NEWS UPDATE

6/recent/ticker-posts

യുവാവിനെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സൂചന

താനൂര്‍: യുവാവിനെ കുളത്തില്‍ വീണു മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സൂചന. കഴിഞ്ഞ വ്യാഴാഴ്ചയാണ് ബേപ്പൂര്‍ സ്വദേശിയായ പറമ്പത്ത് വീട്ടില്‍ വൈശാഖി(27)നെ താനൂര്‍ പിവിഎസ് തിയേറ്ററിനു സമീപത്തെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.[www.malabarflash.com] 

കുളത്തില്‍ നിന്ന് മൃതദേഹം പുറത്തെടുത്തപ്പോള്‍ വൈശാഖിന്റെ ശരീരത്തില്‍ പരിക്കുകള്‍ ഉണ്ടായിരുന്നില്ല. അതിനാല്‍ അബദ്ധത്തില്‍ കുളത്തില്‍ വീണ് മരിച്ചതാണെന്ന നിഗമനത്തിലായിരുന്നു പോലീസ്. എന്നാല്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലെ പോസ്റ്റ്‌മോര്‍ട്ടത്തില്‍ ആന്തരിക പരിക്കുകള്‍ കണ്ടെത്തുകയായിരുന്നു. സംഭവത്തില്‍ ദുരൂഹത തോന്നിയതിനാല്‍ നടത്തിയ അന്വേഷണത്തിലാണ് കൊലപാതകമാണെന്ന് സൂചന നല്‍കുന്നത്.

മലപ്പുറം ജില്ലാ പോലീസ് മേധാവി യു അബ്ദുല്‍ കരീമിന്റെ നിര്‍ദേശപ്രകാരം തിരൂര്‍ ഡിവൈഎസ്പി സുരേഷ് ബാബു സംഭവസ്ഥലം സന്ദര്‍ശിച്ചു. ഡോഗ് സ്‌ക്വാഡ്, വിരലടയാള വിദഗ്ധര്‍, സയന്റിഫിക് വിഭാഗം എന്നിവരും അന്വേഷണത്തിന്റെ ഭാഗമായി താനൂരിലെത്തി.

ആശാരിപ്പണിക്കായി താനൂരില്‍ എത്തിയതായിരുന്നു യുവാവ്. പിവിഎസ് തിയേറ്റര്‍ പരിസരത്തെ സ്ഥാപനത്തിലാണ് ഇയാള്‍ ജോലിചെയ്തിരുന്നത്. ഇതിന് സമീപത്തെ ഉപയോഗശൂന്യമായ കുളത്തില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.

വ്യാഴാഴ്ച രാവിലെ വീട്ടുകാര്‍ ഫോണില്‍ വിളിച്ചിട്ടും ലഭിക്കാതിരുന്നതിനാല്‍ താനൂരിലെ സുഹൃത്തുക്കളെ വിവരമറിയിക്കുകയായിരുന്നു. തെരച്ചിലിനൊടുവില്‍ കുളക്കടവില്‍ നിന്നും മൊബൈല്‍ ഫോണ്‍ ലഭിച്ചതോടെ കുളത്തില്‍ പരിശോധിച്ചപ്പോഴാണ് വൈശാഖിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ലഭിച്ചിട്ടുള്ള പ്രാഥമിക വിവരങ്ങളിലൂടെ അനുമാനിക്കുന്നത് കൊലപാതകമാണെന്നാണ്. ആയതിനാല്‍ കൃത്യമായ രീതിയില്‍ വേഗത്തില്‍ അന്വേഷണം നടത്തി പ്രതികളെ പിടികൂടുമെന്ന് താനൂര്‍ സിഐ പി പ്രമോദ് അറിയിച്ചു.

Post a Comment

0 Comments