കണ്ണൂർ: ചെങ്ങളായിയിൽ മാനസിക ആരോഗ്യക്കുറവുള്ള 22കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി. സംഭവത്തിൽ മൂന്നുപേർ അറസ്റ്റിൽ.[www.malabarflash.com]
ചെങ്ങളായി അരിമ്പ്രയിലെ നടുക്കുന്നുമ്മൽ സിയാദ് (32), ചെങ്ങളായി സ്വദേശിയും കൊളച്ചേരിയിൽ താമസക്കാരനുമായ പുലിമുണ്ട വീട്ടിൽ മുഹമ്മദ് ബാഷ (35), ചെങ്ങളായിലെ ഓട്ടോ ഡ്രൈവർ അരിമ്പ്രയിലെ ചെട്ടിപ്പീടിക വീട്ടിൽ അബൂബക്കർ (52) എന്നിവരെയാണ് തളിപ്പറമ്പ് ഡിവൈ.എസ്.പി. ടി.കെ. രത്നകുമാർ അറസ്റ്റ് ചെയ്തത്.
യുവതിയെ കഴിഞ്ഞ ദിവസം വൈകീട്ടോടെ കാണാതാവുകയും വീട്ടുകാർ ശ്രീകണ്ഠപുരം പോലീസിൽ പരാതി നൽകുകയും ചെയ്തിരുന്നു. അന്വേഷണം നടത്തുന്നതിനിടെ രാത്രി ഒമ്പതിന് പ്രതി സിയാദ് യുവതിയെ ബൈക്കിൽ വീട്ടുപരിസരത്ത് ഇറക്കുകയായിരുന്നു. അവശനിലയിലായ യുവതി നൽകിയ മൊഴിയിലാണ് കൂട്ടബലാത്സംഗം നടന്നതായി തെളിഞ്ഞത്. തുടർന്നാണ് പ്രതികൾ പിടിയിലായത്.
കടയിൽനിന്ന് വരുകയായിരുന്ന യുവതിയെ സിയാദ് വീട്ടുപരിസരത്തിറക്കാമെന്നു പറഞ്ഞ് ബൈക്കിൽ കയറ്റി ആളൊഴിഞ്ഞ സ്ഥലത്തെ ഷെഡിലെത്തിക്കുകയായിരുന്നു. അവിടെവെച്ച് മൂവരും ചേർന്ന് യുവതിയെ ക്രൂരമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
സിയാദ് നേരത്തെ പീഡന, മോഷണ കേസുകളിൽ പ്രതിയാണ്. സി ഐ ഇ.പി. സുരേശൻ, എസ്ഐ ടി. സുനിൽകുമാർ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കി.
0 Comments