ലക്നോ: ഹത്രാസ് പെൺകുട്ടിക്ക് നീതി ഉറപ്പാക്കും വരെ പോരാട്ടം തുടരുമെന്ന് എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ഹത്രാസിൽ പീഡനത്തിനിരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ കുടുംബാംഗങ്ങളെ സന്ദർശിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പ്രിയങ്ക.[www.malabarflash.com]
രാഹുൽ ഗാന്ധിയും പ്രിയങ്കയോടൊപ്പം കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചു. പെണ്‍കുട്ടിയുടെ കുടുംബത്തെ സംരക്ഷിക്കേണ്ടത് യുപി സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണെന്നും ഒരു ശക്തിക്കും ഹത്രാസ് പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ ശബ്ദം ഇല്ലാതാക്കാനാവില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
രാഹുലിനും പ്രിയങ്കയ്ക്കും ഒപ്പം അധിർരഞ്ജനും കെ.സി. വേണുഗോപാലും ഉണ്ടായിരുന്നു. ഉത്തർപ്രദേശ് പോലീസിന്റെ അനുമതിയോടെയാണ് രാഹുലും പ്രിയങ്കയും ഹത്രാസ് പെൺകുട്ടിയുടെ വീട്ടിലെത്തിയത്.
ഹത്രാസ് പെൺകുട്ടിയുടെ വീട്ടിലേക്ക് തിരിച്ച കോൺഗ്രസ് സംഘത്തെ ഡല്‍ഹി-നോയിഡ പാതയിലെ ടോൾ ഗേറ്റിനോട് ചേർന്ന് ബാരിക്കേഡുകള്‍ തീര്‍ത്ത് വന്‍ പോലീസ് സന്നാഹം തടഞ്ഞിരുന്നു. ഇരുവർക്കുമൊപ്പം കോണ്‍ഗ്രസിന്റെ 30 ലേറെ എംപിമാരും നേതാക്കന്മാരും എത്തിയിരുന്നു. കോൺഗ്രസിന്റെ ആയിരക്കണക്കിന് പ്രവർത്തകരും സ്ഥലത്തെത്തിയിരുന്നു.
പോലീസിനേയും അര്‍ധസൈന്യത്തേയും വിന്യസിച്ചിരുന്നെങ്കിലും പ്രവര്‍ത്തകരുടെ പ്രതിഷേധം കണക്കിലെടുത്ത് കൂടിയാണ് നേതാക്കളെ കടത്തിവിട്ടത്. കനത്ത പോലീസ് സന്നാഹമാണ് മേഖലയിൽ പോലീസ് ഒരുക്കിയിരിക്കുന്നത്.
പ്രിയങ്ക ഗാന്ധി ഓടിച്ച കാറിലാണ് രാഹുല്‍ ഗാന്ധി നോയിഡ അതിര്‍ത്തിയിലെത്തിയത്. ഹാത്രാസിലെ കുടുംബത്തെ സന്ദര്‍ശിക്കുന്നതില്‍ നിന്നും തന്നെ തടയാന്‍ ഒരു ശക്തിക്കും സാധിക്കില്ലെന്നും കുടുംബത്തെ കണ്ടിരിക്കുമെന്നും രാഹുല്‍ പറഞ്ഞിരുന്നു.
രാഹുലിനും പ്രിയങ്കയ്ക്കും പുറമേ മറ്റ് മൂന്നു നേതാക്കൾക്കുമാണ് ഹത്രാസിലേക്ക് പോകാൻ അനുമതി നൽകിയത്.
ഹത്രാസ് പെൺകുട്ടിയുടെ വീട് സന്ദർശിക്കാനെത്തിയ രാഹുലിനെയും പ്രിയങ്കയെയും കഴിഞ്ഞ ദിവസവും യുപി പോലീസ് തടഞ്ഞിരുന്നു. പിന്നീട് അറസ്റ്റ് ചെയ്തശേഷം ഇരുവരെയും വിട്ടയക്കുകയായിരുന്നു.
0 Comments