ഇന്ന് മുതല്‍, എന്റെ ഷോബിസ് (സിനിമ) ജീവിതശൈലിയോട് എന്നെന്നേക്കുമായി വിടപറയാനും മാനവികതയെ സേവിക്കാനും എന്റെ സ്രഷ്ടാവിന്റെ നിര്‍ദ്ദേശങ്ങള്‍ പാലിക്കാനും ഞാന്‍ തീരുമാനിച്ചിരിക്കുന്നു. എന്റെ മാനസാന്തരത്തെ അല്ലാഹു സ്വീകരിക്കാനും സ്രഷ്ടാവിന്റെ കല്‍പ്പനകള്‍ അനുസരിച്ച് മാനവികസേവനത്തിലായി ജീവിതം ചെലവഴിക്കുവാനുള്ള കഴിവ് എനിക്ക് ലഭിക്കുവാനും എല്ലാ സഹോദരീസഹോദരന്മാരും പ്രാര്‍ഥിക്കണം – സന ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ കുറിച്ചു. സിനിമയുമായി ബന്ധപ്പെട്ട് ഇനി മുതല്‍ ആരും തന്നെ സമീപിക്കരുതെന്നും അവര്‍ വ്യക്തമാക്കി.
പോസ്റ്റിന് പിന്നാലെ തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലുണ്ടായിരുന്ന നൂറുക്കണക്കിന് ചിത്രങ്ങള്‍ സന ഡിലീറ്റ് ചെയ്യുകയും ചെയ്തു. സിനിമാ മേഖലയുമായി ബന്ധപ്പെട്ട ചിത്രങ്ങളാണ് ഒഴിവാക്കിയത്. പകരം പര്‍ദ ധരിച്ച് ഇസ്ലാമിക വേഷത്തിലുള്ള ചിത്രങ്ങളാണ് ഇപ്പോള്‍ അവരുടെ അക്കൗണ്ടിലുള്ളത്.
ബോളിവുഡിലെ തിരക്കേറിയ താരമായിരുന്നു സന ഖാന്‍. ജയ് ഹോ, ടോയിലറ്റ്: ഏക് പ്രേം കഥ, വാജാ തുംഹോ തുടങ്ങിയ നിരവധി ഹിറ്റ് ചിത്രങ്ങളില്‍ അവര്‍ സുപ്രധാന റോളില്‍ അഭിനയിച്ചിട്ടുണ്ട്. തമിഴ്, തെലുങ്ക് ഭാഷകളിലും സന ഖാന്‍ അഭിനയിച്ചിരുന്നു. ബിഗ്ബോസ് സീസൺ ആറിലെ മത്സരാർഥിയുമായിരുന്നു.
സനയുടെ പോസ്റ്റിന് അവരുടെ സിനിമാ മേഖലയിലെ സുഹൃത്തുക്കളില്‍ നിന്നും നല്ല പ്രതികരണമാണ് ലഭിക്കുന്നത്. സയുടെ തീരുമാനത്തെ അഭിനന്ദിച്ചും നന്മകള്‍ നേര്‍ന്നും പലരും രംഗത്ത് വന്നു.
സനഖാന്‍ ഇന്‍സ്റ്റഗ്രാമിലിട്ട പോസ്റ്റിന്റെ മലയാള പരിഭാഷ ഇങ്ങനെ:
‘ബിസ്മില്ലാഹി റഹ്മാനി റഹീം…
പ്രിയ സഹോദരി സഹോദരന്മാരെ,
ഇന്ന് ഞാന്‍ നിങ്ങളോട് സംസാരിക്കുന്നത് എന്റെ ജീവിതത്തിലെ ഒരു നിര്‍ണായക ഘട്ടത്തില്‍ നില്‍ക്കുന്നതിനെക്കുറിച്ചാണ്. വര്‍ഷങ്ങളായി ഞാന്‍ ഷോബിസ് (ചലച്ചിത്ര വ്യവസായം) ജീവിതം ജീവിക്കുന്നു. ഈ സമയത്ത് എന്റെ ആരാധകരുടെ എല്ലാ തരം പ്രശസ്തിയും ബഹുമാനവും സമ്പത്തും ഞാന്‍ അനുഭവിച്ചു. എന്നാല്‍, കഴിഞ്ഞ ഏതാനും ദിവസങ്ങളായി ചില യാഥാര്‍ഥ്യങ്ങള്‍ ഞാന്‍ തിരിച്ചറിഞ്ഞു. മനുഷ്യന്‍ ഈ ലോകത്തിലേക്ക് വരുന്നത് സമ്പത്തിനും പ്രശസ്തിക്കും പിന്നാലെ പോകുവാനാണോ? നിസ്സഹായരായവരുടെ സേവനത്തിനായി ജീവിതം ചെലവഴിക്കേണ്ടത് അവന്റെ/അവളുടെ കടമയുടെ ഭാഗമല്ലേ? ഏത് നിമിഷവും മരിച്ചുപോകാമെന്ന് ഒരാള്‍ ചിന്തിക്കണ്ടേ? ഇനി അവന്‍/അവള്‍ മരിച്ചതിന് ശേഷം എന്താണ് സംഭവിക്കുക? ഈ രണ്ടു ചോദ്യങ്ങള്‍ക്കും ഞാന്‍ വളരെക്കാലം ഉത്തരം തേടി, പ്രത്യേകിച്ച് എന്റെ മരണശേഷം എനിക്ക് എന്തു സംഭവിക്കും എന്ന രണ്ടാമത്തെ ചോദ്യത്തിന്..’
‘എന്റെ മതത്തില്‍ ഈ ചോദ്യത്തിന് ഉത്തരം അന്വേഷിച്ചപ്പോള്‍, ഇഹലോകജീവിതം യഥാര്‍ത്ഥത്തില്‍ മരണാനന്തര ജീവിതത്തിന്റെ നന്മയ്ക്കായി ആണെന്ന് ഞാന്‍ മനസ്സിലാക്കി. അടിമകള്‍ തന്റെ സ്രഷ്ടാവിന്റെ ആജ്ഞ അനുസരിച്ച് ജീവിക്കുന്നതും സമ്പത്തും പ്രശസ്തിയും മാത്രം തന്റെ ലക്ഷ്യമായി കാണാതിരിക്കുകയും ചെയ്യുന്നതാണ് നല്ലതെന്ന് തിരിച്ചറിഞ്ഞു.’
‘അതിനാല്‍ ഇന്നു മുതല്‍, ഞാന്‍ എന്റെ ഷോബിസ് ജീവിതശൈലിയോട് വിട പറയാനും മാനവരാശിയെ സേവിക്കാനും എന്റെ സ്രഷ്ടാവിന്റെ ആജ്ഞകള്‍ പിന്തുടരാനും തീരുമാനിച്ചിരിക്കുന്നു. എന്റെ പശ്ചാത്താപം അല്ലാഹു സ്വീകരിക്കുന്നതിനും എന്റെ സ്രഷ്ടാവിന്റെ കല്‍പനകള്‍ അനുസരിച്ചും മാനവ സേവയിലായി ജീവിതം ചെലവഴിക്കാനുള്ള യഥാര്‍ത്ഥ ശേഷി എനിക്ക് ലഭിക്കുന്നതിനും അല്ലാഹുവിനോട് പ്രാര്‍ത്ഥിക്കണമെന്ന് എല്ലാ സഹോദരി സഹോദരന്മാരോടും അഭ്യര്‍ത്ഥിക്കുന്നു. അവസാനമായി, എല്ലാ സഹോദരീ സഹോദരന്മാരോടും പറയാനുള്ളത്… ഇനി മുതല്‍ സിനിമ മേഖലയുമായി ബന്ധപ്പെട്ട് എന്നെ സമീപിക്കരുത് എന്ന് മാത്രമാണ്’
‘എന്റെ ഏറ്റവും സന്തോഷകരമായ നിമിഷം. അല്ലാഹു എന്നെ സഹായിക്കട്ടെ’ എന്ന കുറിപ്പു കൂടി ചേര്‍ത്താണ് ഈ പോസ്റ്റ് സന ഇന്‍സ്റ്റഗ്രാമില്‍ ഷെയര്‍ ചെയ്തത്.
0 Comments