NEWS UPDATE

6/recent/ticker-posts

സഹകരണ ബാങ്കുകളെ റിസര്‍വ് ബാങ്കിന്റെ മേല്‍നോട്ടത്തില്‍ കൊണ്ടുവരാനുള്ള ബില്‍ രാജ്യസഭയും പാസാക്കി

ന്യൂഡല്‍ഹി: സഹകരണ ബാങ്കുകളെ റിസര്‍വ് ബാങ്കിന്റെ മേല്‍നോട്ടത്തില്‍ കൊണ്ടുവരുന്നതിനായി 2020ലെ ബാങ്കിംഗ് റെഗുലേഷന്‍ ബില്‍ രാജ്യസഭ ചൊവ്വാഴ്ച പാസാക്കി. ശബ്ദവോട്ടോടുകൂടിയാണ് രാജ്യസഭ ബില്‍ പാസാക്കിയത്. സെപ്തംബര്‍ 16ന് ലോക്സഭയും ബില്‍ പാസാക്കിയിരുന്നു. പ്രതിപക്ഷാംഗങ്ങളുടെ എതിര്‍പ്പ് അവഗണിച്ചായിരുന്നു അന്ന് ബില്‍ പാസാക്കിയിരുന്നത്.[www.malabarflash.com]


കോവിഡ് പകര്‍ച്ചവ്യാധിയെ തുടര്‍ന്ന് രാജ്യത്തെ നിരവധി സഹകരണ ബാങ്കുകള്‍ പ്രതിസന്ധിയിലായതായും ഇവയുടെ ധനസ്ഥിതി ആര്‍.ബി.ഐ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും ബില്ലിനെക്കുറിച്ചുള്ള ചര്‍ച്ചയില്‍ ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പറഞ്ഞു. 

നിക്ഷേപകരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിനാണ് ഭേദഗതി കൊണ്ടുവരുന്നതെന്നും മൊറട്ടോറിയം ഇല്ലാതെ സഹകരണ ബാങ്കുകളെ വേഗത്തില്‍ വീണ്ടെടുക്കുന്നതിന് ഈ ഭേദഗതി സഹായിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

സഹകരണ സംഘങ്ങളുടെ ബാങ്കിംഗ് പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കാന്‍ മാത്രം റിസര്‍വ് ബാങ്കിനെ അധികാരപ്പെടുത്തുന്നതാണ് ബില്‍. ഇത് കാര്‍ഷിക വായ്പ സൊസൈറ്റിക്കോ കാര്‍ഷിക വികസനത്തിന് ധനസഹായം നല്‍കുന്ന സഹകരണ സംഘത്തിനോ ബാധകമല്ല. ഈ ഭേദഗതി സംസ്ഥാന സഹകരണ നിയമപ്രകാരം സഹകരണ സംഘങ്ങളുടെ സംസ്ഥാന രജിസ്ട്രാരുടെ നിലവിലുള്ള അധികാരങ്ങളെ ബാധിക്കില്ലെന്നും ധനമന്ത്രി വ്യക്തമാക്കി.

മാര്‍ച്ചിലെ ബജറ്റ് സെഷനിലാണ് ബില്‍ ആദ്യമായി അവതരിപ്പിച്ചത്. എന്നാല്‍ കോവിഡ് മഹാമാരി കാരണം ബില്‍ കൈമാറാന്‍ കഴിഞ്ഞില്ല. സഹകരണ ബാങ്കുകളെ റിസര്‍വ് ബാങ്കിന്റെ മേല്‍നോട്ടത്തില്‍ കൊണ്ടുവരാനുള്ള ഓര്‍ഡിനന്‍സിന് ജൂണ്‍ 26ന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കിയിരുന്നു. ഈ ഓര്‍ഡിനന്‍സിന് പകരമായിട്ടുള്ള ബില്ലാണിത്. 

പഞ്ചാബ്, മഹാരാഷ്ട്ര സഹകരണ ബാങ്കുകളുടെ അഴിമതിക്ക് പിന്നാലെയാണ് നിക്ഷേപകരുടെ താത്പര്യം സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടുകൂടി സര്‍ക്കാര്‍ ഇത്തരമൊരു നീക്കം നടത്തിയത്.

Post a Comment

0 Comments