NEWS UPDATE

6/recent/ticker-posts

നിയമസഭയിലെ കൈയാങ്കളി കേസ് പിൻവലിക്കില്ല; സർക്കാർ ആവശ്യം തള്ളി

തിരുവനന്തപുരം: കേരള നിയമസഭയിലെ കൈയാങ്കളി കേസ് പിൻവലിക്കണമെന്ന സംസ്ഥാന സർക്കാർ ആവശ്യം കോടതി തള്ളി. പൊതുമുതൽ നശിപ്പിക്കപ്പെട്ട കേസ് എഴുതിത്തള്ളാനാകില്ലെന്ന് ചൂണ്ടിക്കാട്ടി തിരുവനന്തപുരം സി.ജെ.എം കോടതിയാണ് സർക്കാർ ആവശ്യം തള്ളിയത്. [www.malabarflash.com]

ജനപ്രതിനിധികൾക്കെതിരായ കേസ് അനന്തമായി നീണ്ടുപോകുന്നത് ശരിയല്ലെന്നാണ് സർക്കാർ അഭിഭാഷക കോടതിയിൽ ചൂണ്ടിക്കാട്ടിയത്. പൊതുതാൽപര്യം മുൻനിർത്തി കേസ് പിൻവലിക്കാൻ സർക്കാർ തീരുമാനിച്ചിരിക്കുന്നു. അതിന് കോടതി അനുമതി നൽകണമെന്നും അഭിഭാഷക ആവശ്യപ്പെട്ടിരുന്നു. സർക്കാർ നിലപാടിനെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ബി.ജെ.പിയും ശക്തമായി എതിർത്തു.

ഇടത് സർക്കാർ അധികാരത്തിലേറിയ ശേഷം മുൻ എം.എൽ.എ വി. ശിവൻകുട്ടി നൽകിയ അപേക്ഷ പരിഗണിച്ചാണ് കേസ് പിൻവലിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ ഉത്തരവിട്ടത്. രാഷ്രീയ ദുഷ്ടലാക്കോടെയാണ് കേസ് രജിസ്റ്റര്‍ ചെയ്തതെന്നാണ് ശിവന്‍കുട്ടിയുടെ അപക്ഷേയില്‍ ചൂണ്ടിക്കാട്ടിയിരുന്നത്.

2015ലെ യു.ഡി.എഫ് സർക്കാറിന്‍റെ കാലത്ത് ബാർ കോഴ കേസിൽ ആരോപണ വിധേയനായ അന്നത്തെ ധനമന്ത്രി കെ.എം മാണിയുടെ ബജറ്റ് അവതരണം തടസപ്പെടുത്താൻ പ്രതിപക്ഷം നടത്തിയ ശ്രമമാണ് സഭക്കുള്ളിൽ കൈയാങ്കളിയിലും സംഘർഷത്തിലും കലാശിച്ചത്. അന്നത്തെ എം.എൽ.എമാരായിരുന്ന ഇ.പി ജയരാജൻ, കെ.ടി ജലീൽ, വി. ശിവൻകുട്ടി, കെ. അജിത്, കെ. കുഞ്ഞുമുഹമ്മദ് മാസ്റ്റർ, സി.കെ. സദാശിവൻ എന്നിവരാണ് കേസിലെ പ്രതികൾ. രണ്ടര ലക്ഷം രൂപയുടെ പൊതുമുതൽ നശിപ്പിച്ചെന്നാണ് പൊലീസ് കുറ്റപത്രത്തിലുള്ളത്.

ആറ് എം.എല്‍.എ.മാര്‍ പ്രഥമദൃഷ്ട്യാ കുറ്റക്കാരാണെന്നും പൊതുമുതല്‍ നശിപ്പിച്ചുവെന്നും ക്രൈംബ്രാഞ്ചും റിപ്പോർട്ട് നൽകിയിരുന്നു. ജനപ്രതിനിധികൾക്കെതിരായ പരാതി പരിഗണിക്കുന്ന കൊച്ചിയിലെ കോടതിയിലാണ് കേസ് ആദ്യം പരിഗണിച്ചത്. പിന്നീട് ഹൈകോടതി നിർദേശ പ്രകാരം തിരുവനന്തപുരം സി.ജെ.എം കോടതിയിലേക്ക് കേസ് മാറ്റുകയായിരുന്നു.

Post a Comment

0 Comments