ബുധനാഴ്ച ഉച്ചയ്ക്ക് 1.30 ന് നെയ്യാർ വനത്തിലെ കൊമ്പൈക്കാണിയിലായിരുന്നു ദുരന്തം. തെന്മല ആദിവാസി കേന്ദ്രത്തിലെ പേരെക്കല്ല് ആറ്റരികത്തുവീട്ടിൽ ഗോപന്റെ മകൻ ഷിജുകാണി (14) ആണു തത്ക്ഷണം മരിച്ചത്. ഷിജുവിനോടൊപ്പം ഉണ്ടായിരുന്ന അലൻ (16),ശ്രീജിത്ത് (18) എന്നിവർക്കാണ് പരിക്കേറ്റത്. ഷിബു ഓടി രക്ഷപ്പെട്ടു.
കൂട്ടുകാരോടൊപ്പം വനവിഭവങ്ങൾ ശേഖരിക്കാനാണു ഷിജു കൊമ്പൈക്കാണിയിൽഎത്തിയത്. ഈറ്റ ഒടിക്കുന്നതിനിടെ അപ്രതീക്ഷിതമായി ചിഹ്നം വിളിച്ചെത്തിയ ആന ഷിജുവിനെ തൂക്കിയെടുത്ത് തറയിൽ അടിക്കുകയായിരുന്നു. ഇതുകണ്ട് അടുത്തുണ്ടായിരുന്ന അലനും ശ്രീജിത്തും ഓടുന്നതിനിടെയാണു വീണു പരിക്കേറ്റത്.
ഓടി രക്ഷപ്പെട്ട ഷിബുവിൽനിന്നു വിവരം അറിഞ്ഞെത്തിയ ആദിവാസികൾ ആനയെ വിരട്ടി ഓടിച്ചു. പിന്നീട് വനം വകുപ്പ് ഓഫീസർമാർ ബോട്ടിൽ എത്തി ഷിജുവിനെയും പരിക്കേറ്റവരേയും കയറ്റി നെയ്യാർഡാമിൽ എത്തിച്ചു. തുടർന്നു മെഡിക്കൽകോളജ് ആശുപത്രിയിലേക്ക് മാറ്റി. ഏഴാം ക്ലാസ് വിദ്യാർഥിയാണു ഷിജുകാണി.
0 Comments