശുപത്രികളിലായി 143 പേര്‍ ചികിത്സയിലാണ്. അപകടത്തില്‍ ജീവന്‍ നഷ്ടടപ്പെട്ടവര്‍ക്കും പരിക്കേറ്റവര്‍ക്കും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ കഴിഞ്ഞ ദിവസം ധന സഹായം പ്രഖ്യാപിച്ചിരുന്നു. മരിച്ചവര്‍ക്ക് പത്ത് ലക്ഷം രൂപയും സാരമായി പരിക്കേറ്റവര്‍ക്ക് രണ്ട് ലക്ഷം രൂപയും നിസാര പരിക്കുള്ളവര്‍ക്ക് 50000 രൂപയുമാണ് സര്‍ക്കാരുകള്‍ പ്രഖ്യാപിച്ചത്.
കരിപ്പൂരിലേതിനു സമാനമായി 2010ല്‍ മംഗലാപുരത്തുണ്ടായ വിമാനാപകടത്തില്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക് മൊന്‍ട്രിയല്‍ കോണ്‍വന്‍സേഷന്‍ പ്രകാരം 72 ലക്ഷം രൂപ വീതം നല്‍കാന്‍ സിവില്‍ വ്യോമയാന മന്ത്രാലയം ഉത്തരവിറക്കിയിരുന്നു. 152 യാത്രക്കാരും ആറ് വിമാന ജീവനക്കാരുമടക്കം 158 പേര്‍ മരിച്ച അപകടത്തിന് നഷ്ടപരിഹാരം നല്‍കാന്‍ 115. കോടി 30 ലക്ഷം രൂപയാണ് ഇന്‍ഷുറന്‍സ് കമ്പനികള്‍ ചിലവിട്ടത്. 

പരുക്കേറ്റവരുള്‍പ്പടെ 160 പേര്‍ക്കാണ് ഈ സംഖ്യ നല്‍കിയത്. ഇതിനു പുറമെ ഇവരുടെ ബന്ധുക്കള്‍ കോടതിയെ സമീപിച്ചതിനെ തുടര്‍ന്ന് പലര്‍ക്കും തുക വര്‍ധിപ്പിച്ചു നല്‍കിയിരുന്നു. 

വിമാനാപകടത്തില്‍ മരണപ്പെട്ട മഹേന്ദ്ര കോട്കാനി എന്ന നവി മുംബൈയിലെ യുവാവിന്റെ ആശ്രിതര്‍ക്ക് എയര്‍ ഇന്ത്യ 4.4 കോടി നഷ്ടപരിഹാരം നല്‍കിയിരുന്നു. അതിനു പുറമെയാണ് ദേശീയ ഉപഭോക്തൃ നഷ്ടപരിഹാര കോടതിയെ സമീപിച്ചതില്‍ നിന്നും 2.95 കോടി രൂപ കൂടി നല്‍കാന്‍ ആവശ്യപ്പെട്ടത്.
മംഗലാപുരം അപകടത്തില്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക് മോണ്‍ഡ്രിയല്‍ കരാറടിസ്ഥാനത്തില്‍ നഷ്ടപരിഹാരം നല്‍കണമെന്ന അന്നത്തെ വ്യോമയാനമന്ത്രി പ്രഫുല്‍ പട്ടേലിന്റെ നിര്‍ദേശം വിമാനക്കമ്പനി നടപ്പിലാക്കിയിരുന്നില്ല. പലര്‍ക്കും പലവിധത്തിലാണ് നഷ്ടപരിഹാരം വിതരണം നടത്തിയത്. 

അപകടത്തില്‍ മരിച്ച 15-ഓളം കുടുംബങ്ങള്‍ക്ക് പ്രിയപ്പെട്ടവരുടെ മൃതദേഹാവശിഷ്ടം പോലും ലഭിച്ചില്ല. ദുരന്തത്തില്‍ 103 പുരുഷന്‍മാരും 32 സ്ത്രീകളും 23 കുട്ടികളുമാണ് മരിച്ചത്. ഇതില്‍ നാല് കൈകുഞ്ഞുങ്ങളും ഉണ്ടായിരുന്നു. മരിച്ചവരില്‍ 58 പേരും മലയാളികളായിരുന്നു. പലര്‍ക്കും പകുതി തുക കിട്ടാന്‍ തന്നെ വര്‍ഷങ്ങളോളം കോടതി കയറി ഇറങ്ങേണ്ടിയും വന്നു.

Post a Comment

0 Comments