NEWS UPDATE

6/recent/ticker-posts

മുല്ലച്ചേരി അബ്ദുറഹ്‌മാന്‍ ഹാജി; പ്രതിസന്ധി ഘട്ടങ്ങളില്‍ പ്രസ്ഥാനത്തിന്‌ കരുത്തേകിയ പൗര പ്രമുഖന്‍

ജാമിഅ സഅദിയ്യ അറബിയ്യ കേന്ദ്ര കമ്മിറ്റി അംഗവും പൗര പ്രമുഖനുമായ മുല്ലച്ചേരി അബ്ദുറഹ്‌മാന്‍ ഹാജിയുടെ വിയോഗം താങ്ങാനാവാത്തതാണ്‌. മഹാനായ നൂറുല്‍ ഉലമ എം എ ഉസ്‌താദിനോടൊപ്പം പ്രതിസന്ധി ഘട്ടങ്ങളില്‍ തന്റെ സമ്പത്തും ആരോഗ്യവും ചെലവഴിച്ച്‌ സഅദിയ്യയോടൊപ്പം നില്‍ക്കുകയും ഉമറാഇന്‌ വലിയൊരു മാതൃകയാവുകയും ചെയ്ത മഹത് വ്യക്തിയായിരുന്നു ഹാജി.[www.malabarflash.com]

സഅദിയ്യ വര്‍ക്കിംഗ്‌ കമ്മിറ്റി അംഗം എന്നതിലുപരി ഒരു ആനുകൂല്യവും പറ്റാതെ തന്നെ മുഴുസമയ ജീവനക്കാരനെപ്പോലെയായിരുന്നു അദ്ദേഹം സഅദിയ്യയെ സേവിച്ചത്.. എം എ ഉസ്‌താദിന്റെ കാലത്ത്‌ തന്നെ സഅദിയ്യയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക്‌ ഒരു ഇഞ്ചിനീയറുടെ പരിജ്ഞാനത്തോടെ മേല്‍നോട്ടം വഹിക്കുകയും ചെയ്‌തു. 

സഅദിയ്യയുടെ കാര്യത്തില്‍ എന്ത്‌ വിഷയം ഏല്‍പ്പിച്ചാലും ഒരു പ്രവര്‍ത്തകനെപ്പോലെ ഓടി നടന്ന്‌ സേവനം ചെയ്യല്‍ അദ്ദേഹത്തിന്റെ രീതിയായിരുന്നു. കഴിഞ്ഞാഴ്‌ച്ച നടന്ന സെക്രട്ടറിയേറ്റ്‌ യോഗത്തിലും സജീവമായി സംബന്ധിച്ചും നിര്‍മ്മാണ പ്രവര്‍ത്തനങ്ങളെ കുറിച്ച്‌ വിലയിരുത്തിയും എന്റെ ആരോഗ്യം തടസ്സമാവാതെ ഞാന്‍ എപ്പോഴും നിങ്ങളുടെ കൂടെ ഉണ്ടാകുമെന്ന്‌ ബഹുമാനപ്പെട്ട കുമ്പോല്‍ കെ എസ്‌ ആറ്റക്കോയ തങ്ങളോട്‌ പറഞ്ഞപ്പോള്‍ മുല്ലച്ചേരി ഹാജിയുടെ മുഖത്ത്‌ സന്തോഷത്തിന്റെ കിരണങ്ങള്‍ കാണാമായിരുന്നു. സഅദിയ്യയെ സ്‌നേഹിച്ച അദ്ദേഹം പണ്ഡിതന്മാരുടെയും മുതഅല്ലിമീങ്ങളുടെയും അനാഥ മക്കളുടെയും പ്രാര്‍ത്ഥന എന്റെ ഖബറിലേക്ക്‌ തണലേകുമല്ലോ എന്ന ആശ്വാസ വാക്കുകള്‍ പലപ്പോഴും പറയുന്നത്‌ കേള്‍ക്കാമായിരുന്നു. 

എം എ ഉസ്‌താദിന്റെ വഫാത്തിന്‌ ശേഷം മാണിക്കോത്ത്‌ ഉസ്‌താദ്‌ സ്ഥാപന നടത്തിപ്പില്‍ സജീവമായപ്പോള്‍ മുല്ലച്ചേരി അബ്ദുറഹ്‌മാന്‍ ഹാജി സ്ഥാപനത്തില്‍ വന്നപ്പോള്‍ ഓഫീസില്‍ ഒരു ഇരിപ്പിടം തന്നെ ഒരുക്കി കൊടുത്തിരുന്നു. 

സുന്നി പ്രവര്‍ത്തന മേഖലകളിലും അദ്ദേഹത്തിന്റെ സാന്നിധ്യം സജീവമായിരുന്നു. സയ്യിദന്മാരേയും പണ്ഡിതന്മാരെയും വളരെ സ്‌നേഹിച്ച വ്യക്തി കൂടിയായിരുന്നു മുല്ലച്ചേരി. മഹാനായ താജുല്‍ ഉലമയില്‍ നിന്നും ഹാജിയുടെ ജലാലിയ്യ ത്വരീഖത്തിന്റെ ശൈഖുമായ ശുഐബ്‌ ആലിം സാഹിബില്‍ നിന്നും ഇജാസത്ത്‌ സ്വീകരിച്ച അദ്ദേഹം നിരവധി ഔറാദുകള്‍ പതിവായി ചെല്ലുന്ന ആളായിരുന്നു. 

താജുല്‍ ഉലമയോടൊപ്പം വശുദ്ധ ഹജ്ജ്‌ കര്‍മ്മം നിര്‍വ്വഹിച്ച അദ്ദേഹം അസ്‌മാഉല്‍ ബദര്‍ നേരത്തെ പതിവായി ചെല്ലുന്നുണ്ടെങ്കിലും ഹജ്ജ്‌ വേളയില്‍ അറഫയില്‍ വെച്ച്‌ ബദരിയത്തിന്‌ ഇജാസത്ത്‌ വാങ്ങിയതിന്‌ ഈ വിനീതന്‍ സാക്ഷിയായിരുന്നു. 

അദ്ദേഹത്തിന്റെ വീട്‌ ഉദ്‌ഘാടനത്തിന്‌ താജുല്‍ ഉലമയെ ക്ഷണിക്കുകയും അനാരോഗ്യം കാരണം പ്രസ്‌തുത ദിവസം പങ്കെടുക്കാന്‍ കഴിയാതെ വന്നപ്പോള്‍ മറ്റൊരു ദിവസം പോകാം എന്ന്‌ പറയുകയും പിന്നീട്‌ വീട്ടിലെത്തി മണിക്കൂറുകളോളം ചിലവഴിച്ച്‌ കുട്ടികള്‍ക്കെല്ലാം മന്ത്രിച്ച്‌ സന്തോഷത്തോടെ തിരിച്ച്‌ പോയതും ഈ വിനീതന്‍ ഓര്‍ക്കുന്നു. 

യാത്രയിലുടനീളം കൂടുതല്‍ സമയങ്ങളിലും തസ്‌ബീഹ്‌ മാല കയ്യില്‍ കരുതുന്നത്‌ മുല്ലച്ചേരി അബ്ദുറഹ്‌മാന്‍ ഹാജി ഉമറാഇല്‍ നിന്ന്‌ വിത്യസ്‌തനാക്കുന്നു. സ്ഥാപനത്തിലെ സ്‌റ്റാഫംഗങ്ങള്‍ക്ക്‌ വല്ല പ്രയാസമുണ്ടെങ്കില്‍ അവരെ അകമഴിഞ്ഞ്‌ സഹായിക്കാനും മുല്ലച്ചേരി ഹാജി മുന്നിലുണ്ടാകും. സഅദിയ്യയെ സംബന്ധിച്ചടുത്തോളം നികത്താനാവാത്ത നഷ്ടമാണെന്ന്‌ ഒരിക്കല്‍ കൂടെ ഇവിടെ കുറിക്കുന്നു. നാഥന്‍ സ്വര്‍ഗ്ഗം നല്‍കി അനുഗ്രഹിക്കുമാറാകട്ടെ.

മൗലിദ് സദസ്സുകളെ ഏറെ സ്നേഹിച്ച ഹാജിയുടെ വിയോഗവും പുണ്യ റബീ ഉൽ അവ്വലിലായതും അദ്ധേഹത്തിനു ലഭിച്ച അനുഗ്രഹമാണ്. മുല്ലച്ചേരി ഹാജിയുടെ സഅദിയ്യക്കു വേണ്ടിയുള്ള സേവനങ്ങൾ ഉമറാക്ക ക് വലിയ പ്രയോദനമായി എന്നും പ്രോജ്ജ്വലിച്ചു നിൽക്കും.
നാഥൻ സ്വർഗം നൽകി അനുഗ്രഹിക്കട്ടെ.....
\
-പള്ളങ്കോട് അബ്ദുൽ ഖാദിർ മദനി

Post a Comment

0 Comments