NEWS UPDATE

6/recent/ticker-posts

മാണിയോട് അനീതി കാണിച്ച യുഡിഎഫിന്റെ ജീവനാഡി അറ്റു: മുഖ്യമന്ത്രി

തിരുവനന്തപുരം∙ കേരള കോൺഗ്രസ് ജോസ് കെ.മാണി വിഭാഗം എൽഡിഎഫിലേക്കു വന്നതോടെ യുഡിഎഫ് മുന്നണിയുടെ ജീവനാഡി അറ്റുപോയെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. അതു മറച്ചു വയ്ക്കാനാണ് ജോസ് വിഭാഗം പോയാലും ക്ഷീണം പറ്റിയിട്ടില്ലെന്നു യുഡിഎഫ് പറയുന്നത്.[www.malabarflash.com]


യുഡിഎഫിൽനിന്ന് ജോസ് വിഭാഗത്തെ പുറത്താക്കിയതിനെത്തുടർന്നാണ് അവർ വ്യക്തമായ രാഷ്ട്രീയ നിലപാടെടുത്ത് എൽഡിഎഫുമായി സഹകരിക്കാൻ തീരുമാനിച്ചത്. ഉപാധികളില്ലാതെ സഹകരിക്കുമെന്നാണ് അവർ വ്യക്തമാക്കിയിരിക്കുന്നത്. ജോസ് വിഭാഗത്തിന്റെ നിലപാടിനെ എൽഡിഎഫ് നേതാക്കൾ സ്വാഗതം ചെയ്തിട്ടുണ്ട്. ഔദ്യോഗിക നിലപാട് എൽഡിഎഫാണ് സ്വീകരിക്കേണ്ടത്. ജോസ് കെ.മാണി വിഭാഗത്തിനു രാജ്യസഭാ സീറ്റ് നൽകുന്നത് പിന്നീട് തീരുമാനിക്കേണ്ട കാര്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

വലിയ തകർച്ച യുഡിഎഫിനെ കാത്തിരിക്കുകയാണ്. അവരുടെ പ്രധാന കക്ഷിതന്നെ തള്ളിപറഞ്ഞ് എൽഡിഎഫിലേക്കു വന്നു. അത് ഏൽപ്പിക്കുന്ന ക്ഷതം ചെറുതല്ല. എൽഡിഎഫിനു കരുത്തു പകരുന്ന നിലപാടാണിതെന്ന കാര്യത്തിൽ സംശയമില്ല. കെ.എം.മാണിയെ ശക്തമായ വിമർശിച്ച എൽഡിഎഫ് അദ്ദേഹത്തിന്റെ പാർട്ടിയെ സ്വാഗതം ചെയ്യുന്നതിനെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക്, അനീതി കാണിച്ചത് യുഡിഎഫാണെന്നു കെ.എം.മാണിതന്നെ പറഞ്ഞിട്ടുണ്ടല്ലോയെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. 

കേരള കോൺഗ്രസ് അണികളും അങ്ങനെതന്നെയാണ് കാണുന്നത്. എൽഡിഎഫിനോടൊപ്പം നിൽക്കുന്നതാണ് ശരിയെന്ന് അവർക്കു ബോധ്യപ്പെട്ടു. എൽഡിഎഫിനു സഹകരിക്കാൻ കഴിയുന്ന പാർട്ടിയാണ് കേരള കോൺഗ്രസ്. നയപരമായി സഹകരിക്കാൻ തടസമുള്ള പാർട്ടിയല്ല. അവർ രാഷ്ട്രീയ നിലപാടെടുത്താൽ സഹകരിപ്പിക്കുന്നതിൽ തടസമില്ല. കേരളീയ രാഷ്രീയത്തിന്റെ ദിശയ്ക്കുതന്നെ ആരോഗ്യകരമായ മാറ്റങ്ങൾ സൃഷ്ടിക്കുന്നതാണ് ഇപ്പോഴത്തെ രാഷ്ട്രീയ മാറ്റമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മുൻപ് മാണിയെ വിമർശിച്ചതിന് എൽഡിഎഫ് മാപ്പു പറയുമോയെന്ന ചോദ്യത്തിന്, മാണി ശക്തമായി പ്രതികരിച്ചത് കോൺഗ്രസ് അദ്ദേഹത്തിനെതിരെ സ്വീകരിച്ച നിലപാടിനെതിരെയാണെന്നും അദ്ദേഹത്തിന്റെ പാർട്ടി എങ്ങനെ ചിന്തിക്കുന്നു എന്നാണ് നോക്കേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു. 

ഇടതുപക്ഷത്തിന്റെ അഴിമതി വിരുദ്ധ മുഖത്തിന്റെ അപജയമാണോ പുതിയ രാഷ്ട്രീയ നിലപാടെന്ന ചോദ്യത്തിന്, എൽഡിഎഫിനെ തകർക്കാൻ ആഗ്രഹിക്കുന്നവര്‍ക്കു ജോസ് പക്ഷത്തിന്റെ വരവിൽ കുറച്ചു വിഷമം ഉണ്ടാകുമെന്നു മുഖ്യമന്ത്രി മറുപടി നൽകി. ജോസ് വിഭാഗത്തിനു എൽഡിഎഫിനൊപ്പം നിൽക്കണമെന്നു തോന്നിയതിൽ ആശ്ചര്യമില്ല. ശരിയായ നിലപാട് ശരിയായ സമയത്ത് അവർ എടുത്തെന്നും മുഖ്യമന്ത്രി പറ‍ഞ്ഞു.

മാണി സി.കാപ്പൻ മുന്നണി വിടുമെന്ന പ്രചാരണമൊക്കെ ചില സ്വപ്നങ്ങളാണെന്നു മുഖ്യമന്ത്രി ചോദ്യത്തിനു മറുപടിയായി പറഞ്ഞു. മുന്നണി മാറ്റത്തിനില്ലെന്നും എൽഡിഎഫിനോടൊപ്പം നില്‍ക്കുമെന്നും മാണി സി.കാപ്പൻ വ്യക്തമാക്കിയിട്ടുണ്ട്. മാണി സി.കാപ്പന്റെ മുന്നണി മാറ്റം സംബന്ധിച്ച യുഡിഎഫ് കൺവീനറുടെ പ്രസ്താവന പ്രതിപക്ഷനേതാവ് തള്ളിക്കളഞ്ഞിട്ടുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പ് വരുമ്പോഴാണ് സീറ്റിന്റെ കാര്യം ചർച്ച ചെയ്യുന്നത്. ഇപ്പോൾ ചർച്ച ചെയ്യേണ്ട വിഷയമല്ലെന്നും മുഖ്യമന്ത്രി പറ‍ഞ്ഞു.

Post a Comment

0 Comments