NEWS UPDATE

6/recent/ticker-posts

യു.പിയിൽ കാണാതായ പെൺകുട്ടിയുടെ മൃതദേഹം വികൃതമാക്കപ്പെട്ട നിലയിൽ; ബലാൽസംഗമെന്ന്​ കുടുംബം

ലഖ്​നൗ: സെപ്റ്റംബർ 26ന് ഉത്തർപ്രദേശിലെ കാൺപൂർ ദേഹാത് ജില്ലയിലെ ഗ്രാമത്തിൽ നിന്ന്​ കാണാതായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ മൃതദേഹം വയലിൽ വികൃതമാക്കപ്പെട്ട നിലയിൽ കണ്ടെത്തി.[www.malabarflash.com]

സംഭവത്തിൽ പെൺകുട്ടിയുടെ ബന്ധുക്കളായ രണ്ടുപേരെ അറസ്റ്റ് ചെയ്തതായി പോലീസ് പറഞ്ഞു. പെൺകുട്ടി ബലാൽസംഗം ചെയ്യപ്പെട്ടതായി ബന്ധുക്കൾ ആരോപിച്ചു. യുപിയിലെ ഹാത്രാസിൽ 20 കാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിന്റെ നടുക്കം വിട്ടുമാറുംമുമ്പാണ്​ പുതിയ സംഭവം റിപ്പോർട്ട്​ ചെയ്​തിരിക്കുന്നത്​.

കൊലപാതകത്തിന് മുമ്പ് മകളെ ബലാൽസംഗം ചെയ്​തതായി കുട്ടിയുടെ മാതാപിതാക്കൾ പറയുന്നു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചതായും കുറ്റകൃത്യത്തെക്കുറിച്ച് കൂടുതൽ അന്വേഷിക്കുമെന്നും പോലീസ് പറഞ്ഞു. 

പട്ടികജാതി വിഭാഗത്തിൽപെട്ട പെൺകുട്ടിയാണ്​ കൊല്ലപ്പെട്ടത്​. തങ്ങളുമായി ഭൂമി തർക്കമുണ്ടായിരുന്ന ആളുകളിൽപെട്ടവർ മകളെ തട്ടിക്കൊണ്ടുപോയി കൊന്നതായി പെൺകുട്ടിയുടെ പിതാവ് പരാതി നൽകിയതായും സംഭവത്തിൽ രണ്ടുപേരെ അറസ്റ്റ് ചെയ്​തതായും ദേഹാത് പോലീസ് സൂപ്രണ്ട് കെ.കെ. ചൗധരി പറഞ്ഞു.

സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ തടയാൻ കഴിയാത്തതിന്റെ പേരിൽ സമ്മർദ്ദത്തിലാണ്​ യു.പിയിലെ ഭരണകക്ഷിയായ ബിജെപി. ഹാത്രാസ് കേസിന് ശേഷം സംസ്ഥാനത്ത് നിന്ന് സ്​ത്രീകൾക്കെതിരായ രണ്ട് ആക്രമണങ്ങളും ബലാൽസംഗങ്ങളും റിപ്പോർട്ട് ചെയ്​തിരുന്നു.

Post a Comment

0 Comments