അബുദാബി: അബുദാബിയിലെ ആദ്യ ഹൈന്ദവ ക്ഷേത്രം നിര്‍മിക്കുന്ന ബാപ്‍സ് സ്വാമിനാരായണ്‍ സന്‍സ്ഥ പ്രതിനിധികളുമായി യുഎഇ വിദേശകാര്യ - അന്താരാഷ്‍ട്ര സഹകരണ മന്ത്രി ശൈഖ് അബ്‍ദുല്ല ബിന്‍ സായിദ് അല്‍ നഹ്‍യാന്‍ കൂടിക്കാഴ്‍ച നടത്തി.[www.malabarflash.com]
ക്ഷേത്ര നിര്‍മാണ പുരോഗതി സംബന്ധിച്ച് ശൈഖ് അബ്‍ദുല്ല, പൂജ്യ ബ്രഹ്‍മവിഹാരി സ്വാമിയുമായി ചര്‍ച്ച ചെയ്‍തു. കഴിഞ്ഞ ഏപ്രിലില്‍ തറക്കല്ലിട്ട ക്ഷേത്രത്തിന്റെ നിര്‍മാണം ഡിസംബറിലാണ് തുടങ്ങിയത്.
പദ്ധതിയെ യുഎഇയ്ക്ക് വേണ്ടിയുള്ള ദീര്‍ഘകാല സംഭാവനയാക്കി മാറ്റാനാണ് ക്ഷേത്ര നിര്‍മാണ സംഘവും ഹിന്ദു സമൂഹവും പരിശ്രമിക്കുന്നതെന്ന് സ്വാമി പറഞ്ഞു. തങ്ങളുടെ പരമ്പരാഗത കലയും വാസ്‍തുവിദ്യയും സംരക്ഷിക്കുന്നതിനുപുറമെ ആയിരക്കണക്കിന് വര്‍ഷങ്ങള്‍ നീണ്ടുനില്‍ക്കുന്ന പുതിയ കലയും പാരമ്പര്യവും സൃഷ്‍ടിക്കുക കൂടിയാണ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയിലെ ക്ഷേത്രങ്ങള്‍ നിര്‍മിച്ചിരിക്കുന്ന അതേ പരമ്പരാഗത രീതിയില്‍ തന്നെയാണ് അബുദാബിയിലെ ക്ഷേത്രവും നിര്‍മിക്കുന്നത്. കൊവിഡ് ഉയര്‍ത്തുന്ന വെല്ലുവിളികള്‍ക്കിടയിലും ഇത്തരമൊരു പദ്ധതി വിശ്വാസവും പ്രതീക്ഷയും പകരുമെന്നും ഇന്ത്യയും യുഎഇയും തമ്മിലുള്ള ബന്ധത്തിന്റെ ആഘോഷവും സമാധാനത്തലേക്കും പുരോഗതിയിലേക്കുമുള്ള ഇരുരാജ്യങ്ങളുടെയും സ്ഥിരോത്സാഹവുമാണ് തെളിയിക്കുന്നതെന്നും സ്വാമി പറഞ്ഞു.
യുഎഇയിലെ ഇന്ത്യന്‍ അംബാസഡര്‍ പവന്‍ കപൂറും കൂടിക്കാഴ്‍ചയില്‍ പങ്കെടുത്തു. ക്ഷേത്ര നിര്‍മാണ പുരോഗതിയില്‍ ശൈഖ് അബ്‍ദുല്ല ബിന്‍ സായിദ് അഭിനന്ദനം രേഖപ്പെടുത്തുകയും യുഎഇ ഉയര്‍ത്തിപ്പിടിക്കുന്ന സഹിഷ്‍ണുതയുടെ മൂല്യങ്ങളെയും ക്ഷേത്ര പദ്ധതിക്കായുള്ള യുഎഇയുടെ പ്രതിജ്ഞാബദ്ധതയും പ്രത്യേകം പരാമര്‍ശിക്കുകയും ചെയ്‍തതായി ഭാരവാഹികള്‍ അറിയിച്ചു. ക്ഷേത്ര ഗോപുരത്തിന്റെ രൂപം ആലേഖനം ചെയ്‍ത ഫലകവും ശൈഖ് അബ്ദുല്ലക്ക് സമ്മാനിച്ചു.
0 Comments