NEWS UPDATE

6/recent/ticker-posts

കുമ്പളയിലെ സി.പി.എം പ്രവര്‍ത്തകന്റെ കൊല; ഒന്നാംപ്രതിക്ക് ജീവപര്യന്തം കഠിനതടവും രണ്ടുലക്ഷം രൂപ പിഴയും

കാസര്‍കോട്: സി.പി.എം പ്രവര്‍ത്തകന്‍ കുമ്പള ശാന്തിപ്പള്ളത്തെ പി. മുരളിയെ(35) കുത്തിക്കൊലപ്പെടുത്തിയ കേസിലെ ഒന്നാംപ്രതിയും ബി.ജെ.പി പ്രവര്‍ത്തകനുമായ ശരത് രാജിനെ ജില്ലാ അഡീഷണല്‍ സെഷന്‍സ്(രണ്ട്) കോടതി ജഡ്ജ് രാജന്‍ തട്ടില്‍ ജീവപര്യന്തം കഠിനതടവിനും രണ്ട് ലക്ഷം രൂപ പിഴയടക്കാനും ശിക്ഷിച്ചു.[www.malabarflash.com]

പിഴയടച്ചില്ലെങ്കില്‍ ഒരുവര്‍ഷം അധികതടവ് അനുഭവിക്കണം.
പിഴതുക കൊല്ലപ്പെട്ട മുരളിയുടെ കുടുംബത്തിന് നഷ്ടപരിഹാരമായി നല്‍കാനും കോടതി ഉത്തരവിട്ടു. 

ശരതിനെ വെള്ളിയാഴ്ച ഉച്ചയോടെ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു. വൈകിട്ട് 3.30 മണിയോടെയാണ് പ്രതിക്കുള്ള ശിക്ഷ പ്രഖ്യാപിച്ചത്. കേസിലെ മറ്റ് പ്രതികളെ കുറ്റംതെളിയിക്കാന്‍ സാധിക്കാതിരുന്നതിനാല്‍ കോടതി നേരത്തെ വിട്ടയച്ചിരുന്നു.

2017 ഒക്ടോബര്‍ 17ന് വൈകിട്ട് അഞ്ചുമണിയോടെയാണ് കേസിനാസ്പദമായ സംഭവം. സീതാംഗോളി അപ്‌സര മില്ലിനടുത്ത് മുരളി സഞ്ചരിച്ച ഓട്ടോറിക്ഷ ശരത് രാജിന്റെ നേതൃത്വത്തിലുള്ള സംഘം തടയുകയും മാരകായുധങ്ങള്‍ കൊണ്ട് അക്രമിക്കുകയുമായിരുന്നു. കുത്തേറ്റ് ഗുരുതരാവസ്ഥയിലായ മുരളിയെ കുമ്പള സഹകരണാസ്പത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു. 

ദിനേശ്, വരദരാജ്, മിഥുന്‍കുമാര്‍, നിധിന്‍രാജ്, കിരണ്‍കുമാര്‍, മഹേഷ്, അജിത്കുമാര്‍ എന്നിവരെയാണ് വിട്ടയച്ചത്. രാഷ്ട്രീയവൈരാഗ്യാണ് കൊലപാതകത്തിന് കാരണമെന്നായിരുന്നു കേസ്. പ്രോസിക്യൂഷന് വേണ്ടി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അബ്ദുല്‍സത്താര്‍ ഹാജരായി.

Post a Comment

0 Comments