NEWS UPDATE

6/recent/ticker-posts

അണ്‍ലോക്ക് 5: തിയേറ്ററുകളും പാര്‍ക്കുകളും ഉപാധികളോടെ തുറക്കാം; സ്‌കൂളുകള്‍ക്കുള്ള ഉപാധികള്‍ ഇങ്ങനെ

കേന്ദ്ര സര്‍ക്കാര്‍ അണ്‍ലോക്ക് അഞ്ചാം ഘട്ടത്തിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി. പുതുക്കിയ മാനദണ്ഡങ്ങള്‍ പ്രകാരം കണ്ടെയ്ന്‍മെന്റ് സോണിന് പുറത്തുള്ള തിയേറ്ററുകള്‍ക്കും മള്‍ട്ടിപ്ലക്‌സുകള്‍ക്കും തുറന്ന് പ്രവര്‍ത്തിക്കാം.[www.malabarflash.com]

ഒക്ടോബര്‍ 15 മുതല്‍ 50 ശതമാനം സീറ്റ് കപ്പാസിറ്റിയോടെ സിനിമാശാലകള്‍ തുറക്കാമെന്നാണ് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്.

സ്‌കൂളുകളും കോളേജുകളും ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഘട്ടം ഘട്ടമായി തുറക്കാനാണ് തീരുമാനം. പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനങ്ങള്‍ സംസ്ഥാനങ്ങള്‍ക്കെടുക്കാം. പക്ഷെ സംസ്ഥാന ഉന്നത വിദ്യാഭ്യാസ വകുപ്പുകള്‍ മാതാപിതാക്കളുടേയും വിദ്യാര്‍ത്ഥികളുടേയും അനുമതി വാങ്ങണം. 

ഓണ്‍ലൈനായി പഠനം തുടരാന്‍ ആഗ്രഹിക്കുന്നവരെ അതിന് അനുവദിക്കണം. സ്‌കൂളില്‍ വരാന്‍ താല്‍പര്യം കാണിക്കാത്ത കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസ് ഒരുക്കണം. കുട്ടികളെ നേരിട്ട് ക്ലാസില്‍ പങ്കെടുപ്പിക്കുന്നതിന് മുന്‍പ് മാതാപിതാക്കളില്‍ നിന്ന് സമ്മതപത്രം എഴുതി വാങ്ങണം. ഹാജര്‍ നിര്‍ബന്ധിക്കാനും പാടില്ല. വിദ്യാഭ്യാസ വകുപ്പ് നിര്‍ദ്ദേശിക്കുന്ന നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിച്ചുകൊണ്ടാകണം ക്ലാസ് എന്നും കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവില്‍ വ്യക്തമാക്കുന്നു.

ബിസിനസ് ടു ബിസിനസ് എക്‌സിബിഷനുകള്‍ കണ്ടെയ്ന്‍മെന്റ് സോണിന് പുറത്ത് നടത്താവുന്നതാണ്. എല്ലാ വിധ ജനക്കൂട്ടങ്ങള്‍ക്കും 200 പേരെ അനുവദിച്ചിട്ടുണ്ട്. അടച്ചിട്ട ഒരു ഹാളിനകത്ത് പ്രവേശിക്കാവുന്നവരുടെ കണക്കാണിത്. അടച്ചിട്ട മുറിയില്‍ കൊള്ളാവുന്നതിന്റെ 50 ശതമാനത്തില്‍ കൂടുതല്‍ പേര്‍ ഉണ്ടാകരുതെന്ന് കര്‍ശന നിര്‍ദ്ദേശമുണ്ട്.

ശാസ്ത്ര വിഷയങ്ങളില്‍ പിജി, പിഎച്ച്ഡി ചെയ്യുന്നവര്‍ക്ക് ലാബ് ചെയ്യാനുള്ള അവരം ഒക്ടോബര്‍ 15 മുതല്‍ സജ്ജീകരിക്കണം. കേന്ദ്ര സര്‍വ്വകലാശാലകളില്‍ വകുപ്പ് മേധാവികള്‍ക്ക് ഇക്കാര്യത്തില്‍ തീരുമാനമെടുക്കാം.

നീന്തല്‍ക്കുളങ്ങള്‍ കായിക താരങ്ങള്‍ക്ക് പരിശീലനത്തിന് ഉപയോഗിക്കാം. തുറസായ ഇടങ്ങളില്‍ മൈതാനത്തിന്റെ വലുപ്പം അനുസരിച്ച് ആളുകളെ അനുവദിക്കാം.

Post a Comment

0 Comments