തിരുവനന്തപുരം: വീട്ടമ്മയുടെ വ്യാജ നഗ്നചിത്രങ്ങൾ പ്രചരിപ്പിച്ച കേസിൽ ഡോക്ടറും സീരിയൽ നടനുമുൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ.[www.malabarflash.com]
തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലെ ഡെൻറൽ വിഭാഗം ഡോക്ടർ വർക്കല അയിരൂർ പാളയംകുന്ന് ഹൈസ്കൂളിന് സമീപം സദാശിവം വീട്ടിൽ സുബു (43), സീരിയൽ നടനായ നെടുമങ്ങാട് കരകുളം തുമ്പോട് സീനത്ത് മൻസിലിൽ ജാസ്മീർഖാൻ (36), ഇവരുടെ സുഹൃത്തും മൊബൈൽ ഫോൺ കടയുടമയുമായ നെടുമങ്ങാട് ആനാട് പഴകുറ്റി കൊല്ലംകാവ് കാളികോണം വീട്ടിൽ ശ്രീജിത്ത് (30) എന്നിവരെയാണ് ഫോർട്ട് പോലീസ് അറസ്റ്റ് ചെയ്തത്.
ഏതാനും മാസങ്ങളായി വർക്കല സ്വദേശിനിയുടെ ഭർത്താവിന്റെയും ബന്ധുക്കളുടെയും ഫോണുകളിലേക്ക് യുവതിയുടെ മോർഫ് ചെയ്ത നഗ്നചിത്രങ്ങൾ എത്തിയതോടെയാണ് സംഭവങ്ങളുടെ തുടക്കം.
യുവതിക്ക് മറ്റ് ബന്ധങ്ങൾ ഉണ്ടെന്ന തരത്തിൽ വിവിധ പേരുകളിൽനിന്നും ഊമക്കത്തുകളും വന്നുതുടങ്ങി. ഇതോടെയാണ് യുവതി പരാതിയുമായി പോലീസിനെ സമീപിച്ചത്. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.
അതിനിടെ പിടിയിലായ ജാസ്മീർഖാനെതിരെ ഗുരുതര ആരോപണവുമായി അയാളുടെ ഭാര്യയും രംഗത്തെത്തി. തനിക്ക് വിവാഹത്തിന് ലഭിച്ച സ്വർണാഭരണങ്ങളുൾപ്പെടെ ഇയാൾ വിറ്റുതുലച്ചതായും സ്ത്രീ വിഷയത്തിൽ നടന് അമിത താൽപര്യമായിരുന്നെന്നുമുള്ള ആരോപണമാണ് അവർ ഉന്നയിച്ചിട്ടുള്ളത്.
യുവതിയുടെ കുടുംബജീവിതം തകര്‍ക്കുകയെന്ന ലക്ഷ്യത്തോടെയാണ് മെഡിക്കല്‍ കോളജ് ദന്തവിഭാഗത്തില്‍ ജോലിചെയ്യുന്ന ഡോ.സുബു മോര്‍ഫ് ചെയ്ത നഗ്നചിത്രങ്ങള്‍ പ്രചരിപ്പിച്ചത്. സുബുവിന്റെ അടുത്ത ബന്ധുവാണ് യുവതി.ഭര്‍ത്താവാണ് നഗ്നചിത്രങ്ങള്‍ പ്രചരിപ്പിച്ചതെന്നു വിശ്വസിച്ച യുവതി പൊലീസില്‍ പരാതി നല്കി. പരാതി കൊടുക്കാനും കേസിന്റെ കാര്യങ്ങള്‍ അന്വേഷിക്കാനും ഒപ്പമെത്തിയിരുന്നത് സുബുവായിരുന്നു.
സൈബര്‍ സെല്ലിന്റെ സഹായത്തോടെ ഫോര്‍ട്ട് പോലീസ് നടത്തിയ അന്വേഷണത്തില്‍ സുബുവിന്റെ തന്ത്രങ്ങള്‍ പൊളിഞ്ഞു. പരാതികൊടുക്കാന്‍ സജീവമായിനിന്ന ആള്‍തന്നെ അറസ്റ്റിലായപ്പോള്‍ വീട്ടുകാരും ഞെട്ടി.
ദീര്‍ഘനാളത്തെ ആസൂത്രണത്തിനൊടുവിലാണ് സുബു യുവതിക്കും ഭര്‍ത്താവിനും ഊമക്കത്തുകളയച്ചു തുടങ്ങിയത്. ഇതിനു പുറമേ വ്യാജ സിം കാര്‍ഡുകള്‍ സംഘടിപ്പിച്ച് ഫോണിലേക്ക് സന്ദേശങ്ങളുമയച്ചു. ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ജസ്മീര്‍ ഖാനാണ് വ്യാജപേരില്‍ സിം എടുക്കാന്‍ സഹായിച്ചത്. ജസ്മീര്ഖാന്റെ സുഹൃത്തായ ശ്രീജിത്തിനു നെടുമങ്ങാട് മൊബൈല്‍ കടയുണ്ട്. ഇയാള്‍ക്ക് മദ്യവും 500രൂപയും നല്കി മറ്റൊരാളുടെ ആധാര്‍ സംഘടിപ്പിച്ചു. വട്ടപ്പാറ സ്വദേശിയായ യുവാവ് ഫോട്ടോസ്റ്റാറ്റ് എടുക്കാന്‍ നല്കിയ കാര്‍ഡിന്റെ പകര്‍പ്പാണ് ശ്രീജിത്ത് നല്‍കിയത്. ഇതില്‍ ശ്രീജിത്തിന്റെയും ജസ്മീര്ഖാന്റെയും ഫോട്ടോ ഒട്ടിച്ചുചേര്‍ത്തു രണ്ട് സിം കാര്‍ഡുകള്‍ എടുത്തു. ഇതിലൂടെ യുവതിയെയും ബന്ധുക്കളെയും വാട്സാപ്പിലൂടെ ബന്ധപ്പെട്ടു.
യുവതിയുടെ ഭര്‍ത്താവിനു കാമുകിയുണ്ടെന്നായിരുന്നു ആദ്യം പ്രചാരണം. വിശ്വസിപ്പിക്കാനായി സുബുവിന്റെ പ്രൈവറ്റ് ക്ലിനിക്കില്‍ ജോലി ചെയ്യുന്ന യുവതിയെകൊണ്ട് ഫോണിലൂടെ സംസാരിപ്പിച്ചു. പിന്നീട് യുവതിയുടെ ഭര്‍ത്താവിനെയും ബന്ധുക്കളെയും ഊമക്കത്തിലൂടെയും ഫോണിലൂടെയും ബന്ധപ്പെട്ടു. യുവതിക്ക് കാമുകനുണ്ടെന്നായിരുന്നു പ്രചാരണം. യുവതിയും ഭര്‍ത്താവും ബന്ധുക്കളും പ്രചാരണങ്ങള്‍ വിശ്വസിക്കാത്തതിനാല്‍ പദ്ധതി നടപ്പിലായില്ല. പിന്നീട് 4 ഫോണ്‍ കണക്ഷനുകള്‍കൂടി പ്രതികള്‍ എടുത്തു.
യുവതിയും ഭര്‍ത്താവും നില്ക്കുന്ന ഫോട്ടോയില്‍ മറ്റൊരു യുവതിയുടെ തല ചേര്‍ത്തു മാറ്റങ്ങള്‍ വരുത്തി. ഭര്‍ത്താവിന്റെ കാമുകിയാണെന്നു കാട്ടി ഫോട്ടോ യുവതിക്ക് അയച്ചെങ്കിലും അവര്‍ വിശ്വസിച്ചില്ല. യുവതിയുടെ ഭര്‍ത്താവിന്റെ നാട്ടിലെ പോസ്റ്റ് ഓഫിസില്‍നിന്ന് ഇരുപതിലധികം തവണ ഭര്‍ത്താവിന്റെ കാമുകിയെന്ന പേരില്‍ ഊമകത്തുകള്‍ അയച്ചു.ഇതേസമയം തന്നെ സുബു ഊമക്കത്തുകള്‍ ഭര്‍ത്താവിനും അയയ്ക്കുന്നുണ്ടായിരുന്നു. ഭാര്യയ്ക്ക് കാമുകനുണ്ടെന്നായിരുന്നു കത്തുകളിലെ പരാമര്‍ശം. ഇതുകൊണ്ടൊന്നും കുടുംബ ബന്ധം തകരാതിരുന്നതിനെത്തുടര്ന്നാണ് യുവതിയുടെ തല നഗ്നഫോട്ടോയില്‍ മോര്‍ഫ് ചെയ്ത് ബന്ധുക്കള്‍ക്ക് അയച്ചു കൊടുത്തത്.
ഭര്‍ത്താവാണ് നഗ്നചിത്രം പ്രചരിപ്പിച്ചതെന്നു വിശ്വസിച്ച യുവതി ഭര്‍ത്താവുമായി പിണങ്ങി സ്വന്തം വീട്ടിലേക്കു പോയി. സുബുവാണ് യുവതിയെയും കൂട്ടി പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കിയത്. സൈബര്‍ സെല്ലിന്റെ സഹായത്തോടെ പോലീസ് നടത്തിയ അന്വേഷണത്തിലാണ് സുബുവും കൂട്ടാളികളും കുടുങ്ങിയത്. . ഐടി ആക്ട് ഉള്‍പ്പെടെയുള്ള വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.
0 Comments