NEWS UPDATE

6/recent/ticker-posts

ബാബരി മസ്​ജിദ്​ വിധി: ഇന്ത്യൻ ജുഡീഷ്യറിയുടെ കറുത്ത ദിനമെന്ന്​ അസദുദ്ദീന്‍ ഒവൈസി

ഹൈദരാബാദ്​: ബാബരി മസ്ജിദ് തകർത്ത കേസിൽ ഗൂഢാലോചനക്ക് തെളിവില്ലെന്ന് കാട്ടി മുതിർന്ന ബി.ജെ.പി നേതാക്കളായ എൽ.കെ. അദ്വാനി, മുരളി മനോഹർ ജോഷി എന്നിവർ ഉൾപ്പെടെ 32 പ്രതികളെയും സി.ബി.ഐ പ്രത്യേക കോടതി വെറുതെവിട്ടതിൽ പ്രതികരണവുമായി എഐഐഎം എംപിയും പാര്‍ട്ടി മേധാവിയുമായ അസദുദ്ദീന്‍ ഒവൈസി. ബാബരി മസ്​ജിദ്​ വിധിദിനം ഇന്ത്യൻ ജുഡീഷ്യറിയുടെ കറുത്ത ദിനമാണെന്ന്​ അദ്ദേഹം പറഞ്ഞു.[www.malabarflash.com]

'ഇന്ത്യൻ ജുഡീഷ്യറിയുടെ ചരിത്രത്തിലെ ഏറ്റവും സങ്കടകരമായ ദിവസമാണിന്ന്​. ഗൂഢാലോചന നടന്നിട്ടില്ലെന്ന്​ ഇ​പ്പോൾ കോടതി പറയുന്നു. ഒരു സംഭവം നടന്നിട്ടില്ല എന്ന്​ വരുത്തിത്തീർക്കാൻ എത്ര ദിവസത്തെ തയ്യാറെടുപ്പുകളാണ്​ വേണ്ടതെന്ന്​ എന്നെ ഒന്ന്​ പറഞ്ഞുമനസിലാക്കിത്തരണം'. -ഒവൈസി പറഞ്ഞു.

കടുത്ത നിയമ ലംഘനമെന്നും പൊതു ആരാധനാലയം നശിപ്പിക്കാനുള്ള കണക്കുകൂട്ടിയുള്ള ശ്രമമെന്നും സുപ്രീംകോടതി വിശേഷിപ്പിച്ച ബാബരി മസ്​ജിദ്​ ധ്വസനത്തെ കുറിച്ച്​ ഇവ്വിധമുള്ള വിധി ഇന്ത്യൻ ജുഡീഷ്യറിയുടെ കറുത്ത ദിനമാണ്​ കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

മാന്ത്രിക വിദ്യ കൊണ്ടാണോ പള്ളി പൊളിച്ചതെന്ന്​ ചോദിച്ച അദ്ദേഹം 'അതേ കൊലപാതകി, അതേ മുന്‍സിഫ് കോടതി, അവരുടെ സാക്ഷി… ഇപ്പോള്‍ പല തീരുമാനങ്ങളിലും പ്രീതി ഉണ്ട്.' -എന്നും ട്വിറ്ററില്‍ കുറിച്ചു. അതേസമയം, സിബിഐ കോടതിയുടെ തീരുമാനം അന്യായമാണെന്നും വിധിക്കെതിരെ അഖിലേന്ത്യാ മുസ്ലിം പേഴ്സണല്‍ ലോ ബോര്‍ഡ് അപ്പീലിന് പോകുമെന്നും ഒവൈസി കൂട്ടിച്ചേർത്തു.

Post a Comment

0 Comments