NEWS UPDATE

6/recent/ticker-posts

വിവാഹ സത്കാരം കഴിഞ്ഞതിന്റെ പിറ്റേന്ന് വീട്ടുകാരെ തേടിയെത്തിയത് പോലീസിന്റെ അപ്രതീക്ഷിത 'സമ്മാനം'

മലപ്പുറം: വിവാഹ സത്കാരം കഴിഞ്ഞതിന്റെ പിറ്റേന്ന് വീട്ടുകാരെ തേടിയെത്തിയത് പോലീസിന്റെ അപ്രതീക്ഷിത 'സമ്മാനം'. ഇരുകൈയും നീട്ടി വീട്ടുകാർ സമ്മാനം സ്വീകരിക്കുകയും ചെയ്തു.[www.malabarflash.com]

സത്കാരത്തിനുശേഷമുളള മാലിന്യം റോഡിൽ തളളിയതിനാണ് പ്രശ്നമായത്. വീട്ടുകാരെ സ്ഥലത്ത് വിളിച്ചുവരുത്തി അവരെക്കൊണ്ടുതന്നെ മാലിന്യം മുഴുവൻ നീക്കം ചെയ്യിക്കുകയായിരുന്നു. നിലമ്പൂരിനുസമീപം പോത്തുകല്ലിലായിരുന്നു സംഭവം.

കഴിഞ്ഞ പത്തിനായിരുന്നു വിവാഹ സത്കാരം നടന്നത്. തുടർന്ന് മാലിന്യം പ്രധാന റോഡായ സുൽത്താൻപടി -പൂക്കോട്ടുമണ്ണ റോഡിന്റെ വശത്ത് തളളി. പിറ്റേന്നാണ് വിവരം നാട്ടുകാർ പോലീസിന്റെ ശ്രദ്ധയിൽപ്പെടുത്തിയത്. കോവിഡ് നിയന്ത്രണം ഉളളതിനാൽ വിവാഹസത്കാരം നടത്താൻ പോലീസിന്റെ മുൻകൂർ അനുമതി വേണ്ടിയിരുന്നതിനാൽ പോലീസിന് കാര്യങ്ങൾ എളുപ്പമായി. അണ്ടിക്കുന്നിലെ വീട്ടുകാരാണ് സംഭവത്തിന് പിന്നിലെന്നും കണ്ടെത്തി. ഉറപ്പിനുവേണ്ടി സി സി ടി ദൃശ്യങ്ങളും പരിശോധിച്ചു. അതോടെ അണ്ടിക്കുന്നിലെ വീട്ടുകാരാണ് മാലിന്യം തളളിയതെന്ന് ഉറപ്പിച്ചു.

ഇനിമേലിൽ ഇത്തരത്തിലൊന്ന് ആവർത്തിക്കാതിരിക്കാൻ മാലിന്യംതളളിയവർക്ക് ഇത്തിരി കടുത്ത പണിതന്നെ കൊടുക്കാൻ തീരുമാനിച്ചു. വീട്ടുകാരെ വിളിച്ച് പോലീസ് കാര്യം പറഞ്ഞപ്പോൾ തങ്ങൾതന്നെ മാലിന്യം നീക്കാമെന്ന് അവർ സമ്മതിച്ചു. അവരോടൊപ്പം നാട്ടുകാരും ട്രോമാകെയർ പ്രവർത്തകരും ചേർന്നപ്പോൾ പരിസരം ഉൾപ്പടെ മണിക്കൂറുകൾക്കകം ക്ളീനാക്കി. 

സംഭവം പുറത്തറിഞ്ഞതോടെ മാതൃകാപരമായി പ്രവർത്തിച്ചതിന് പോത്തുകല്ലിലെ പോലീസുകാർക്ക് നിരവധിപേർ അഭിനന്ദനം രേഖപ്പെടുത്തി.

Post a Comment

0 Comments