ബുലന്ദ്ശഹർ: ഉത്തര്‍പ്രദേശിലെ ബുലന്ദ്ശഹര്‍ ജില്ലയില്‍വച്ച് തന്റെ വാഹന വ്യൂഹത്തിനുനേരെ വെടിവെപ്പ് ഉണ്ടായതായി ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ്.[www.malabarflash.com]
ഉത്തര്‍പ്രദേശില്‍ നടക്കാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ ഭീം ആര്‍മി അരങ്ങേറ്റം കുറിക്കാനിരിക്കെയാണിത്. ബുലന്ദ്ശഹറില്‍ ആസാദ് സമാജ് പാർട്ടി സ്ഥാനാര്‍ഥി ഹസി യാമീന്റെ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് പ്രചാരണത്തിന് തുടക്കം കുറിക്കാനാണ് ആസാദ് നിശ്ചയിച്ചിരുന്നത്.
ഭീം ആര്‍മിയുടെ സാന്നിധ്യം മറ്റുപാര്‍ട്ടികളെ ഭയപ്പെടുത്തുന്നുവെന്ന് അദ്ദേഹം ആരോപിച്ചു. ഭയംമൂലം ഉറക്കം നഷ്ടപ്പെട്ടവരാണ് തന്റെ വാഹന വ്യൂഹത്തിനുനേരെ വെടിവച്ചതെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍, വെടിവയ്പ്പുണ്ടായെന്ന പരാതി ഇതുവരെ സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് ബുലന്ദ്ശഹർ സീനിയര്‍ പോലിസ് സൂപ്രണ്ട് സന്തോഷ് കുമാര്‍ സിങ് പറഞ്ഞു. ന്യൂസ് ചാനലുകളില്‍ വന്ന റിപോര്‍ട്ടുകള്‍ മാത്രമാണ് ശ്രദ്ധയില്‍പ്പെട്ടിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.
ബുലന്ദ്ഷര്‍ അടക്കം യുപിയിലെ ഏഴു സീറ്റുകളില്‍ നവംബര്‍ മൂന്നിന് ഉപതിരഞ്ഞെടുപ്പ് നടക്കുന്നുണ്ട്. ഹാഥ്‌റസ് കേസ് കൈകാര്യം ചെയ്തതില്‍ വീഴ്ച സംഭവിച്ചുവെന്ന് ആരോപിച്ച് ചന്ദ്രശേഖര്‍ ആസാദിന്റെ ഭീം ആര്‍മി ശക്തമായ പ്രതിഷേധവുമായി നേരത്തെ രംഗത്തെത്തിയിരുന്നു.
0 Comments