ദുബൈ: ഇന്ത്യൻ പ്രവാസികൾക്ക് അവർ താമസിക്കുന്ന രാജ്യങ്ങളിലെ മേൽവിലാസം പാസ്പോർട്ടിൽ ചേർക്കാൻ ഇന്ത്യൻ കേന്ദ്രമന്ത്രാലയം അനുമതി നൽകി. യു.എ.ഇയിലെ പ്രവാസികൾക്ക് ഇതിനുള്ള അവസരം നൽകുമെന്ന് ദുബൈ ഇന്ത്യൻ കോൺസുലേറ്റ് അറിയിച്ചു.[www.malabarflash.com]
എന്നാൽ, നിലവിലെ പാസ്പോർട്ടിൽ ഈ മാറ്റം അനുവദിക്കില്ല. മാറ്റം ആവശ്യമായവർ പുതിയ പാസ്പോർട്ടിന് അപേക്ഷ നൽകണം. അതോടൊപ്പം വിലാസവും മാറ്റാം. ദിവസവും ഇത്തരം നിരവധി അപേക്ഷകൾ വരുന്നുണ്ടെന്നും ഇവ പരിഗണിക്കുമെന്നും കോൺസുലേറ്റ് അറിയിച്ചു.
സ്വന്തം കെട്ടിടത്തിന്റെയോ വാടകക്ക് താമസിക്കുന്ന കെട്ടിടത്തിന്റെയോ വിലാസമാണ് വേണ്ടത്. ഏതെങ്കിലും ഒരു വിലാസം മാത്രമേ നൽകാൻ കഴിയൂ. വാടക കരാർ, ആധാരം, ടെലഫോൺ ബിൽ, ദേവ/ഫേവ/സേവ ബിൽ തുടങ്ങിയവയാണ് രേഖകളായി നൽകേണ്ടത്.
ഇന്ത്യയിൽ സ്ഥിരം വിലാസമില്ലാത്തവർക്ക് ഉപകാരപ്പെടുന്ന തീരുമാനമാണിത്. വർഷങ്ങളായി യു.എ.ഇയിൽ കുടുംബ സമേതം താമസിക്കുന്ന പലർക്കും ഇന്ത്യയിൽ സ്ഥിരം മേൽവിലാസമില്ലാത്ത അവസ്ഥയുണ്ട്. അവർക്ക് ഇനി മുതൽ പ്രാദേശിക മേൽവിലാസമായി വിദേശ രാജ്യങ്ങളിലെ വിലാസം ചേർക്കാം.
0 Comments