കോട്ടയം: മോട്ടോർ വാഹനവകുപ്പ് അന്യായമായി വാഹനങ്ങൾക്ക് പിഴ ചുമത്തുന്നതായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന ഓഡിയോ സന്ദേശങ്ങൾ വ്യാജമെന്ന് എൻഫോഴ്സ്മെൻറ് ആർ.ടി.ഒ പറഞ്ഞു.[www.malabarflash.com]
കോവിഡ് -പശ്ചാത്തലത്തിൽ മാർച്ച് മുതൽ വാഹന പരിശോധനകൾ കാര്യക്ഷമമായി നടക്കാതിരുന്നത് പുനരാരംഭിക്കുക മാത്രമാണ് ചെയ്തിരിക്കുന്നത്. സാമൂഹിക അകലം പാലിച്ച് വാഹന പരിശോധന നടത്താൻ ഉതകുന്നതരത്തിൽ ഇ-ചെലാൻ എന്ന ഡിജിറ്റൽ ആപ്ലിക്കേഷൻ മോട്ടോർ വാഹനവകുപ്പ് മൂന്നുമാസം മുമ്പ് പ്രാവർത്തികമാക്കിയത് മുതൽ വാഹന പരിശോധന കർശനമായി നടന്നുവരുന്നുണ്ട്.
ഈ സാങ്കേതികവിദ്യ ഉപയോഗിച്ച് വാഹനങ്ങളുടെ ഫോട്ടോ, നിയമലംഘനങ്ങളുടെ ഫോട്ടോ എന്നിവ സഹിതം വാഹന യാത്രക്കാരെ ബുദ്ധിമുട്ടിക്കാതെ തന്നെ പരിശോധന നടത്താം. മുമ്പ് തെളിവുകളുടെ അഭാവത്തിൽ കേസ് രജിസ്റ്റർ ചെയ്യാൻ സാധിക്കാതിരുന്ന പല നിയമലംഘനങ്ങളും ഇപ്പോൾ പിടികൂടാൻ സാധിക്കുന്നുണ്ട്.
പുതിയ സംവിധാനം വഴി വാഹനങ്ങളിലെ അനിയന്ത്രിതമായതും അമിതമായതുമായ മോഡിഫിക്കേഷനുകൾക്കെതിരെയും കേെസടുക്കുന്നുണ്ട്. ഇത്തരം മാറ്റങ്ങൾ ചെയ്തുനൽകുന്ന സ്ഥാപനങ്ങളും വ്യക്തികളുമാണ് മോട്ടോർവാഹന വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ വ്യാജപ്രചാരണം നടത്തുന്നത്. ഇത്തരക്കാർക്കെതിരെ നിയമനടപടി സ്വീകരിക്കും.
മോട്ടോർ വാഹന വകുപ്പിലെ ഉദ്യോഗസ്ഥർക്ക് 30 ശതമാനം കമീഷൻ ലഭിക്കുമെന്നത് വ്യാജപ്രചാരണമാണ്. അന്യായമായി പിഴചുമത്തി എന്ന് പരാതി ഉണ്ടെങ്കിൽ സമീപിക്കാമെന്നും എൻഫോഴ്സ്മെൻറ് ആർ.ടി.ഒ ടോജോ എം.തോമസ് അറിയിച്ചു.
0 Comments