ദുബൈ: ക്യാപ്റ്റൻ കെ.എൽ രാഹുലിന്റെ മിന്നും സെഞ്ചുറിയുടെ ബലത്തിൽ കിംഗ്സ് ഇലവണ്‍ പഞ്ചാബിന് ജയം. സാക്ഷാൽ വിരാട് കോഹ്ലിയുടെ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിനെ 97 റൺസിന് പഞ്ചാബ് കെട്ടുകെട്ടിച്ചു.[www.malabarflash.com]
രാഹുൽ ഷോയിൽ പഞ്ചാബ് ഉയർത്തിയ 207 റൺസ് വിജയലക്ഷ്യത്തിന്റെ പടിക്കൽപോലും കോഹ്ലി സംഘത്തിന് എത്താനായില്ല. 17 ഓവറിൽ 109 റൺസിന് ആർസിബി ഓൾഔട്ടായി. വാഷിംഗ്ടൺ സുന്ദറിനും (30) ഡിവില്ലിയേഴ്സിനും (28) മാത്രമാണ് ആർസിബി നിരയിൽ ഭേദപ്പെട്ട പ്രകടനം നടത്താനായത്.
കൂറ്റൻ വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ വിരാട് കോഹ് ലിക്കും കൂട്ടർക്കും തുടക്കത്തിലേ പിഴച്ചു. ഷെൽഡണ്‍ കോട്രെല്ലിന്റെ മുന്നിൽ ദേവ്ദത്ത് പടിക്കലും (ഒന്ന്) കോഹ്ലിയും (ഒന്ന്) കീഴടങ്ങി. ജോഷ് ഫിലിപ്പിനെ (പൂജ്യം) ഷാമിയും ആരോണ്‍ ഫിഞ്ചിനെ (20) രവി ബിഷ്ണോയിയും ഡിവില്യേഴ്സിനെ (28) മുരുഗൻ അശ്വിനും പുറത്താക്കിയതോടെ റോയൽ ചലഞ്ചേഴ്സ് 8.2 ഓവറിൽ അഞ്ചിന് 57ലേക്ക് കൂപ്പുകുത്തി.
പിന്നീട് ആരും കാര്യമായ ചെറുത്തുനിൽപ്പ് നടത്തിയില്ല. മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ ബിഷ്ണോയിയും അശ്വിനും കോഹ്ലിയേയും പടിക്കലിനെയും വീഴ്ത്തിയ കോട്രെല്ലുമാണ് ആർസിബിയെ എറിഞ്ഞിട്ടത്.
നേരത്തെ കെ.എൽ രാഹുലിന്റെ ഒറ്റയാൾ പോരാട്ടമാണ് പഞ്ചാബിന് കൂറ്റൻ സ്കോർ നൽകിയത്. ഐപിഎൽ 13-ാം എഡിഷനിലെ ആദ്യ സെഞ്ചുറി കുറിച്ച രാഹുൽ ഏഴ് സിക്സറുകളും 14 ബൗണ്ടറികളും പായിച്ചു. 62 പന്തിൽനിന്നാണ് രാഹുൽ സെഞ്ചുറി നേടിയത്. 191.30 ആയിരുന്നു രാഹുലിന്റെ സ്ട്രൈക്ക് റേറ്റ്.
ടോസ് നഷ്ടപ്പെട്ട് ക്രീസിലെത്തിയ കിംഗ്സ് ഇലവണിനായി ഓപ്പണർമാരായ രാഹുലും മായങ്ക് അഗർവാളും ചേർന്ന് ഏഴ് ഓവറിൽ 57 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി. മൂന്നാം നമ്പറായെത്തിയ നിക്കോളാസ് പുരാനെ (18 പന്തിൽ 17) കൂട്ടുപിടിച്ചായിരുന്നു രാഹുലിന്റെ അടുത്ത വെടിക്കെട്ട്. രണ്ടാം വിക്കറ്റ് കൂട്ടുകെട്ടിലും 57 റണ്‍സ് പിറന്നു. അതിൽ 32ഉം രാഹുലിന്റെ സംഭാവനയായിരുന്നു.
ഗ്ലെൻ മാക്സ് വെൽ (അഞ്ച്) വേഗത്തിൽ മടങ്ങിയെങ്കിലും കരുണ്‍ നായർ (എട്ട് പന്തിൽ 15 നോട്ടൗട്ട്) രാഹുലിന് പിന്തുണ നൽകി. ഇവരുടെ നാലാം വിക്കറ്റ് കൂട്ടുകെട്ട് 78 റണ്‍സ് വാരിക്കൂട്ടി. വെറും 28 പന്തിലായിരുന്നു രാഹുൽ-കരുണ്‍ കൂട്ടുകെട്ട് 78 റണ്‍സുമായി പുറത്താകാതെനിന്നത്. അതിൽ 20 പന്തിൽ രാഹുൽ അടിച്ചെടുത്തതാകട്ടെ 62 റണ്‍സും.
0 Comments