NEWS UPDATE

6/recent/ticker-posts

പെണ്‍കുട്ടികളുടെ വിവാഹ പ്രായം 18ല്‍ നിന്ന് 21 ആക്കി ഉയര്‍ത്താന്‍ കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: പെണ്‍കുട്ടികളുടെ വിവാഹം കഴിക്കാനുള്ള കുറഞ്ഞ പ്രായം 18ല്‍ നിന്ന് 21 ആക്കി ഉയര്‍ത്താന്‍ കേന്ദ്ര സര്‍ക്കാര്‍. വിവാഹ പ്രായം ഉയര്‍ത്തുന്നത് സംബന്ധിച്ച് പരിശോധിക്കാന്‍ സമിതിയെ നിയോഗിച്ചതായും, സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചാലുടന്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്നും സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ച് ചെങ്കോട്ടയില്‍ സംസാരിക്കവെ പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.[www.malabarflash.com]

വിവാഹ പ്രായം 18ല്‍ നിന്ന് 21ലേക്ക് ഉയര്‍ത്തുന്നത് സംബന്ധിച്ച് പരിശോധിക്കാന്‍ കേന്ദ്ര വനിതാ ശിശുക്ഷേമ വികസന മന്ത്രാലയമാണ് ജൂണ്‍ രണ്ടിന് കര്‍മസമിതിയെ ചുമതലപ്പെടുത്തിയത്.

പ്രസവത്തോടെയുള്ള മരണം കുറയ്ക്കുക, സ്ത്രീകളുടെ പോഷകാഹാര നില ഉയര്‍ത്താന്‍ നിര്‍ദേശം സമര്‍പ്പിക്കുക തുടങ്ങിയ ലക്ഷ്യത്തോടെയാണിത്. ശൈശവ വിവാഹം ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തോടെയാണ് കുറഞ്ഞ വിവാഹപ്രായം നിശ്ചയിച്ചതെങ്കിലും പ്രസവാനന്തര മരണ നിരക്കാണ് ഇപ്പോള്‍ സര്‍ക്കാരിന് മുന്നിലുള്ള പ്രശ്‌നമായി കാണുന്നത്. 2014-2016 വര്‍ഷത്തില്‍ ഇത് ലക്ഷത്തില്‍ 130 പേരാണ്. 2015-17 ല്‍ 122 പേരായി കുറഞ്ഞു.

1955ലെ ഹിന്ദു വിവാഹനിയമത്തില്‍ സ്ത്രീകളുടെ വിവാഹപ്രായം 18 ആയും പുരുഷന്‍മാരുടേ ത് 21 ആയും നിശ്ചയിച്ചിട്ടുണ്ട്. എന്നാല്‍ ബാലവിവാഹം നിയമവിരുദ്ധമായി പ്രഖ്യാപിച്ചിട്ടില്ല, പകരം വധുവിന്റെ അപേക്ഷ പ്രകാരം വിവാഹം അസാധുവാക്കാം.
1954 ലെ സ്‌പെഷ്യല്‍ മാര്യേജ് ആക്ടും 2006ലെ പ്രോഹിബിഷന്‍ ഓഫ് ചൈല്‍ഡ് മാര്യേജ് ആക്ടുമാണ് 18 വയസ്സിന് താഴെയുള്ള പെണ്‍കുട്ടികളുടെയും 21 വയസ്സിന് താഴെയുള്ള പുരുഷന്‍മാരുടെയും വിവാഹം നിയമവിരുദ്ധമാക്കിയത്. 

1880 മുതലാണ് വിവാഹത്തിന് പ്രായം നിശ്ചയിക്കുന്ന സംവിധാനം ഇന്ത്യയില്‍ നിലവില്‍ വന്നത്. 1929ല്‍ പെണ്‍കുട്ടികളുടെ വിവാഹ പ്രായം 16 ഉം പുരുഷന്‍മാരുടേത് 18ഉം ആക്കി നിശ്ചയിച്ചു. 1978ലാണ് ഇത് 18 ഉം 21ഉം വയസ്സായത്.

Post a Comment

0 Comments