NEWS UPDATE

6/recent/ticker-posts

കഞ്ചാവ് കുടിപ്പകയില്‍ യുവാവിനെ കുത്തി കൊന്ന കേസില്‍ യുവതി ഉള്‍പ്പെടെ 2 പേര്‍ അറസ്റ്റില്‍

കൊച്ചി: നെട്ടൂരിൽ ലഹരി സംഘങ്ങൾ തമ്മിലുള്ള കുടിപ്പക പറഞ്ഞു തീർക്കാമെന്നു പറഞ്ഞ് വിളിച്ചു‌വരുത്തി യുവാവിനെ കുത്തി കൊലപ്പെടുത്തിയ കേസിൽ യുവതി ഉൾപ്പെടെ രണ്ടു പേർ കൂടി അറസ്റ്റിൽ.[www.malabarflash.com] 

മുഖ്യപ്രതി ജോമോന്റെ കാമുകി കോഴിക്കോട് വടകര കാവിലംപാറ അനില മാത്യു (25), പനങ്ങാട് മാടവന അപ്പനേത്തു വീട്ടിൽ എ.എസ്.അതുൽ (29) എന്നിവരാണ് പിടിയിലായത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം പതിനാറായി.

കൊല്ലപ്പെട്ട ഫഹദിനെ കുത്തിയ കത്തിയും കഞ്ചാവും അനിലയുടെ സ്കൂട്ടറില്‍നിന്ന് പോലീസ് കണ്ടെടുത്തിരുന്നു. ഇതിനു പുറമേ കത്തിയും സ്കൂട്ടറും ഒളിപ്പിക്കാൻ കൂട്ടു നിന്നതിനും കൊലപാതകത്തിന് ഒത്താശ ചെയ്തതിനും പ്രതികളെ രക്ഷപ്പെടാൻ സഹായിച്ചതിനുമാണ് അനിലയുടെ അറസ്റ്റ്. പ്രതികളായ നിതിൻ, ജയ്സൺ, ജോമോൻ എന്നിവരോടൊപ്പം കളമശ്ശേരിയിലെ ഫ്ലാറ്റിൽ അനില താമസിച്ചതിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസ് കണ്ടെടുത്തു.

കേസിലെ പ്രതിയും കഞ്ചാവ് ഇടപാട് കേസിൽ നേരത്തെ അറസ്റ്റിലായി പുറത്തു വന്നതുമായ ശ്രുതിക്കു വേണ്ടി പ്രതികളിലൊരാളായ റോഷനുമായി സംസാരിച്ചത് അനിലയുടെ ഫോണിൽ നിന്നായിരുന്നു എന്നും കണ്ടെത്തി. അതുലിനെ തെളിവെടുപ്പിനായി രണ്ടു ദിവസത്തേയ്ക്ക് പോലീസ് കസ്റ്റഡിയിൽ വാങ്ങിയിട്ടുണ്ട്.

നേരത്തെ കസ്റ്റഡിയിൽ വാങ്ങിയ പ്രതികളിൽ രണ്ടു പേരെ വീണ്ടും ഹാജരാക്കി പോലീസ് കസ്റ്റഡി നീട്ടിവാങ്ങി. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത പന്ത്രണ്ട് പേരും ഇവരെ ഒളിവില്‍ കഴിയാന്‍ സഹായിച്ച രണ്ട് പേരും ഉൾപ്പടെ 14 പേരാണ് നേരത്തെ അറസ്റ്റിലായത്. ഈ മാസം 12നാണ് പോളിടെക്നിക് വിദ്യാര്‍ഥിയായ ഫഹദ് കൊല്ലപ്പെട്ടത്. നെഞ്ചിലും കൈയ്യിലും കുത്തേറ്റ ഫഹദ് ചോര വാര്‍ന്നാണ് മരിച്ചത്.

Post a Comment

0 Comments