കോട്ടയം: കേരള കോൺഗ്രസ് മുതിർന്ന നേതാവും മുൻ മന്ത്രിയുമായ സി.എഫ് തോമസ് എം.എൽ.എ അന്തരിച്ചു. 81 വയസ്സായിരുന്നു. അർബുദ ബാധിതനായി ചികിത്സയിലിരിക്കെ ഞായറാഴ്ച രാവിലെ 10ഓടെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.[www.malabarflash.com]
ചങ്ങനാശ്ശേരി എം.എൽ.എയും കേരള കോൺഗ്രസ് (എം) ജോസഫ് വിഭാഗം ഡെപ്യൂട്ടി ചെയർമാനുമായിരുന്നു. 1980 മുതൽ തുടർച്ചയായി ഒമ്പത് തവണ (1980, 1982, 1987, 1991, 1996, 2001 , 2006, 2011, 2016) ചങ്ങനാശ്ശേരി നിയോജകമണ്ഡലത്തിൽ നിന്നും എം.എൽ.എയായി.
2001ലെ എ.കെ. ആൻറണി മന്ത്രിസഭയിലും തുടർന്നുവന്ന ഉമ്മൻ ചാണ്ടി മന്ത്രിസഭയിലും രജിസ്ട്രേഷൻ, ഗ്രാമവികസനം, ഖാദി വകുപ്പുകളുടെ മന്ത്രിസ്ഥാനം വഹിച്ചു.
കേരള കാത്തലിക് സ്റ്റുഡൻറ്സ് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി, അതിരൂപത പാസ്റ്ററൽ കൗൺസിൽ അംഗം തുടങ്ങിയ പദവികളും വഹിച്ചിട്ടുണ്ട്.
ചങ്ങനാശേരി ചെന്നിക്കര കുടുംബാംഗമാണ്. സി.ടി. ഫ്രാൻസിസ് - അന്നമ്മ ഫ്രാൻസിസ് ദമ്പതികളുടെ മകനായി 1939 ജൂലൈ 30ന് ജനനം. എസ്.ബി കോളജിൽ നിന്ന് ബിരുദവും എൻ.എസ്.എസ് ട്രെയിനിങ് കോളജിൽ നിന്ന് ബി.എഡും നേടി. 1962ൽ ചമ്പക്കുളം സെൻറ് മേരിസ് സ്കൂളിലും തുടർന്ന് ചങ്ങനാശേരി എസ്.ബി സ്കൂളിലും അധ്യാപകനായി. 1980ൽ എം.എൽ.എ ആകുന്നതുവരെ 18 വർഷം അധ്യാപകനായിരുന്നു.
വിദ്യാർഥി സംഘടനാ പ്രവർത്തനത്തിലൂടെ രാഷ്ട്രീയത്തിലെത്തിയ അദ്ദേഹം പി.ടി. ചാക്കോയിൽ അകൃഷ്ടനായി 1956ൽ കോൺഗ്രസ് അംഗത്വം സ്വീകരിച്ചു. വിമോചനസമരത്തിൽ പങ്കെടുത്തു. 1964ൽകേരളാ കോൺഗ്രസ് രൂപീകരിച്ചപ്പോൾ സി.എഫ് തോമസും കേരളാ കോൺഗ്രസിലെത്തി.
രൂപീകരണം മുതൽ കെ.എം മാണിയുടെ വിശ്വസ്തനായി ഒപ്പമുണ്ടായി. കേരള കോൺഗ്രസ് ഡെപ്യൂട്ടി ചെയർമാൻ, ജനറൽ സെക്രട്ടറി എന്നീ സ്ഥാനങ്ങൾ വഹിച്ചു. കെ.എം മാണിയുടെ മരണ ശേഷം പി.ജെ ജോസഫ് വിഭാഗത്തിനൊപ്പം ചേർന്നു.
മാങ്കൊമ്പ് പരുവപ്പറമ്പിൽ കുടുംബാംഗമായ കുഞ്ഞമ്മയാണ് ഭാര്യ. സൈജു, സിനി, അനു എന്നിവർ മക്കളാണ്. ലീന, ബോബി, മനു എന്നിവരാണ് മരുമക്കൾ.
0 Comments