NEWS UPDATE

6/recent/ticker-posts

പ്രമുഖ തെയ്യം കലാകാരന്‍ കുഞ്ഞിരാമന്‍ വൈദ്യര്‍ അന്തരിച്ചു


പിലിക്കോട്: പ്രസിദ്ധ തെയ്യം കലാകാരനും ആയുര്‍വേദ ബാലചികിത്സകനുമായിരുന്ന പിലിക്കോട് വയലിലെ വി.കുഞ്ഞിരാമന്‍ വൈദ്യര്‍ (73) അന്തരിച്ചു.[www.malabarflash.com]

തെയ്യം മുഖത്തെഴുത്ത് പ്രതിഭയും തോറ്റംപാട്ട് കലാകാരനുമായിരുന്നു. കേരള സംഗീത അക്കാദമിയുടെ കലാശ്രീ പുരസ്‌ക്കാരം, കേരള ഫോക് ലോര്‍ അക്കാദമി അവാര്‍ഡ് എന്നിവ നേടിയിട്ടുണ്ട്. 

സംസ്‌ക്കാരം വെള്ളിയാഴ്ച ഉച്ചക്ക് രണ്ടിന് മട്ടലായി പൊതു ശ്മശാനത്തില്‍ നടക്കും.

പിലിക്കോട് വയലിലെ തെയ്യം കലാകാരനായ കെ.വി.രാമന്‍ മണക്കാടന്റെയും കൊടക്കാട് വെള്ളച്ചാലിലെ ഏഴോത്ത് പാറുവിന്റെയും മൂത്തമകനായിരുന്നു. വളരെ ചെറുപ്പത്തില്‍ തെയ്യം കലയില്‍ ആകൃഷ്ടനായിരുന്നു. കണ്ണന്‍ പെരുവണ്ണാന്‍, നര്‍ത്തക രത്‌നം കണ്ണന്‍ പെരുവണ്ണാന്‍ എന്നിവരില്‍ നിന്ന് ബാല്യത്തില്‍ത്തന്നെ വിവിധ തെയ്യങ്ങളുടെ തോറ്റംപാട്ടും മുഖത്തെഴുത്തും പഠിച്ചു. പതിമൂന്നാം വയസ്സില്‍ അച്ഛന്റെ മുഖത്തെഴുതിക്കൊണ്ട് കലാരംഗത്തേക്ക് അരങ്ങേറ്റം കുറിച്ചു. അറുപതു വര്‍ഷമായി തെയ്യം കലയുടെ പിന്നണിയില്‍ പ്രവര്‍ത്തിച്ചു വരുന്നു.

തെയ്യങ്ങളുടെയും ക്ഷേത്രങ്ങളുടെയും പുരാവൃത്തങ്ങളെക്കുറിച്ചുള്ള അവഗാഹമുള്ള വൈദ്യര്‍, ഉത്തരമലബാറിലെ ചെറുതും വലുതുമായ മിക്ക കളിയാട്ടങ്ങളിലും പങ്കെടുത്തിട്ടുണ്ട്. എല്ലാ തെയ്യക്കോലങ്ങളുടെയും തോറ്റം പാട്ടുകള്‍ വൈദ്യര്‍ക്ക് മനഃപാഠമാണ്. അതിനാല്‍തന്നെ ഒളവറ മുതല്‍ മുനയന്‍കുന്ന് വരെയുള്ള കളിയാട്ടസ്ഥലങ്ങളിലെല്ലാം തെയ്യങ്ങളെ തോറ്റിയുണര്‍ത്താന്‍ ഇദ്ദേഹമുണ്ടാകുമായിരുന്നു. 

സ്വദേശത്തും വിദേശത്തുമായി നിരവധി ശിഷ്യന്മാര്‍ ഉണ്ട്. അമേരിക്കയിലെ കാലിഫോര്‍ണിയ യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥി ജെ.റിച്ചാര്‍ഡ്‌സ് ഫ്രീമന്‍, ജാപ്പാനീസ് ഗവേഷക വിദ്യാര്‍ഥിനി മയൂരി കോഹ തുടങ്ങിയവര്‍ വൈദ്യരുടെ ശിഷ്യന്മാരായിരുന്നു.

Post a Comment

0 Comments