NEWS UPDATE

6/recent/ticker-posts

വ്യാജസ്റ്റിക്കറിൽ സിഗരറ്റ് വിൽപ്പന: 1.98 കോടി ജി.എസ്.ടി വകുപ്പ് പിടികൂടി

തൃശൂർ: സംസ്ഥാനത്ത് വിൽപ്പനയില്ലാത്ത സിഗരറ്റുകൾ ഇവിടെയെത്തിച്ച് വില കൂട്ടി വ്യാജ സ്റ്റിക്കറൊട്ടിച്ച് വിൽക്കുന്ന സംഘത്തിലെ അഞ്ച് പേർ പിടിയിൽ. ഇവരിൽ നിന്ന് തൃശൂരിലെ കേരള ജി.എസ്.ടി ഇന്റലിജന്റ്സ് വിഭാഗം 1.98 കോടി രൂപയും പിടികൂടി.[www.malabarflash.com]

സംഭവവുമായി ബന്ധപ്പെട്ട് പാലക്കാട് കടമ്പഴിപ്പുറം എഴുവന്തലയിലെ അബ്ദുൾ ഗഫൂർ (38), അടുത്ത ബന്ധുവായ കടമ്പഴിപ്പുറത്തെ അബ്ദുൾ ഫനീഫ (34), തിരൂരിലെ ലത്തീഫ് (38) തുടങ്ങി അഞ്ച് പേരെയാണ് പിടികൂടിയത്. ഫനീഫയുടെ പക്കൽ നിന്ന് ഒരു കോടിയും ഗഫൂറിന്റെ പക്കൽ നിന്ന് 50 ലക്ഷവും അടക്കം 1.98 കോടിയാണ് പിടിച്ചത്. വ്യാജ സ്റ്റിക്കറൊട്ടിച്ച സിഗരറ്റ് പായ്ക്കുകളും സ്റ്റിക്കറും പിടിച്ചെടുത്തിട്ടുണ്ട്.

പഞ്ചാബ്, ജമ്മു എന്നിവിടങ്ങളിൽ വിൽപ്പനയിലുള്ള സ്‌പെഷ്യൽ ഫിൽറ്റർ ഇനത്തിൽപെട്ട സിഗരറ്റാണ് കേരളത്തിലെത്തിക്കുന്നത്. 48 രൂപയാണ് ഇതിന്റെ വില. വില രേഖപ്പെടുത്തിയ ഇടത്ത് വേറൊരു സ്റ്റിക്കർ ഒട്ടിച്ചാണ് വിപണിയിലെത്തിക്കുന്നത്. ഈ സ്റ്റിക്കറിൽ 80 രൂപയാണ് കാണിക്കുന്നത്.

കേരളത്തിൽ ഈ സിഗരറ്റ് വിൽപ്പനയില്ലാത്തതിനാലും ഇത്തരം വ്യാജ സ്റ്റിക്കർ മാത്രമുള്ള പായ്ക്കുകൾ മാത്രമാണ് കിട്ടുന്നതെന്നതിനാലും യഥാർത്ഥ വില ഉപഭോക്താവ് അറിയുന്നില്ല. 

വർഷങ്ങളായി തട്ടിപ്പ് സംഘം ഈ വിധത്തിലുള്ള വിൽപ്പന നടത്തുന്നതായി വിവരം ലഭിച്ചു. കോവിഡ് കാലത്തും കേരള വിപണിയിൽ സുലഭമായി സ്‌പെഷ്യൽ ഫിൽറ്റർ സിഗരറ്റ് കിട്ടുന്ന കാര്യത്തെപ്പറ്റിയുള്ള അന്വേഷണത്തിലാണ് തട്ടിപ്പ് കണ്ടെത്തിയത്. കേരളത്തിലുടനീളം ഇത്തരം തട്ടിപ്പ് ശൃംഖലയുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. കോവിഡ് കാരണം ഊർജ്ജിതമായ അന്വേഷണത്തിന് തടസമുണ്ടായതായി അന്വേഷണ സംഘം പറഞ്ഞു. 

കേരള ജി.എസ്.ടി ഇന്റലിജന്റ്‌സ് രണ്ട് മാസമായി നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടാനായതും പണം കണ്ടെത്താനായതും. 

തീവണ്ടി മാർഗം ഷൊർണൂരിലെത്തിച്ചാണ് സിഗരറ്റ് മറ്റിടങ്ങളിലേക്ക് മാറ്റുന്നത്. അന്വേഷണത്തിന് നേതൃത്വം നൽകുന്നതിനായി കേരള ജി.എസ്.ടി. അഡീഷണൽ കമ്മിഷണർ അബ്രഹാം റെൻ തൃശൂരിൽ തമ്പടിച്ചിരുന്നു. എറണാകുളം ജോയിന്റ് കമ്മിഷണർ പ്രശാന്ത് ഗോപാൽ, ഡെപ്യൂട്ടി കമ്മിഷണർമാരായ സി.ആർ.കെ സുർജിത്, രാജീവ്, ടാക്‌സ് ഓഫീസർമാരായ ജ്യോതിലക്ഷ്മി, ഹരിദാസ് തുടങ്ങിയവരും സംഘത്തിലുണ്ടായിരുന്നു.

Post a Comment

0 Comments