ദുബൈ: സൂപ്പർ ഓവറിലേക്ക് നീണ്ട ഐപിഎൽ പോരാട്ടത്തിൽ കിംഗ്സ് ഇലവൻ പഞ്ചാബിനെതിരെ ഡൽഹി ക്യാപിറ്റൽസിന് ജയം. സൂപ്പർ ഓവറിലെ വിജയലക്ഷ്യമായ മൂന്നു റൺസ് ഡൽഹി നാലു പന്ത് ശേഷിക്കേ മറികടന്നു. [www.malabarflash.com]
സൂപ്പർ ഓവറിൽ ആദ്യം ബാറ്റു ചെയ്ത പഞ്ചാബിന് രണ്ടു റൺസ് മാത്രമാണ് നേടാൻ സാധിച്ചത്. കാഗിസോ റബാദ എറിഞ്ഞ ആദ്യ പന്തിൽ കെ.എൽ. രാഹുൽ രണ്ടു റൺസ് നേടി. എന്നാൽ തൊട്ടടുത്ത പന്തുകളിൽ രാഹുലിനെയും നിക്കോളാസ് പുരാനെയും റബാദ മടക്കി. മറുപടി ബാറ്റിംഗിൽ ഡൽഹി അനായാസം വിജയലക്ഷ്യം മറികടന്നു.
ജയിക്കാൻ 158 റൺസ് വേണ്ടിയിരുന്ന പഞ്ചാബ് നിശ്ചിത 20 ഓവറിൽ 157 റൺസെടുത്തു. ഓപ്പണർ മയാങ്ക് അഗർവാളിന്റെ ബാറ്റിംഗാണ് പഞ്ചാബിനെ വിജയലക്ഷ്യത്തോടു അടുപ്പിച്ചത്. 60 പന്തിൽ 89 റണ്‍സെടുത്ത മായങ്ക് അവസാന ഓവറിലെ അഞ്ചാം പന്തില്‍ പുറത്തായി. അവസാന പന്തിൽ ക്രിസ് ജോർദാനെ മാര്‍ക്കസ് സ്റ്റോയിനിസ് പുറത്താക്കിയതോടെയാണ് കളി സൂപ്പർ ഓവറിലേക്ക് നീണ്ടത്.
ഭേദപ്പെട്ട തുടക്കം ലഭിച്ച പഞ്ചാബ് പിന്നീട് വിക്കറ്റുകള്‍ കളഞ്ഞുകുളിക്കുകയായിരുന്നു. ഒരു ഘട്ടത്തില്‍ വിക്കറ്റ് നഷ്ടമില്ലാതെ 4.2 ഓവറില്‍ 30 റണ്‍സെന്ന നിലയിലായിരുന്ന പഞ്ചാബിന് പിന്നീട് അഞ്ചു റണ്‍സിനിടെ നാലു വിക്കറ്റുകള്‍ നഷ്ടമായി. ക്യാപ്റ്റന്‍ കെ.എല്‍ രാഹുല്‍ (21), കരുണ്‍ നായര്‍ (1), നിക്കോളാസ് പുരന് (0), ഗ്ലെന്‍ മാക്സ്വെല് (1) എന്നിവരാണ് പുറത്തായത്.
14 പന്തില്‍ നിന്ന് 20 റണ്‍സെടുത്ത കൃഷ്ണപ്പ ഗൗതം മായങ്കിന് മികച്ച പിന്തുണ നൽകിയതോടെ പഞ്ചാബിന് വിജയത്തോടുത്തു. എന്നാൽ വിജയം എത്തിപ്പിടിക്കാനായില്ല. ഡൽഹിക്ക് വേണ്ടി റബാദ, ആർ. അശ്വിൻ, സ്റ്റോയിനിസ് എന്നിവർ രണ്ടു വീതം വിക്കറ്റ് നേടി. മത്സരത്തിനിടെ ആര്. അശ്വിന് പരിക്കേല്‍ക്കുകയും ചെയ്തു.
നേരത്തെ, ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ ഡൽഹിയുടെ തുടക്കം തകർച്ചയോടെയായിരുന്നു. പൃഥ്വി ഷാ(5), ശിഖർ ധവാൻ(0), ഷിംറോൺ ഹെറ്റ്മെയർ(7) എന്നിവർ വേഗം മടങ്ങി. ക്യാപ്റ്റൻ ശ്രേയസ് അയ്യർ(32 പന്തിൽ 39), ഋഷഭ് പന്ത്(29 പന്തിൽ 31) എന്നിവർ ക്രീസിൽ ഒന്നിച്ചതോടെ ഡൽഹിയുടെ വിക്കറ്റ് കൊഴിച്ചിൽ നിന്നു.
എന്നാൽ റൺറേറ്റിൽ പിന്നിലായിരുന്നു ഡൽഹി. അവസാന ഓവറുകളിൽ മാർക്കസ് സ്റ്റോയിനസ് നടത്തിയ വെടിക്കെട്ട് ബാറ്റിംഗാണ് ഡൽഹിയെ 150 കടത്തിയത്. സ്റ്റോയിനസ് 21 പന്തിൽ 53 റൺസെടുത്തു. പഞ്ചാബിനായി മുഹമ്മദ് ഷമി മൂന്നു വിക്കറ്റ് വീഴ്ത്തി. കോട്രൽ രണ്ടും രവി ബിഷ്നോയി ഒരു വിക്കറ്റും നേടി.
0 Comments