കൊലപാതകത്തിന് മറ്റാരുടെയെങ്കിലും സഹായമോ നിർദേശമോ ലഭിച്ചിരുന്നോ എന്നാണ് പ്രധാനമായും ചോദിച്ചറിയുന്നത്. ഉണ്ണിയുടെ അറസ്റ്റ് വെള്ളിയാഴ്ച രാവിലെ രേഖപ്പെടുത്തും. കൂടുതൽ ചോദ്യംചെയ്യലിനുശേഷം മാത്രമേ അൻസറിന്റെ അറസ്റ്റ് രേഖപ്പെടുത്തൂ.
തുടർന്ന് മുഴുവൻ പ്രതികളെയും കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് ആരംഭിക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു.
പ്രതികളുടേതെന്ന് കരുതുന്ന വസ്ത്രങ്ങളും വെട്ടാനും കുത്താനും ഉപയോഗിച്ച ആയുധങ്ങളിൽ ചിലതും പോലീസ് കണ്ടെടുത്തു. നെടുമങ്ങാട് ആനാടിന് സമീപത്തെ മൊട്ടക്കാവിലെ റബർ തോട്ടത്തിൽനിന്നാണ് രണ്ട് ഷർട്ട് കണ്ടെടുത്തത്. ഇവ പ്രതികൾ ഉപയോഗിച്ചതെന്നാണ് നിഗമനം. ഷർട്ടും ആയുധങ്ങളും ഫോറൻസിക് പരിശോധനക്കയച്ചു.
കൊലപാതകത്തിൽ ചില പ്രാദേശിക കോൺഗ്രസ് പ്രവർത്തകരുടെ ഇടപെടലും പോലീസ് പരിശോധിക്കുന്നുണ്ട്. ഗൂഢാലോചനയിലും ആയുധനങ്ങൾ എത്തിക്കുന്നതിലും പ്രതികൾക്ക് ഒളിവിൽ പോകുന്നതിലും ഇവരുടെ സഹായം ഉണ്ടായിരുന്നതായി അന്വേഷണസംഘത്തിന് സൂചന ലഭിച്ചിട്ടുണ്ട്.
വരും ദിവസങ്ങളിൽ ഇവരെ ചോദ്യംചെയ്തേക്കും. ചിലരുടെ മൊബൈൽ ഫോൺ വിളികളുടെ വിവരങ്ങളും പരിശോധിച്ചുവരികയാണ്. രണ്ടുമാസത്തെ ഫോൺ വിവരങ്ങളാണ് ശേഖരിക്കുന്നത്. ടവർ ലൊക്കേഷനും പരിശോധിക്കുന്നുണ്ട്.
ഉത്രാടദിവസമാണ് ഡിവൈ. എഫ്.ഐ പ്രവർത്തകരായ ഹഖ് മുഹമ്മദ്, മിഥിലാജ് എന്നിവരെ ഒരുസംഘം വെട്ടിക്കൊലപ്പെടുത്തിയത്. സംഭവത്തിൽ പുല്ലമ്പാറ സ്വദേശികളായ ഷജിത് മൻസിലിൽ ഷജിത് (27), ചരുവിള പുത്തൻവീട്ടിൽ അജിത് (27), റോഡരികത്ത് വീട്ടിൽ നജീബ് (41), റോഡരികത്ത് വീട്ടിൽ സതിമോൻ (47), ചെറുകോണത്ത് വീട്ടിൽ സജീവ് (35), മദപുരം ചരുവിള വീട്ടിൽ സനൽ (32), തടത്തരികത്ത് വീട്ടിൽ പ്രീജ (30) എന്നിവരെ നേരത്തേ പൊലീസ് അറസ്റ്റ് ചെയ്തു.
",
0 Comments