സംസ്ഥാന സർക്കാരുമായി നടത്തുന്ന അനൗപചാരിക കൂടിയാലോചനകൾക്കും ആരോഗ്യവിദഗ്ധരും പോലീസുമായും നടത്തുന്ന ചർച്ചകൾക്കുംശേഷം തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പു തീയതി അന്തിമമായി കമ്മീഷൻ പ്രഖ്യാപിക്കും. കോവിഡ് അതിവ്യാപനമുണ്ടായാൽ തീയതികളിൽ മാറ്റമുണ്ടാകും.
തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷൻ വെള്ളിയാഴ്ച സർവകക്ഷിയോഗം വിളിച്ചു ചേർത്തിരുന്നു. തെരഞ്ഞെടുപ്പ് അൽപകാലത്തേക്കു നീട്ടാമെന്ന നിലപാടാണ് ഇടതു നേതാക്കൾ സ്വീകരിച്ചത്. എന്നാൽ, കോവിഡ് സാമൂഹികവ്യാപനത്തിന്റെ സാഹചര്യത്തിൽ തെരഞ്ഞെടുപ്പിനു കുറച്ചു കൂടി സാവകാശം വേണമെന്ന നിലപാടാണ് യുഡിഎഫ് സ്വീകരിച്ചത്. തദ്ദേശ തെരഞ്ഞെടുപ്പു തീയതി നീട്ടരുതെന്നും സമയത്തു തന്നെ നടത്തണമെന്നുമുള്ള അഭിപ്രായമാണു ബിജെപി സ്വീകരിച്ചത്.
കോവിഡ് രോഗികൾക്കും ക്വാറന്റൈനിൽ കഴിയുന്നവർക്കും പ്രായം ചെന്നവർക്കും ഏർപ്പെടുത്തുന്ന തപാൽ വോട്ടിൽ കൃത്രിമത്വത്തിനുള്ള സാധ്യതയുണ്ടെന്നും ഇതു പൂർണമായി തടയാൻ തെരഞ്ഞെടുപ്പു കമ്മീഷൻ നിലപാടു സ്വീകരിക്കണമെന്നും കോണ്ഗ്രസ് ആവശ്യപ്പെട്ടു. തപാൽ വോട്ടിന് 10 ദിവസം മുൻപെങ്കിലും നടപടി വേണ്ടതുണ്ട്.
എന്നാൽ, ഇതിനുശേഷം രോഗം സ്ഥിരീകരിക്കുകയോ ക്വാറന്റീനിൽ പോകുകയോ ചെയ്യുന്നവർക്കു ബദൽ ക്രമീകരണം കമ്മീഷൻ സ്വീകരിക്കണം. വോട്ടിംഗ് മെഷീനടക്കം അണുവിമുക്തമാക്കുന്നതിനു കൂടുതൽ സമയം വേണ്ടി വരുന്ന സാഹചര്യത്തിൽ 500 വോട്ടർമാരിൽ കൂടുതലുള്ള ബൂത്തുകളിൽ രണ്ട് വോട്ടിംഗ് മെഷീൻ വീതം ഏർപ്പെടുത്തണമെന്ന ആവശ്യവും ഉയർന്നു.
സംസ്ഥാനത്തെ തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ഒക്ടോബറിൽ നടക്കേണ്ടതാണ്. നവംബർ 12നകം ഭരണ സമിതികൾ നിലവിൽ വരണം. കോവിഡ് വ്യാപനത്തിന്റെ സാഹചര്യത്തിൽ തെരഞ്ഞെടുപ്പ് അല്പകാലത്തേയ്ക്കു നീട്ടണമെന്നു സംസ്ഥാന സർക്കാരും കമ്മീഷനു കത്തു നൽകിയിരുന്നു.
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സർവകക്ഷി യോഗത്തിൽ ഉന്നയിച്ച ആവശ്യങ്ങൾ പരിശോധിക്കാമെന്നു സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷണർ വി. ഭാസ്കരൻ പറഞ്ഞു.
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സർവകക്ഷി യോഗത്തിൽ ഉന്നയിച്ച ആവശ്യങ്ങൾ പരിശോധിക്കാമെന്നു സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷണർ വി. ഭാസ്കരൻ പറഞ്ഞു.
941 ഗ്രാമപഞ്ചായത്തുകളിലേക്കും 152 ബ്ലോക്ക് പഞ്ചായത്തുകളിലേക്കും 14 ജില്ലാ പഞ്ചായത്തുകളിലേക്കും 86 മുനിസിപ്പാലിറ്റികളിലേക്കും ആറു കോർപറേഷനുകളിലേക്കുമാണ് തെരഞ്ഞെടുപ്പ് നടത്തേണ്ടത്. തെരഞ്ഞെടുപ്പു നീട്ടിയാൽ നവംബർ 11നു ശേഷം ഉദ്യോഗസ്ഥഭരണം നിലവിൽ വരും.
0 Comments