കര്‍ണാടക സ്വദേശി നാഗരാജന്‍, തമിഴ്‌നാട് സ്വദേശി പെരിയണ്ണന്‍ എന്നിവരാണ് തിങ്കളാഴ്ച പുലര്‍ച്ചെയുണ്ടായ സ്‌ഫോടനത്തില്‍ മരിച്ചത്.പാറമടയുടെ കോംപൗണ്ടിലുള്ള കെട്ടിടത്തിലാണ് സ്‌ഫോടനം ഉണ്ടായത്. ഇവിടെ വെടിമരുന്നു സൂക്ഷിച്ചിരുന്നതായുള്ള വിവരം പുറത്തുവരുന്നുണ്ട്.
നാഗരാജനും പെരിയണ്ണനും ഇവിടെ ക്വാറന്റൈനില്‍ കഴിയുകയായിരുന്നവെന്നാണ് പ്രാഥമിക വിവരമെന്ന് കാലടി പോലിസ് പറഞ്ഞു. മറ്റാരും ഇവിടെയുണ്ടായിരുന്നില്ല. സ്‌ഫോടനത്തിന്റെ കാരണം അന്വേഷിച്ചുവരികയാണെന്ന് പോലിസ് പറഞ്ഞു.
സ്‌ഫോടനത്തില്‍ കെട്ടിടം പൂര്‍ണമായും തകര്‍ന്നു. സമീപത്തുള്ള മറ്റൊരു വീടിനും കേടുപാടുകള്‍ പറ്റിയതായാണ് വിവരം.എറണാകുളം റൂറല്‍ എസ് പി കെ കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ പോലിസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്.അപകടത്തിനിടയാക്കിയ സഹാചര്യം സംബന്ധിച്ച് അന്വേഷണം നടക്കുകയാണെന്ന് എസ് പി കെ കാര്‍ത്തിക് പറഞ്ഞു.
പുലര്‍ച്ചെ നാലരയോടെയാണ് പോലിസിന് വിവരം കിട്ടുന്നത്. അപ്പോള്‍ മുതല്‍ സ്ഥലത്തെത്തിയ പോലിസ് തുടര്‍ നടപടികള്‍ സ്വീകരിക്കുകയാണ്. മൃതദേഹങ്ങള്‍ ഇന്‍ക്വസ്റ്റ് നടപടി പൂര്‍ത്തിയാക്കി പോസ്റ്റ് മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.
പാറമടയ്ക്ക് ലൈസന്‍സുണ്ടോ,എന്തെങ്കിലും വീഴ്ചകള്‍ പാറമട നടത്തിപ്പുകാരുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടുണ്ടോ എന്നതടക്കമുള്ള കാര്യങ്ങള്‍ പോലിസ് വിശദമായി അന്വേഷിക്കുമെന്നും എസ് പി കെ കാര്‍ത്തിക് പറഞ്ഞു.
ഇല്ലിത്തോട് സ്‌ഫോടനത്തെക്കുറിച്ച് തഹസീല്‍ദാരോട് റിപോര്‍ട്ട് ആവശ്യപ്പെട്ടതായി ജില്ലാ കലക്ടര്‍ എസ് സുഹാസ് അറിയിച്ചു. സബ് കലക്ടര്‍ സ്ഥലം സന്ദര്‍ശിക്കും. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നിയമ ലംഘനമുണ്ടെങ്കില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും കലക്ടര്‍ അറിയിച്ചു.
0 Comments