NEWS UPDATE

6/recent/ticker-posts

കോഴിക്കോട് രണ്ടുനില കെട്ടിടം തകര്‍ന്നു വീണു; ഒരാള്‍ മരിച്ചു

കോഴിക്കോട്: കണ്ണഞ്ചേരിയില്‍ ഇരുനില കെട്ടിടം തകര്‍ന്നു വീണ് ഒരാള്‍ മരിച്ചു. രാത്രി 8.15 ഓടെയാണ് ഓടു മേഞ്ഞ ഏതാണ്ട് 25 വര്‍ഷത്തോളം പഴക്കമുള്ള കണ്ണഞ്ചേരി സ്‌കൂളിനു സമീപത്തെ കെട്ടിടം പൊടുന്നനെ തകര്‍ന്നത്. കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങി ഗുരുതരമായി പരിക്കേറ്റ കണ്ണഞ്ചേരി നടുവീട്ടില്‍ രാമചന്ദ്രനാ(64)ണ് മരിച്ചത്.[www.malabarflash.com]


രക്ഷാപ്രവര്‍ത്തകര്‍ പുറത്തെടുത്ത് കോഴിക്കോട് ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ദീപാ ഫാന്‍സി എന്ന സ്ഥാപനത്തിന്റെ ഉടമയാണ്. ഇദ്ദേഹത്തിന്റെ ഗോഡൗണ്‍ ഈ കെട്ടിടത്തിലാണ്. കടയടച്ചശേഷം കടയ്ക്ക് മുന്നില്‍ നില്‍ക്കുകയായിരുന്നു രാമചന്ദ്രന്‍ എന്നാണ് വിവരം. ഫയര്‍ഫോഴ്സും പോലീസും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

കെട്ടിടത്തിന്റെ സ്ലാബിനടിയില്‍ കുടുങ്ങിയ രാമചന്ദ്രനെ ജെ.സി.ബി. ഉപയോഗിച്ച് സ്ലാബ് പൊളിച്ചു നീക്കിയാണ് പുറത്തെടുത്തത്. ജില്ലാ കലക്ടര്‍ എസ്. സാംബശിവറാവു, കൗണ്‍സിലര്‍ നമ്പിടി നാരായണന്‍, ബി.ജെ.പി. സൗത്ത് മണ്ഡലം കമ്മറ്റി പ്രസിഡന്റ് സി.പി. വിജയകൃഷ്ണന്‍ തുടങ്ങിയവര്‍ സ്ഥലത്തെത്തി.

കണ്ണഞ്ചേരി നടുവീട്ടില്‍ പരേതരായ വേലായുധന്റെയും സാവിത്രിയുടെയും മകനാണ് മരിച്ച രാമചന്ദ്രന്‍. അവിവാഹിതനാണ്. സഹോദരങ്ങള്‍: എന്‍.വി. മണി, സദാശിവന്‍, ഗോപാലകൃഷ്ണന്‍, മീന, പുഷ്പലത.

Post a Comment

0 Comments