ന്യൂഡൽഹി: രാജ്യത്തെ സ്കൂളുകൾ, കോളജുകൾ എന്നിവ തുറക്കുന്നതിനായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം മാർഗരേഖ പുറത്തിറക്കി. അഞ്ചാംഘട്ട ലോക്ക്ഡൗണ്‍ തുറക്കലിന്റെ ഭാഗമായി സ്കൂളുകൾ തുറന്നാലും ഉടൻ വിദ്യാർഥികളുടെ യാതൊരു തരത്തിലുള്ള മൂല്യനിർണയവും നടത്തരുതെന്നാണു മാർഗരേഖയിൽ പറയുന്നത്.[www.malabarflash.com]
സ്കൂളുകൾ ഒക്ടോബർ 15-ന് ശേഷം തുറക്കുന്ന കാര്യത്തിൽ സംസ്ഥാനങ്ങൾക്ക് തീരുമാനം എടുക്കാമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു. സ്കൂളുകൾ തുറക്കണമെന്ന് നിർബന്ധമില്ലെന്നും ഓണ്‍ലൈൻ ക്ലാസുകൾ തുടരാമെന്നും കേന്ദ്രം വ്യക്തമാക്കി. ഇതിനു പിന്നാലെയാണ് വിദ്യാഭ്യാസ മന്ത്രാലയം മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുള്ളത്.
ഇക്കാര്യത്തിൽ സംസ്ഥാനങ്ങളുടേയതാണ് അന്തിമതീരുമാനം. ഓരോ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും അതത് ഇടങ്ങളിലെ സാഹചര്യത്തിന് അനുസരിച്ച് എസ്ഒപി പുറത്തിറക്കണമെന്നു കേന്ദ്ര മാർഗരേഖയിൽ പറയുന്നു.
വീട്ടിലിരുന്ന് പഠിക്കാൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾക്ക് അനുമതി നൽകണം, സ്കൂളിൽ വരുന്ന വിദ്യാർഥികൾക്കു മാതാപിതാക്കളുടെ സമ്മതപത്രം വേണം, തിരക്കൊഴിവാക്കാൻ കഴിയുന്നവിധം ക്ലാസിലെ ഇരിപ്പിടങ്ങൾ ക്രമീകരിക്കണം, സ്കൂളുകളിൽ പൊതുചടങ്ങുകളോ പരിപാടികളോ സംഘടിപ്പിക്കരുത് എന്നിങ്ങനെ പോകുന്നു മാർഗനിർദേശങ്ങൾ.
എല്ലാ സ്കൂളുകളിലും ശുചിത്വം ഉറപ്പാക്കാൻ കർമസേനകൾ ഉണ്ടാവണമെന്ന് മാർഗനിർദേശങ്ങളിൽ പറയുന്നു. സ്കൂൾ കാന്പസ് മുഴുവൻ ശുചീകരിക്കുകയും അണുനശീകരണം നടത്തുകയും വേണം. ക്ലാസ് മുറികളിൽ വായു സഞ്ചാരം ഉറപ്പാക്കണം. വിദ്യാർഥികൾ സ്കൂളിലേക്ക് വരുന്പോഴും തിരിച്ചു പോകുന്പോഴും ക്ലാസിൽ ഇരിക്കുന്പോഴും സാമൂഹ്യ അകലം ഉറപ്പാക്കണം. അക്കാദമിക് കലണ്ടറിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തണമെന്നും നിർദേശമുണ്ട്.
0 Comments