NEWS UPDATE

6/recent/ticker-posts

വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകം: മുഖ്യപ്രതികളായ രണ്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍

തിരുവനന്തപുരം: വെഞ്ഞാറമൂടില്‍ രണ്ട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ രണ്ട് മുഖ്യപ്രതികള്‍ കൂടി അറസ്റ്റിലായി. കേസിലെ ഒന്നും മൂന്നും പ്രതികളായ സജീവ്, സനല്‍ എന്നിവരാണ് പിടിയിലായത്.[www.malabarflash.com]

രണ്ടുപേരും കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ്. ഐഎന്‍ടിയുസി അടക്കമുള്ള സംഘടനകളുമായി സജീവബന്ധവുമുണ്ട്. മാരകായുധങ്ങളുമായി മിഥിലാജിനെയും ഹഖ് മുഹമ്മദിനെയും ആക്രമിച്ചതും വെട്ടിപ്പരിക്കേല്‍പിച്ചതും ഇവരാണെന്ന് പോലിസ് പറഞ്ഞു. ഐഎന്‍ടിയുസി പ്രവര്‍ത്തകനായ ഉണ്ണിയുടെ സഹോദരനാണ് ഇപ്പോള്‍ അറസ്റ്റിലായ സനല്‍. 

അക്രമികള്‍ക്ക് സഹായം നല്‍കിയവരും ഇവരെ രക്ഷപ്പെടാന്‍ സഹായിച്ചവരുമായ ആറുപേരെ നേരത്തേ പോലിസ് കസ്റ്റഡിയിലെടുത്തിരുന്നു. 

കാലപാതകക്കേസിലെ പ്രതികള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണെന്ന് പോലിസിന്റെ എഫ്ഐആറില്‍ വ്യക്തമാക്കുന്നുണ്ട്. ഹഖ് മുഹമ്മദ്, മിഥിലാജ് എന്നിവരെ വെട്ടിക്കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെയാണ് പ്രതികള്‍ ഞായറാഴ്ച സംഭവസ്ഥലത്തെത്തിയത്. മുഖ്യപ്രതി സജീവ്, രണ്ടാം പ്രതി അന്‍സാര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ആക്രമണം.

കേസിലെ പരാതിക്കാരനായ ഷെഹീലിനെ സജീവ് അസഭ്യം വിളിച്ച ശേഷമാണ് സുഹൃത്തുക്കളായ ഹഖിനെയും മിഥുലജിനെയും പ്രതികള്‍ ആക്രമിച്ചതെന്നും എഫ്ഐആറില്‍ പറയുന്നു. അക്രമത്തിന്റെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. മിഥുലാജ് സംഭവസ്ഥലത്തും ഹഖ് ആശുപത്രിയിലും മരിച്ചു. 

ഒരു വാളും കത്തിയും സംഭവസ്ഥലത്ത് ഉപേക്ഷിച്ചാണ് അക്രമികള്‍ കടന്നുകളഞ്ഞത്. മുഖ്യപ്രതികളെന്ന് കരുതുന്ന സജീവ്, സനല്‍ മറ്റ് പ്രതികളായ ഷജിത്ത്, അന്‍സാര്‍, സതി എന്നിവരുള്‍പ്പെടെ എട്ടുപേര്‍ പോലിസ് പിടിയിലായിട്ടുണ്ട്. 

ഇപ്പോള്‍ അറസ്റ്റിലായ സജീവിന്റെ നേതൃത്വത്തിലായിരുന്നു അക്രമമെന്ന് കൊല്ലപ്പെട്ടവര്‍ക്ക് ഒപ്പമുണ്ടായിരുന്ന പ്രധാന സാക്ഷി മാധ്യമങ്ങളോട് പറഞ്ഞു. 

വെട്ടേറ്റു മരിച്ച മിഥിലാജ് (30) ഡിവൈഎഫ്‌ഐ തേവലക്കാട് യൂനിറ്റ് അംഗവും ഹഖ് മുഹമ്മദ് ഡിവൈഎഫ്‌ഐ കലിംഗുമുഖം യൂനിറ്റ് പ്രസിഡന്റും സിപിഎം കലിംഗുമുഖം ബ്രാഞ്ച് കമ്മിറ്റി അംഗവുമാണ്.

Post a Comment

0 Comments