NEWS UPDATE

6/recent/ticker-posts

'സ്വര്‍ണ്ണക്കടത്ത് കേസില്‍ ആരോപണവിധേയനായ രണ്ടാംമന്ത്രി കടകംപള്ളി; അതിന്റെ തെളിവ് ചോദിക്കരുത്': ആരോപണവുമായി സന്ദീപ് വാര്യര്‍

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ ആരോപണ വിധേയനായ രണ്ടാം മന്ത്രി കടകംപള്ളി സുരേന്ദ്രനാണെന്ന ആരോപണവുമായി ബി.ജെ.പി നേതാവ് സന്ദീപ് വാര്യര്‍. മാതൃഭൂമി ന്യൂസിന്റെ സൂപ്പര്‍പ്രൈംടൈമിലാണ് മന്ത്രിക്കെതിരെ ഗുരുതരാരോപണവുമായി രംഗത്തെത്തിയത്.[www.malabarflash.com]
തെളിവുകളുടെ അടിസ്ഥാനത്തിലാണോ മന്ത്രിയ്‌ക്കെതിരെ ആരോപണം ഉന്നയിക്കുന്നതെന്ന ചോദ്യത്തിന്, ‘രാഷ്ട്രീയ പ്രവര്‍ത്തകര്‍ വിഷയങ്ങള്‍ ഉന്നയിക്കുന്നത് ബോധ്യങ്ങളുടെ അടിസ്ഥാനത്തിലാണെന്നായിരുന്നു സന്ദീപിന്റെ മറുപടി.

‘അന്വേഷണ ഏജന്‍സികളുടെ പണി ഞങ്ങള്‍ ചെയ്യുന്നില്ല. താന്‍ കടകംപള്ളിയുടെ പേര് കേള്‍ക്കുന്നത് പ്രഗത്ഭരായ രാഷ്ട്രീയ നിരീക്ഷകര്‍ സാമൂഹ്യ മാധ്യമങ്ങളില്‍ ആ പേര് പറഞ്ഞപ്പോഴാണ്. സ്വപ്ന സുരേഷുമായി ഫോണ്‍ സംഭാഷണം നടത്തിയെന്ന ആരോപണം കടകംപള്ളി നേരിടുന്നുവെന്നാണ് ഞാന്‍ മനസിലാക്കുന്നത്. അദ്ദേഹം സ്വപ്നയെ പലതവണ സന്ദര്‍ശിച്ചുവെന്ന ആരോപണമുണ്ടെന്ന് മാധ്യമ പ്രവര്‍ത്തകരില്‍നിന്ന് അറിയാന്‍ സാധിച്ചു. അതുസംബന്ധിച്ച് മന്ത്രിയുടെ പ്രതികരണം വരട്ടെ- സന്ദീപ് പറഞ്ഞു.

കേസുമായി ബന്ധപ്പെട്ട് പുതിയ ചില മന്ത്രിമാരെക്കുറിച്ചും ആരോപണങ്ങള്‍ വരുന്നുണ്ടെന്നും പ്രതിപക്ഷ നേതാവാണ് അത്തരം ആരോപണം ആദ്യമായി ഉന്നയിച്ചതെന്നും സന്ദീപ് പറഞ്ഞു. പുതിയൊരു മന്ത്രിയുടെ പേര് ഉയര്‍ന്നുവരുന്നത് തിരുവനന്തപുരത്ത് നിന്നുള്ള കടകംപള്ളി സുരേന്ദ്രന്റേതാണെന്നും ഇതുമായി എന്താണ് ബന്ധമുള്ളതെന്ന് അദ്ദേഹംതന്നെ വിശദീകരിക്കട്ടെയെന്നുമാണ് സന്ദീപിന്റെ മറുപടി.

‘എന്തായാലും വരും ദിവസങ്ങളില്‍ ഇതുസംബന്ധിച്ച തെളിവുകള്‍ പുറത്തുവരുമല്ലോ? താന്‍ രാവിലെ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ഇത്തരത്തില്‍ ഒരു ആരോപണം ഉന്നയിച്ചിട്ടില്ല.

പക്ഷെ മറ്റൊരുമന്ത്രിയുടെ പേര് കടകംപള്ളിയാണെന്ന് താന്‍ വ്യക്തമായി മനസിലാക്കുന്നുവെന്നും സന്ദീപ് പറഞ്ഞു. അതേസമയം താന്‍ മനസിലാക്കിയ കാര്യമാണ് പറഞ്ഞത്. അതിന്റെ തെളിവ് തന്നോട് ചോദിക്കരുതെന്നും സന്ദീപ് ചര്‍ച്ചയില്‍ വ്യക്തമാക്കി.

Post a Comment

0 Comments