NEWS UPDATE

6/recent/ticker-posts

നിയമസഭാ തിരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റുകള്‍ ചോദിച്ച് വിലപേശാന്‍ മുസ്‌ലിം ലീഗ്


മലപ്പുറം: വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം അഗ്നിപരീക്ഷണമാകും. കൂടുതല്‍ സീറ്റുകള്‍ ചോദിച്ച് വിലപേശാനാണ് മുസ്ലീം ലീഗിന്റെ നീക്കം. കോണ്‍ഗ്രസ്സിനെ വെട്ടിലാക്കുന്ന നീക്കമാണിത്. 30 സീറ്റുകളിലെങ്കിലും ഇത്തവണ മത്സരിക്കണമെന്നാണ് ലീഗ് ആഗ്രഹിക്കുന്നത്.[www.malabarflash.com]


മൂന്ന് ലോകസഭ സീറ്റുകള്‍ എന്ന ആവശ്യത്തില്‍ നിന്നും അവര്‍ പിന്നോട്ട് പോയത് തന്നെ നിയമസഭ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടായിരുന്നു. ഇക്കാര്യം ലീഗ് നേതാക്കള്‍ തന്നെ തുറന്ന് പറയുന്നുമുണ്ട്. നല്‍കിയ വാക്ക് കോണ്‍ഗ്രസ്സ് പാലിക്കണമെന്നതാണ് ലീഗിന്റെ നിലപാട്.

ഒരു പാര്‍ലമെന്റ് മണ്ഡലത്തില്‍ ഏഴ് നിയമസഭ മണ്ഡലങ്ങള്‍ വരെയാണ് ഉള്ളത്. ഇത് കണക്കാക്കി ആറ് സീറ്റെങ്കിലും കിട്ടണമെന്നതാണ് ലീഗിന്റെ ആവശ്യം.

2016-ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ ഒരു സ്വതന്ത്രന്‍ ഉള്‍പ്പെടെ 24 മണ്ഡലങ്ങളിലാണ് ലീഗ് മത്സരിച്ചിരുന്നത്. ഇതില്‍ 18 എണ്ണത്തിലും അവര്‍ക്ക് വിജയിക്കാനും കഴിഞ്ഞിരുന്നു. 87 സീറ്റുകളില്‍ മത്സരിച്ച കോണ്‍ഗ്രസ്സിന് അന്നു കിട്ടിയത് 22 സീറ്റുകള്‍ മാത്രമാണ്. ഈ കണക്കുകള്‍ കൂടി തുറന്ന് കാട്ടിയാണ് വിലപേശലിന് ലീഗ് ഒരുങ്ങിയിരിക്കുന്നത്.

ഇടതുപക്ഷത്തെ രണ്ടാമത്തെ കക്ഷിയായ സി.പി.ഐ 25 സീറ്റില്‍ മത്സരിക്കുന്നതും ലീഗ് നേതൃത്വം ചൂണ്ടിക്കാട്ടുന്നുണ്ട്. ശക്തി നോക്കാതെയാണ് സി.പി.എം, സി.പി.ഐയെ പരിഗണിക്കുന്നത്. ശക്തിയുടെ കാര്യത്തില്‍ മുസ്ലീംലീഗും സി.പി.ഐയും തമ്മില്‍ ഒരു താരതമ്യത്തിന് പോലും പ്രസക്തിയുമില്ല. ലീഗില്ലാതെ കോണ്‍ഗ്രസ്സിന് ഒരടി മുന്നോട്ട് പോകാന്‍ കഴിയുകയില്ല. പ്രത്യേകിച്ച് മലബാറില്‍ യു.ഡി.എഫ് അടിത്തറ തന്നെ ലീഗിനാല്‍ കെട്ടിപ്പടുത്തിട്ടുള്ളതാണ്.

നിലവില്‍ ഏഴു ജില്ലകളില്‍ നിന്ന് മാത്രമാണ് ലീഗ് നിയമസഭയിലേക്ക് ജനവിധി തേടുന്നത്. തിരുവനന്തപുരം, ആലപ്പുഴ, പത്തനംതിട്ട, ഇടുക്കി, തൃശൂര്‍ ജില്ലകളില്‍, ലീഗിന് മത്സരിക്കാന്‍ സീറ്റില്ലാത്ത അവസ്ഥയാണുള്ളത്. ഈ ജില്ലകളില്‍ ചില സീറ്റുകള്‍ കിട്ടണമെന്നതാണ് ലീഗിന്റെ ഇപ്പോഴത്തെ താല്‍പ്പര്യം.

മുന്‍പ് തിരുവനന്തപുരത്തും കൊല്ലത്തും ലീഗിന് എം.എല്‍.എമാരുണ്ടായിരുന്നു. 1980-ല്‍ തിരുവനന്തപുരം വെസ്റ്റില്‍ നിന്നും വിജയിച്ചത് ലീഗ് സ്ഥാനാര്‍ത്ഥിയാണ്. 87-ല്‍ ഈ സീറ്റ് കോണ്‍ഗ്രസ്സിന് വിട്ടു കൊടുത്തതോടെ ആ സീറ്റും ലീഗിന് നഷ്ടപ്പെടുകയായിരുന്നു. ലീഗ് മത്സരിക്കുകയും ഒരു തവണ വിജയിക്കുകയും ചെയ്ത മറ്റൊരു സീറ്റ് കഴക്കൂട്ടമാണ്. കൊല്ലത്തെ ഇരവിപുരം മണ്ഡലവും ലീഗ് സ്ഥിരമായി മത്സരിക്കുന്ന മണ്ഡലമായിരുന്നു.

1991-ല്‍ ഇവിടെ നിന്നും മത്സരിച്ച പി.കെ.കെ ബാവ മന്ത്രിയായിട്ടുമുണ്ട്. 1980-ല്‍ ഇരവിപുരത്തും ചടയമംഗലത്തും ഒരേ സമയമാണ് ലീഗ് സ്ഥാനര്‍ത്ഥികള്‍ മത്സരിച്ചിരുന്നത്. ഇതിനു പുറമെ ആലപ്പുഴ മണ്ഡലത്തിലും, കോട്ടയത്തെ കാഞ്ഞിരപ്പള്ളിയിലും ലീഗ് മുന്‍പ് മത്സരിച്ചിട്ടുണ്ട്. എന്നാല്‍ പിന്നീട് ഇരവിപുരത്തെ ഒറ്റ സീറ്റില്‍ ഒതുങ്ങിയ ലീഗിന് ആര്‍.എസ്.പി മുന്നണിയിലേക്ക് വന്നപ്പോള്‍ അതും വിട്ടുകൊടുക്കേണ്ടി വന്നിരിക്കുകയാണ്.

തെക്കന്‍ കേരളത്തിലെ ഈ നഷ്ടം നികത്തുകയാണ് സീറ്റു വര്‍ദ്ധനവിലൂടെ ലീഗ് ലക്ഷ്യമിടുന്നത്. കേരള കോണ്‍ഗ്രസ്സ് ജോസ്.കെ മാണി വിഭാഗം മുന്നണി വിട്ടതും നേട്ടമാക്കാനാണ് മുസ്ലീംലീഗിന്റെ നീക്കം. ജോസഫ് വിഭാഗത്തെ ഒതുക്കി കൂടുതല്‍ സീറ്റുകള്‍ കൈവശപ്പെടുത്താനുള്ള കോണ്‍ഗ്രസ്സ് നീക്കത്തിനാണ് ഈ സമ്മര്‍ദ്ദം പാരയാകുക.

പരമാവധി സീറ്റുകളില്‍ മത്സരിച്ച് വിജയിക്കുക എന്നതാണ് ലീഗിന്റെ ലക്ഷ്യം. ഭരണം കിട്ടിയാല്‍ ഉപമുഖ്യമന്ത്രി പദം അതല്ലെങ്കില്‍ പ്രതിപക്ഷ നേതൃസ്ഥാനം ഇതാണ് കുഞ്ഞാലിക്കുട്ടിയും ലക്ഷ്യമിടുന്നത്.

Post a Comment

0 Comments