NEWS UPDATE

6/recent/ticker-posts

ഫേസ്ബുക്ക് പ്രണയം; കാമുകിയെ കാണാന്‍ 300 കിലോമീറ്ററോളം ബൈക്ക് ഓടിച്ച് ബേക്കലിലെത്തിയ യുവാവിന് മുന്നിലെത്തിയത് അമ്പത്തിമൂന്നുകാരി

ബേക്കല്‍: ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട പതിനെട്ടുകാരി കാമുകിയെ കാണാന്‍ സുഹൃത്തിനൊപ്പം 300 കിലോമീറ്ററോളം ബൈക്ക് ഓടിച്ച്‌ ബേക്കലിലെത്തിയ യുവാവ് കാമുകിയുടെ ‘തനിസ്വരൂപം’ കണ്ട് കത്തിയെടുത്തു.[www.malabarflash.com]


പതിനെട്ടുകാരിയെ മോഹിച്ചെത്തിയ യുവാവിന് മുന്നിലെത്തിയത് അമ്പത്തിമൂന്നുകാരി. 9 മാസത്തോളം ഉറക്കം കെടുത്തിയ കിളിമൊഴിയെ കണ്ട് ഇരുപത്തിനാലുകാരനായ യുവാവ് പരിസരം മറന്ന് കത്തിവീശി. സ്ത്രീ പേടിച്ച്‌ നിലവിളിച്ചതോടെ നാട്ടുകാര്‍ ഓടിക്കൂടി. ഒടുവില്‍ പൊലീസെത്തി ‘കമിതാക്കളെയും’ സുഹൃത്തിനെയും പൊക്കി.

തൃശൂര്‍ ഒല്ലൂര്‍ സ്വദേശിയായ യുവാവും സുഹൃത്തുമാണ് കഴിഞ്ഞ ദിവസം ഉച്ചയോടെ ബേക്കല്‍ കോട്ടയുടെ പരിസരത്തെത്തിയത്.

വെല്‍ഡിംഗ് തൊഴിലാളികളാണ്. അല്പനേരം കഴിഞ്ഞ് ബുര്‍ഖ ധരിച്ചെത്തിയ സ്ത്രീ യുവാവിന്റെ സമീപമെത്തി. മുഖപടം മാറ്റാന്‍ നിര്‍ബന്ധിച്ചെങ്കിലും അവര്‍ സമ്മതിച്ചില്ല. ശരീര ഘടന ശ്രദ്ധിച്ച യുവാവിന് സംശയം തോന്നി. 

തന്നെ പറ്റിക്കുകയാണെന്ന് മനസിലാക്കിയ യുവാവ് ആറ് മാസത്തിനിടെ സ്ത്രീക്ക്‌ പലപ്പോഴായി ഗൂഗിള്‍ പേ വഴി അയച്ചുകൊടുത്ത 50,000 രൂപ തിരികെ ആവശ്യപ്പെട്ടു. പണമില്ലെന്ന് അവര്‍ പറഞ്ഞതോടെ കാമുകന്‍ ബൈക്കില്‍ സൂക്ഷിച്ചിരുന്ന കത്തി പുറത്തെടുത്ത് വീശുകയായിരുന്നു. ബേക്കല്‍ എസ്.ഐ പി. അജിത് കുമാറിന്റെ നേതൃത്വത്തിലാണ് മൂന്ന് പേരെയും കസ്റ്റഡിയിലെടുത്തത്.

യുവാവിന് പരാതിയില്ലാത്തതിനാല്‍ സ്ത്രീയെ ചോദ്യം ചെയ്തശേഷം വിട്ടയച്ചു. കോവിഡ് മാനദണ്ഡം ലംഘിച്ചതിനും പൊതു സ്ഥലത്ത് പ്രകോപനം ഉണ്ടാക്കിയതിനും യുവാക്കള്‍ക്കെതിരെ കേസെടുത്ത ശേഷം ജാമ്യത്തില്‍ വിട്ടു. കാമുകിയുടെ മുഖം പോലും ഒന്നു കാണാതെ ഒമ്പതുമാസം പ്രണയിച്ച കാമുകനും സുഹൃത്തും വന്ന സ്പീഡില്‍ മടങ്ങി.

Post a Comment

0 Comments