NEWS UPDATE

6/recent/ticker-posts

നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട് ഫാഷന്‍ ഗോള്‍ഡിന്റെ ആസ്തി കണ്ടുകെട്ടാനുള്ള നടപടികളിലേക്ക് എന്‍ഫോഴ്‌സ്‌മെന്റ്

കാസറകോട്: ചരക്കുസേവന നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട് ഫാഷന്‍ ഗോള്‍ഡ് ഇന്റര്‍നാഷണലിന്റെ ആസ്തി കണ്ടുകെട്ടുന്നതടക്കമുള്ള നടപടികളിലേക്ക് എന്‍ഫോഴ്‌സ്‌മെന്റ്.[www.malabarflash.com]

നികുതിയും പിഴയും പലിശയുമടക്കം കാസര്‍കോട് ഖമര്‍ ഫാഷന്‍ ഗോള്‍ഡ് 84,82,744 രൂപയും ചെറുവത്തൂര്‍ ന്യൂഫാഷന്‍ ഗോള്‍ഡ് 57,03,087 രൂപയും പയ്യന്നൂര്‍ നുജൂം ഗോള്‍ഡ് 13,9,506 രൂപയും ഉള്‍പ്പെടെ 1,43,25,337 രൂപ നികുതി അടക്കാതെ വീഴ്ചവരുത്തിയെന്ന് കാണിച്ച് നോട്ടിസ് നല്‍കിയിട്ടും മറുപടി ലഭിക്കാത്തതിനെ തുടര്‍ന്നാണ് സ്വത്ത് കണ്ടുകെട്ടുന്നതിനുള്ള നടപടി തുടങ്ങിയത്.

ഫാഷന്‍ ഗോള്‍ഡിന്റെ പേരില്‍ നടന്ന നിക്ഷേപവുമായി ബന്ധപ്പെട്ട് നടക്കുന്ന പരാതികള്‍ക്കു പിന്നാലെയാണ് ജ്വല്ലറിയുടെ മറവില്‍ 1.43 കോടി രൂപയുടെ നികുതിവെട്ടിച്ചതായി പുറത്തുവന്നിട്ടുള്ളത്. ചെറുവത്തൂരിലെ ന്യൂഫാഷന്‍ ഗോള്‍ഡ്, കാസര്‍കോട്ടെ ഖമര്‍ ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറികളില്‍ എന്‍ഫോഴ്സ്മെന്റ് നടത്തിയ പരിശോധനയിലാണ് ഇത്രയും തുകയുടെ നികുതി വെട്ടിപ്പ് നടത്തിയതായി കെണ്ടത്തിയത്. ഈ തുക തിരിച്ചുപിടിക്കുന്നതിന് അധികൃതര്‍ നിരവധി ശ്രമങ്ങള്‍ നടത്തിയെങ്കിലും ഫലംകാണാതെ വന്നതോടെയാണ് റവന്യൂ റിക്കവറി നടത്തുന്നതിന് വില്ലേജ് ഓഫിസര്‍ക്ക് നോട്ടിസ് അയച്ചത്.

കഴിഞ്ഞ ഡിസംബറില്‍ എന്‍ഫോഴ്സ്മെന്റ് ഡെപ്യൂട്ടി കമ്മിഷണര്‍ നടത്തിയ പരിശോധനയില്‍ കണക്കില്‍പ്പെടാത്ത സ്വര്‍ണവും വെള്ളിയും വില്‍പ്പന നടത്തിയതായി കണ്ടെണ്ടത്തിയിരുന്നു. ഓഗസ്റ്റ് 30 നുള്ളില്‍ പിഴ അടയ്ക്കണമെന്നായിരുന്നു നിര്‍ദേശം. 

പിഴ ചുമത്തിയത് സംബന്ധിച്ച് പരാതി ബോധിപ്പിക്കാന്‍ ജ്വല്ലറി ഉടമകള്‍ക്ക് എന്‍ഫോഴ്സ്മെന്റ് സമയം നല്‍കിയിരുന്നു. പിഴ അടച്ചുതീര്‍ക്കേണ്ട അവസാന തിയതി കഴിഞ്ഞതിനാല്‍ നികുതിയുടെ 50 ശതമാനം കൂടി ചേര്‍ത്ത് തിരിച്ചടക്കേണ്ട തുക പുതുക്കി നിശ്ചയിച്ച് നോട്ടിസ് അയച്ചിരുന്നു. ഇതിനും മറുപടി നല്‍കാത്തതിനാലാണ് ആസ്തികള്‍ കണ്ടുകെട്ടുന്നത് അടക്കമുള്ള നടപടികളിലേക്ക് നീങ്ങിയത്.

Post a Comment

0 Comments